ചന്ദ്രിക കുമാർ
കയറുകൊണ്ട് വരിഞ്ഞ ചാർപ്പായി എന്ന പേരിൽ അറിയപ്പെടുന്ന ആ കട്ടിൽ വെയിലത്തേക്ക് മാറ്റി ഇട്ടു ഹാർബൺസ് ലാൽ. അപ്പോഴേക്കും മരുമകൾ ഓടി എത്തി അദ്ദേഹത്തിന്റെ ഹുക്ക മുന്നിൽ എത്തിക്കാൻ.
ഇനിയും ഈ വെയിൽ മങ്ങുന്നത് വരെ വെയിലിന്റെ ഗതിക്കനുസരിച്ചു കട്ടിൽ കുറേശ്ശെയായി നീക്കി നീക്കി അദ്ദേഹം ഒര് ദിവസത്തേക്ക് ആവശ്യമായ വെയിൽ മുഴുവനും കായും.
തൊട്ടപ്പുറത്തു തന്നെ ഭാര്യ കമലേഷും അടുത്ത വീടുകളിലെ രണ്ടു മൂന്നു സമപ്രായക്കാരും ഇരിക്കുന്നു. അവരിൽ ഒരാളുടെ വീട്ടിലേക്ക് വേണ്ടുന്ന 3-4 ഉലുവയിലാകെട്ടുകൾ അവരെല്ലാവരും ചേർന്ന് നേരെയാക്കി എടുക്കുന്നു..അതിനിടെ ഒര് പിച്ചള താലത്തിൽ 5-6 കുഞ്ഞി ഗ്ലാസ്സുകളിൽ ധാരാളം കട്ടി പാൽപ്പാട ചേർത്ത ചായയും കുറെ ആട്ടബിസ്‌ക്കറ്റും കൊണ്ട് വന്നു ഹാർബൻസ് ലാലിനും അപ്പുറത്തിരിക്കുന്ന പ്രായമുള്ള സ്ത്രീകൾക്കും കൊടുത്തു അടുത്ത വീട്ടിലെ ഒര് മരുമകൾ. ബിസ്കറ്റിന്റെ മണം പിടിച്ചോ എന്തോ കുറെ അപ്പുറത്തു കൊത്തം കല്ലാടി കൊണ്ടിരുന്ന പെൺകുട്ടികളും കുട്ടിയും കോലും കളിച്ചോണ്ടിരുന്ന ആൺകുട്ടികളും ഓടി വന്നു “ദാദീ സന്നു വ്വീ ചാഹിയെ ബിസ്‌കൂട് “എന്ന് പറയലും ബിസ്കറ്റ് പ്ലേറ്റ് തുടച്ചു മെറ്റലും ഒപ്പം.
ഇതെല്ലം കണ്ടും കെട്ടും ഒര് ചെറുപുഞ്ചിരിയോടെ കട്ടി മീശയും തടവിക്കൊണ്ട് ഹാർബൺസ് ലാൽ അങ്ങിനെ ഇരുന്നു. ലോഹറി എന്ന ശൈത്യോത്സവം വരാൻ ഇനിയും ഒരാഴ്ചപോലും ഇല്ല. ലോഹടിയെ ചുറ്റിപറ്റി എത്രയെത്ര ഓർമ്മകൾ ! മോഹഭംഗങ്ങൾ ! ഒര് വമ്പിച്ച പാലായനത്തിന്റെ സമ്മിശ്രവികാരഭരിതമായ ഓർമ്മകൾ !
അന്ന് കമലേഷിന് വെറും 15 വയസ്സും തനിക്കു 18 ഉം. അവൾക്കും ഓർമ്മയുണ്ടാവും പതിറ്റാണ്ടുകൾ പുറകോട്ടുള്ള ആ സംഭവങ്ങളും……എല്ലാമെല്ലാം
“ണീ കംലേഷ് ഓയ് ലോഹടി ആൻ വാലി ഹേ ! സടെ പിൻഡ് ദീ യാദ് ആ നഹി രയി തെന്നു ? ( ടീ കമലേഷേ ലോഹടി ഇങ്ങെത്താറായി. നമ്മടെ ഗ്രാമത്തിലെ ഓര്മ്മല് വരുന്നില്ലേ നിനക്ക് ?)”
