ചന്ദ്രിക കുമാർ
ചിത്തം ആലോലമാടുന്നു …
നിശ്ചിതപഥത്തിൽനിന്നും
ചിന്തകൾ വ്യതിചലിക്കുന്നു
ദിവ്യമോ അജ്ഞാതമോ ആയ
വിവിധ രേണുക്കളവയെ പുണർന്ന്
അചിന്ത്യ ഗർത്തത്തിലേക്ക് നയിക്കുന്നുവോ
അറിയുന്നു ഞാൻ ഇനിയും
വരാനിരിക്കുന്ന ഭീതിത
ചിന്തകൾക്കീ ചിത്തം ഗർഭപാത്രം
ദേഷ്യവും സ്നേഹവും വേദനയും പുഞ്ചിരിയും
നിറഞ്ഞോരെൻ ചിന്തകൾ
എന്തിനെന്നറിയാതെ ദ്രുതഗതിയിൽ
പാഞ്ഞിടുന്നതെന്തേ ??
വരാനിരിക്കുന്ന വിപത്തിൻ
ഭയമോ
കഴിഞ്ഞുപോയ വേദനകൾ
തൻ ആശ്വാസമോ
എന്തിനെന്നറിയാതെ അവ
ചിത്തത്തെ ആലോലമാട്ടുന്നു
എങ്കിലോ കാണ്മൂ ഞാൻ
കൂരിരുട്ടിലുമൊരു
പ്രകാശ കിരണം അകലെ
ആ ഗഹനമാം വിസ്മയത്തിന്
കീഴടങ്ങുന്നുവോ എന്മനം ??
സാന്ത്വനത്തിന്റെ പ്രകാശനാളം
ഭയത്തിന്റെ
അനിശ്ചിതത്വത്തിന്റെ
ഇരുട്ടിനെ ഭേദിച്ചു മുന്നേറുമ്പോൾ
അറിയുന്നു ഞാൻ
ചിന്തകൾക്ക്
കടിഞ്ഞാൺ വീഴുന്നു
മനോഹരമായ രചന
അവസാനെത്തെ വരികൾ ഏറെ ഇഷ്ടമായി
സാന്ത്വനത്തിന്റെ ……….. കടിഞ്ഞാൺ വീഴുന്നു
അഭിനന്ദനങ്ങൾ ചേച്ചൂ❤️❤️❤️