“ഫലിച്ചിതോ സഖി, നിന്റെ പ്രയത്നവല്ലരി, രസം
കലർന്നിതോ ഫലം, ചൊൽക കനിയായിതോ?.. “
കാവ്യകൈരളിക്ക് വരികളിലൂടെ കാൽപ്പനിക ഭംഗി ചാർത്തിയ മഹാകവി കുമാരനാശാന്റെ കൃതി “കരുണ”. വഞ്ചിപ്പാട്ടിന്റെ താളത്തിൽ നതോന്നതാ വൃത്തത്തിൽ കുറിക്കപ്പെട്ട കരുണ.
വിഷയസുഖം നൽകാൻ വിധിക്കപ്പെട്ട മാദകാംഗി വാസവദത്തയുടെ… ബുദ്ധഭിക്ഷു ഉപഗുപ്തന്റെ കഥ മഹാകവി കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യം കരുണ. യമുനാനദി തീരത്തെ പുരാതന നഗരം ഉത്തരമഥുരാപുരി കവിതാഭൂമി. സ്വപ്‌ന സുന്ദരിയായ വാസവദത്തയ്ക്ക് ബുദ്ധഭിക്ഷുവായ ഉപഗുപ്തനോട് പ്രത്യേക ഇഷ്ട്ടം തോന്നുന്നു. ഉപഗുപ്തനെ പലവട്ടം ദൂതു വിട്ടു ക്ഷണിക്കുമ്പോഴെല്ലാം ഉപഗുപ്തന്‍റെ മറുപടി “സമയമായില്ല “. ഋതുക്കൾ മാറിമറിഞ്ഞ ഒരുനാളിൽ കുറ്റകൃത്യം ആരോപിക്കപ്പെട്ടവൾ. ശിക്ഷിക്കപ്പെട്ട് കൈകാലുകള്‍ അറുത്തു മാറ്റപ്പെട്ട് ശ്മശാനത്തില്‍ ഉപേക്ഷിക്കപ്പെട്ട വാസവദത്തയെ ഉപഗുപ്തന്‍ സന്ദര്‍ശിക്കുന്നതും, കരുണാപൂർവ്വം ബുദ്ധദർശനങ്ങൾ ഉരുവിട്ട് കേൾപ്പിക്കുന്നതും അത് കേട്ട്കൊണ്ട് വാസവദത്ത മൃത്യു പോകുന്നതും കവിതാന്ത്യത്തിൽ..
പാഠശാലകളിൽ അനേകം തലമുറ കേട്ടു പഠിച്ച പാഠഭാഗം ഈ കവിത.
ഉൽകൃഷ്ട്ട സാഹിത്യോപാസകരായ മലയാളി സമൂഹം നെഞ്ചേറ്റി ലാളിച്ച കരുണക്ക് വെള്ളിത്തിരയിലും സാക്ഷാത്ക്കാരം. ദേവികയെ യും മധുവിനെയും നായികാ നായകരാക്കി വൈക്കം ചന്ദ്രശേഖരൻ നായർ തിരക്കഥയൊരുക്കി കരുണ സിനിമ ടാക്കീസുകളിൽ.
പിന്നീട് കൊല്ലം കാളിദാസ കലാകേന്ദ്രം നാടകാവിഷ്കാരവും.
സിനിമയിൽ സംഗീതമൊരുക്കിയ ഒഎന്‍വി-ദേവരാജന്‍ ടീമിന്റെ . സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഈ നാടകത്തിലും. കാളിദാസ കലാകേന്ദ്രസാരഥി ഇ.എ. രാജേന്ദ്രന്റെ നാടകത്തിന്റെ രചന നിർവ്വഹിച്ചത് സംസ്ഥാന പ്രഫഷനല്‍ നാടക അവാര്‍ഡു ജേതാവ് ഹേമന്ത് കുമാര്‍. ഒട്ടേറെ വീഥികളിലൂടെ സ്റ്റേജ് ആർട്ട് രൂപത്തിലും മലയാളി ആസ്വദിച്ചു ആശാന്റെ കരുണ.
കുമാരനാശാന്റെ കരുണയിലെ വരിഭംഗിയും അന്ത:സത്തയും ഉള്‍ക്കൊണ്ട് നവമാധ്യമ നാളുകളിൽ ഒരുങ്ങിയത് ഒരു മ്യൂസിക് വീഡിയോ ‘കാമിതം’ എന്ന നാമത്തിൽ. മോഹൻലാൽ, നടി അപർണ ബാലമുരളി, സംഗീത സംവിധായകൻ ശരത് എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ” കാമിതം ” പുറം ലോകം അറിഞ്ഞ് ആസ്വദിച്ചത് . മഹാകവിയുടെ മികച്ച രചനകൾക്ക് ആദരവോടെ പുത്തൻ തലമുറ.
” ‘സമയമായില്ല’പോലും ‘സമയമായില്ല’പോലും
ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു തോഴി … “
നല്ല ലേഖനം. ആശംസകൾ