എന്ന് ഭർത്താവിന്റെ ചോദ്യം കേട്ടപ്പോൾ വാര്ധക്യത്തിന്റെ പടി വാതിൽ എത്തിയങ്കിലും കമലേഷും കൗമാരത്തിലേക്ക് പറന്നു പോയെന്നു തോന്നുന്നു. തുടുത്തമുഖവും വിറയ്ക്കുന്ന ചുണ്ടുകളും നിറഞ്ഞകണ്ണുകളും , എല്ലാം ഓർക്കുന്നു എന്നുള്ള വ്രീളാവിവശമായ ആ നോട്ടവും ഹർബൻസ് നെ വീണ്ടും വര്ഷങ്ങള്ക്കേറെ പുറകിലേക്ക് കൊണ്ടു പോയി.
1942ൽ ആണെന്ന് തോന്നുന്നു അവസാനമായി ആ ഗ്രാമത്തിൽ അന്തി ഉറങ്ങിയത്.
പൂർണ്ണമായും ഒര് കര്ഷകകുടുംബമായിരുന്നു തങ്ങളുടേത്. ലാഹോറിൽ അന്ന് ഇന്ത്യൻ സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ട സമയം.
അടുത്തടുത്തതായി നാലു പുരയിടങ്ങൾ. ഗോതമ്പും ചോളവും തന്നെ മിക്കവരുടെയും കൃഷി. എന്നാൽ ചോളത്തിന് പുറമെ കടുക് കൃഷിയും ശീതകാലത്തു അനിവാര്യമായിരുന്നു. ഹോ ! അമ്മ ചുട്ടെടുത്തിരുന്ന മക്കൈ ദീ റോട്ടി (ചോള ത്തിന്റെ റൊട്ടി ) പിന്നെ സർസോ ദാ സാഗ് (കടുകിലകൊണ്ടുള്ള കറിയും )!!!! ഓർക്കുമ്പോൾ തന്നെ കൊതിയാവുന്നു.
അന്നൊക്കെ നാലുപുരയിടങ്ങളിലെ ആളുകൾ ഒരേ കുടുംബം പോലെ കഴിഞ്ഞിരുന്ന നാളുകൾ. ഞങ്ങൾ കുട്ടികൾ രാവുപകൽ വയലുകളിൽ ആയിരുന്നു. സന്ധ്യയാവുമ്പോൾ എല്ലാവരും വീട്ടിൽ എത്തിക്കോളണം എന്നായിരുന്നു തീരുമാനം. സ്കൂളും പഠിത്തവും ഒന്നും നടന്നില്ല. രാവിലെ കുളിയും മറ്റും കഴിഞ്ഞാൽ ചാണകം മെഴുകിയ മുറ്റത്തിട്ട തടുക്കിൽ എല്ലാവരും ഇരിക്കും. ഒര് മൗലവി ജി വന്നു എല്ലാവർക്കും അത്യാവശ്യം ഉർദുവും ഗുരുമുഖിയും കണക്കും പഠിപ്പിക്കുമായിരുന്നു.
ഏകദേശം 10 മണിയോട് കൂടി അദ്ദേഹം തിരിച്ചു പോകും. അതുകഴിഞ്ഞാൽ ഓരോ ഗ്ലാസ് പാലോ മോരോ തലേ ദിവസത്തെ ചപ്പാത്തി ചൂടാക്കിയതും കൂടി അകത്താക്കി ഞങ്ങൾ എല്ലാം കളിയ്ക്കാൻ ഇറങ്ങും പെൺകുട്ടികൾ കൂട്ടമായി കൊത്തങ്കൽ അല്ലെങ്കിൽ വട്ടം ചുറ്റി കളിക്കലും ധാരാളം കലാപിലെ സംസാരിച്ചും കഴിഞ്ഞു. തങ്ങൾ ആൺകുട്ടികൾ പന്ത് കളി പട്ടം പറത്തൽ കുട്ടിയും കോലും മറ്റുമായി കളിച്ചു തിമർത്തു. ഇടയ്ക്കു പേരക്കയോ കരിമ്പൊ പച്ചക്കടലയോ ഒക്കെ കിട്ടിയാൽ എല്ലാവരും എവിടെ എങ്കിലും ഒത്തുകൂടി ഇരുന്നു സൊറപറച്ചിലും.
ആ. ദിവസങ്ങളിൽ എപ്പോഴോ കമ്മോ എന്ന് അന്ന് വിളിച്ചിരുന്ന കമലേഷും താനും അടുത്തു. പലപ്പോഴും തങ്ങൾ രണ്ടുപേരും മാറി പോയി കടുക് പാടങ്ങളിലും കരിമ്പിൻ തോട്ടത്തിലും സ്വകാര്യ മായി എന്നാൽ കൂട്ടുകാരുടെ അറിവോടും പിന്തുണയോടും സമയം ചിലവഴിക്കുമായിരുന്നു. അതൊക്കെ സന്തോഷത്തിന്റെ നാളുകൾ ! ബൈസാഖിയും ലോഹടിക്കുമായിരുന്നു ഏറ്റവും രസം. ആ രണ്ടു ഉത്സവങ്ങളും കുട്ടികൾ എല്ലാം മറന്നു ഉല്ലസിച്ചിരുന്നു.
