ഉടലിനുമുൻപേ
മനസ്സിറങ്ങി നടന്നുകഴിഞ്ഞിരുന്നു.
സ്വർണ്ണക്കണികകൾ മഞ്ഞിൽ
വിതറിയിറങ്ങിയ
വഴിവിളക്കുകളാണിരുവശവും
കട്ടിയുള്ള കോടമഞ്ഞിലും
അച്ചുകുത്തപ്പെട്ട്
മനഃപാഠമായ വഴികൾ!
കുളിരിനെ ആവാഹിച്ചു
രോമാഞ്ചമണിയുന്നതിരക്കിലാണ്
രോമകൂപങ്ങൾ.
മൂടിതുറന്ന തലച്ചോറിലെ
ആറ്റങ്ങളായി
കാക്കത്തൊള്ളായിരം
ചിന്തകൾ തിരക്കിട്ടു പിന്നിലേക്കും ,
ഇടവഴികൾ കടന്നു
മുന്നിലെ ആൾക്കൂട്ടത്തിലേക്കും
പിന്നെ നാലുവശവും
ചിന്നിച്ചിതറി പാഞ്ഞുപോയി.
പിറകോട്ടു നോക്കി
മുന്നോട്ടുപോകുന്ന
തീവണ്ടിയാത്രക്കാരിയുടെ
അനുസരണയില്ലാത്ത മുടിപോലെ.
സാധ്യതയില്ലാത്ത
ഭാഗ്യക്കടയിലെ പ്രതീക്ഷകളിലേക്ക്,
അവസാനിക്കാത്ത
അന്യായങ്ങളിൽ
നേർത്തുപോയ നന്മയുടെ നൂൽബന്ധങ്ങളിലേക്ക്
പലകുറി തുറന്നടച്ച
കണക്കൂ കൂട്ടലുകളിലെ
ഉത്തരമില്ലാത്ത ചോദ്യങ്ങളിലേക്ക്,
മരണത്തിന്റെ ഇറങ്ങിപ്പോകലുകൾ
നിറച്ച ശൂന്യതകളിലേക്ക്,
കെട്ടികിടന്ന അപേക്ഷകളുടെ
ഫയൽ പൊടിതട്ടിയെടുത്തു
തുറന്നുവെച്ച ദൈവത്തിന്റെ മേശപ്പുറത്തേക്ക്,
വീണുപോയേക്കാമായിരുന്നിട്ടും
വീഴിക്കാതെ പുറംതള്ളിയ
ഇരുണ്ട ഗർത്തങ്ങളിലേക്ക്,
മാറ്റിനിർത്തിയവരെ കൂടെകൂട്ടി
അഭിമാനമാക്കിയ
ജീവിതത്തിന്റെ കിതപ്പിലേക്ക്,
താനറിയാതെ പാഞ്ഞുപോയ
ആയുസിനെ തിരിച്ചെടുക്കാൻ
പണിപ്പെടുന്ന പ്രണയത്തിന്റെ
താക്കോൽപ്പഴുതിലേക്ക്,
ഇരുപ്പുറക്കാതെ തെറിച്ചുപോകുന്ന നിമിഷങ്ങളുടെ ഇരിപ്പിടങ്ങളിൽ
ഇരുപ്പുറപ്പിച്ച ദീനങ്ങളിലേക്ക്,
കൂട്ടുകൂടലിന്റെ
കെട്ടിപ്പിടുത്തങ്ങളിലെക്ക്
കൊടുക്കൽവാങ്ങലുകളിലേക്ക്,
മുന്നിലെക്ക് പാഞ്ഞുപോയ
ചിന്തകളൊക്കെയും
അപ്പോഴും വഴിമുട്ടി ഇടവഴിയിൽ
മനസ്സിനും ഉടലിനുമായി
കാത്തുനിന്നിരുന്നു….
റാണി സുനിൽ.
ഇംഗ്ലണ്ട്.
Rani, well done. Keep it up. I am proud of you.
Beautiful line 😍