എനിക്കായ് പൂക്കുകയും കായ്ക്കുകയും ചെയ്തിരുന്ന വഴിയരികിലെ മാവിനോട് എന്നും പ്രണയമായിരുന്നു…
മഴയത്തു കുട ചൂടിയാലും പകുതിയോളം നനയുകയും വെള്ള
ഉടുപ്പിൽ ചെരുപ്പിൽ നിന്ന് തെറിക്കുന്ന ചെളിയുമായി സ്കൂളിൽ വന്നിരുന്ന ജൂൺ മാസത്തിനോട് ഇപ്പോൾ വല്ലാത്ത പ്രണയം തോന്നുന്നു…
കറുത്ത സ്ലേറ്റിലെ കല്ലുപെൻസിലു കൊണ്ടു കുറിക്കുന്ന അക്ഷരങ്ങളോടും
അത് മായ്ക്കാൻ എനിക്കായ് വഴിയരുകിൽ കാത്ത് നിന്നിരുന്ന മഷി തണ്ടിനോടും പ്രണയമായിരുന്നു….
സ്കൂളിലെ അവസാന മണിയൊച്ച കേൾക്കുമ്പോൾ പൂത്തിരുന്ന നാല് മണിപ്പൂക്കളോടും എന്നും പ്രണയമായിരുന്നു….
ചില്ലു ഭരണിക്കുള്ളിലെ നാരങ്ങാ മുട്ടായികളോടും ,തേൻ മുട്ടായികളോടും,കടലമുട്ടായികളോടും ഗാസ് മുട്ടായികളോടും ,പുളി മുട്ടായികളോടും അടങ്ങാത്ത പ്രണയമായിരുന്നു….
പെറ്റു പെരുകുവാനായ് പുസ്തകത്താളുകളിൽ ഒളിപ്പിച്ചു
വെച്ചിരുന്ന മയിൽപ്പീലി തുണ്ടുകളും എന്നും മോഹിപ്പിച്ചിരുന്നു…
അമ്മ വാഴയിലയിൽ സ്നേഹം കൂട്ടി കെട്ടിത്തന്നിരുന്ന പൊതിച്ചോറിനോടും പ്രണയമായിരുന്നു എന്നും…
പുതുമഴയിൽ നനയുന്ന പൂഴി മണ്ണിന്റെ ഗന്ധം എന്നും മത്തു പിടിപ്പിച്ചിരുന്നു എന്നെ…