ഒരു ലോഹടി ആഘോഷത്തിനിടയിൽ ആണ് കമലേഷ് ന്റെ വീട്ടുകാർ തൊട്ട ഗ്രാമത്തിലെ സമീന്ദാറിന്റെ മകനുമായി കമലേഷിന്റെ ബന്ധം ഉറപ്പിച്ചത്. മുതിർന്നവർ എല്ലാവരും സന്തോഷത്താൽ പെരുമ്പറ കൊട്ടിയും ന്യത്തം ചവുട്ടിയും സന്തോഷിച്ചപ്പോൾ ഞങ്ങൾ കുട്ടികൾ മ്ളാനമുകരായി ഇരുന്ന ഒരു ലോഹടി !!!
ആരും തങ്ങളെ ശ്രദ്ധച്ചില്ല. പക്ഷെ കമലേഷ് ഓടി തന്റെ വീട്ടിനകത്തേക്ക് പോയതും കട്ടിലിൽ വീണു ഏങ്ങി കരഞ്ഞതും അവളുടെ ഉറ്റ സഖി അർജീത്തിന്റെ ഏടത്തിയമ്മ പുറകെ പോയി കണ്ടപ്പോഴാണ് കാര്യങ്ങൾ അവതാളത്തിൽ ആയത്. പിന്നെ രണ്ടു വീടുകളിലും പോലീസ് നിയമം ആയി. ആരും അന്യോന്യം ഒന്നും പറഞ്ഞില്ല എന്നാൽ യുവതലമുറക്ക് കടുത്ത പ്രതിബന്ധങ്ങൾ ഏർപ്പെടുത്തി. ആൺകുട്ടികളും പെണ്കുട്ടികളും തമ്മിൽ സംസാരിക്കുന്നത് മുതിർന്നവരുടെ കൺ മുന്നിൽ മാത്രം.
ക്രമേണ കാര്യങ്ങൾ കൈവിട്ടു പോയി തുടങ്ങിയപ്പോൾ അവിടെ ലാഹോറിൽ രക്ഷയില്ലാതെ ആയി. ജീവിതത്തിനോടെ മടുപ്പു തോന്നിയ ദിവസങ്ങൾ. അര്‍ജിത് ന്റെ ഏടത്തിയമ്മ മാത്രം അറിഞ്ഞുകൊണ്ടാണ് കമ്മോയോട് പോലും മിണ്ടാതെ വീട് വിട്ടത്. അവരുടെ അകന്ന ബന്ധത്തിൽ ഒരാൾ ദില്ലിയിൽ എരുമപ്പാൽ കച്ചവടം നടത്തിയിരുന്നു. ഇരുപതോളം എരുമകളുള്ള ഒര് വലിയ പുരയിടവും ഒരുപാടു ആൾക്കാർ ള്ള ഒരു വീടും ഉണ്ടായിരുന്നു പഹാഡ് ഗഞ്ചെന്ന ആ പഞ്ചാബി കോളനി യിൽ. അവിടത്തെ മേൽവിലാസവും അമ്പതു ഉറുപ്പികയും കൊണ്ടാണ് 18 വയസ്സിൽ വീട് വിട്ടത്…. ഓർക്കുമ്പോൾ വിശ്വസിക്കാൻ ആവണില്ല അന്നത്തെ ധൈര്യം !!!
സ്വാതന്ത്ര്യ സേനാനികൾക്കൊപ്പം ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചു ലോറികളും. തീവണ്ടികളും കയറി ഒര് പലായനം ആയിരുന്നു അത് !! പലയിടത്തും ഇറങ്ങിയും കയറിയും വിശപ്പും ക്ഷീണവും സഹിച്ചും അതിനിടയിൽ ഒളിച്ചും പതുങ്ങിയും ഇംഗ്ലീഷ് കാരുടെ കണ്ണ് വെട്ടിച്ചും കൂട്ടം തെറ്റിയും മറ്റു പല കൂട്ടങ്ങൾക്കൊപ്പം നീങ്ങിയും അവസാനം ദില്ലിയിൽ എത്തിയത് 15 ദിവസങ്ങൾക്കു ശേഷം.
അതിനുശഷം വീട്ടുകാരോടും ഗ്രാമത്തിലുള്ളവരോടും തികച്ചും അകറ്റപ്പെട്ട ഒര് അവസ്ഥയിൽ മനസ്സ് പുകഞ്ഞപ്പോഴും അർജീത്തിന്റെ ബന്ധു കിർപാൽ സിംഗ് പ്രാജി (കൃപാൽ സിംഗ് ജ്യേഷ്ഠൻ ) ആയിരുന്നു താങ്ങും തണലും.
ആ ഏട്ടന്റെയും കുടുംബത്തിന്റെയും സഹായത്താൽ ആറുമാസം കൊണ്ട് ശരീരവും മനസ്സും വീണ്ടെടുത്തു. അർജീത്തിന്റെ പ്രജായി ജി (ഏടത്തിയമ്മ ) എല്ലാ കാര്യവും വിസ്തരിച്ചു പറഞ്ഞിരുന്നു അവരോടു.
ലാഹോറിലെ ഗ്രാമത്തിന്റെ എല്ലാ ഊഷ്മളതയും സ്നേഹഭാവവും ഈ പഹാട് ഗഞ്ചിൽ കണ്ടപ്പോൾ മനസ്സ് അറിയാതെ ഈ സ്ഥലത്തെ സ്വന്തമാക്കിയതാണ്. അന്ന്മുതൽ സ്വന്തം പരിശ്രമത്തിൽ ജീവിതം കെട്ടിപ്പടുക്കാൻ നിശ്ചയിച്ചു. വാഹെ ഗുരുവിന്റെ അനുഗ്രഹം ഉണ്ടാവാൻ എന്നും യത്നിച്ചു. രണ്ടു മൂന്നു കൊല്ലങ്ങൾ കൊണ്ട് 4 എരുമകളും രണ്ടു പശുക്കളും സ്വന്തമായി. സത്യത്തിനു എതിരായി ഒന്നും ചെയ്തില്ല. സത്യസന്ധമായ രീതിയിൽ പാൽ വില്പന നടത്തി ആദ്യം സൈക്കിളിലും പിന്നെ മോട്ടോർ സൈക്കിളിലും പാലും കൊണ്ട് വീടുകളിലും ചായക്കടകളിലും എത്തിച്ചപ്പോൾ തന്റെ നേരും നെറിവും കാരണം കൂടുതൽ ആദായമേ ഉണ്ടായുള്ളൂ.
സമ്പാദിച്ചു ഇഷ്ടം പോലെ !! പക്ഷെ ആർക്കു വേണ്ടി എന്ന തോന്നൽ മനസ്സമാധാനവും ഉറക്കവും കെടുത്തി. അച്ഛനെയും അമ്മയെയും കൂടെ വളർന്നവരെയും ഒര് നേരം പോലും ഓർക്കാതിരിക്കാനായില്ല. എന്നാൽ ഒര് നിമിഷം പോലും മനസ്സിൽ നിന്ന് മാറിയില്ല കമ്മോ എന്നതാണ് വാസ്തവം. മറ്റൊരാൾ അവളെ സ്വന്തമാക്കിയിട്ടുണ്ടാകും എന്ന ചിന്ത പോലും അസഹ്യമായിരുന്നു
അതിനിടയിൽ ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടി എന്നും , ഗാന്ധിജിയെ ഒര് ഗോട്സെ വെടിവെച്ചു കൊന്നു എന്നുമെല്ലാം ചായക്കടയിൽ പാൽ കൊടുക്കാൻ പോകുമ്പോൾ ആളുകൾ പറഞ്ഞറിഞ്ഞു. ലാഹോർ ഭാഗിക്കപ്പെട്ടുവത്രെ ! കുറെ പേര് പാകിസ്താനിലും കുറെ പേര് ഹന്ദുസ്ഥാനിലും ആയി പ്പോയി എന്നും കേട്ട്. ഞങ്ങടെ ഗ്രാമത്തെക്കുറിച്ചും അവിടെ ഉള്ളവരെ കുറിച്ചും വേവലാതി തോന്നിയത് സത്യത്തിൽ അപ്പോഴായിരുന്നു.
ഒരുദിവസം ഉച്ചക്ക് റൊട്ടി കഴിച്ചു ഉറക്കത്തിൽ ആയിരുന്നപ്പോൾ കൃപാൽ പ്രാജി വന്നു തട്ടി ഉണർത്തി. പുറത്തേക്കു വരാൻ പറഞ്ഞു. വീടിനു മുന്നിൽ ഒര് വലിയ ലോറി വന്നു നിൽക്കുന്നു. തീപ്പെട്ടികൊള്ളി അടുക്കിയപോലെ അതിൽ നിറച്ചും ആളുകൾ ! ഒന്നും മനസ്സിലാവാതെ നിൽക്കുമ്പോൾ പ്രാജി യുടെ മകൻ വന്നു പറഞ്ഞു ” ചാച്ചാജി ത്വാടെ പിൻഡ് ത്തോ ആയെ നീ എ ലോഗ്..തുസ്സി ഒന്നാ ണു മിലോഗേ നയി ? “( ചെറിയച്ഛ നിങ്ങടെ ഗ്രാമത്തിലെ ആൾക്കാരാണ്. അവരെ പോയി കാണുന്നില്ലേ ?).
ആ ഒര് നിമിഷം….. ഇന്നും ദേഹമാകെ കുളിരുകോരി ഇടുന്നു ഓർക്കുമ്പോൾ. ലോറി യിൽ നിന്ന് എന്റെ വീട്ടുകാരും അർജീത്തിന്റെ വീട്ടുകാരും പിന്നെ എന്റെ കമ്മോന്റെ വീട്ടുകരും ഇറങ്ങുന്നു. പലവട്ടം കണ്ണ് തിരുമ്മി തുറന്നു തിട്ടപ്പെടുത്തി സ്വപ്നം അല്ലെന്നു. ഓടി ലോറി നിൽക്കുന്ന സ്ഥലത്തെക്കു. പിന്നെ അങ്ങോട്ട് കെട്ടിപ്പിടിക്കലും അടിയും തള്ളലും കരച്ചിലും പരിഭവവും ആകെ ബഹളം. അർജിത്തിന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് കമ്മോ കല്ലുപോലെ നിൽക്കുന്നു ഒരക്ഷരം മിണ്ടാതെ കണ്ണിൽ നിന്ന് കുടുകുടെ വെള്ളം ഒഴുകുന്നു. എനിക്ക് കരയണോ സന്തോഷിക്കണോ എന്നറിയാത്ത അവസ്ഥ. അതിനിടയിൽ ന്റെ ‘അമ്മയും കമ്മോന്റെ അമ്മയും കൂടി അവളെ പിടിച്ചു വലിച്ചു എന്റെ ടുത്തേക്കൊരു തള്ളൽ… “ലെ തെറി അമാണത് ജിദേ വാസ്തേ തു സന്നു ഛാഡ് കെ ആയാ സീ “( ഇഹ നിന്റെ സ്വത്തു… നീ ഞങളെ ഒക്കെ ഉപേക്ഷിച്ചു പോന്നത് ഇവൾക്ക് വേണ്ടി അല്ലെ ?) എന്നും പറഞ്ഞുകൊണ്ട് !! അവൾക്കു പറഞ്ഞിരുന്ന പയ്യന്റെ വീട്ടുകാർ എന്തോ സ്വത്തു തർക്കമോ സ്ത്രീധന പ്രശ്നമോ കാരണം കാലുമറിയെന്നു പിന്നീട് അർജീത് പറഞ്ഞറിഞ്ഞു
പിന്നെ കരച്ചിലിനും പരിഭവങ്ങൾക്കും ഇടയിലും പൊട്ടിച്ചിരി ഉയർന്നു……………
അറിയാതെ ഹർബൺസ് ലാൽ ഉറക്കെ ചിരിച്ചുപോയി. എല്ലാരും എന്ത് പറ്റി എന്ന് കരുതി. ഓടി എത്തിയപ്പോൾ കമലേഷ് എന്ന കമ്മോ മാത്രം ഒര് ചെറു ചിരിയോടെ… തൂസ്സി ഫിർ ചലേ ഗയേ ജാദൊന് അസ്സി സിന്ദഗി ശുരു കിത്തെ സീ ??( നിങ്ങൾ പിന്നേം നമ്മൾ ജീവിതം തുടങ്ങിയ ആ വേളയിലേക്കു പോയി അല്ലെ ? ) എന്നും പറഞ്ഞു വീട്ടിനകത്തു പോയി കുറെ ഗാജർ ഹൽവയും കൊണ്ട് വന്ന് എല്ലാർക്കും കൊടുത്തു. “സബ് ലോഗ് മൂഹ് മീട്ടാ കാർ ലിയോ ജി ആജ് സടെ ബ്യാഹ് ദാ സാൽഗിര ഹേ” എന്നും പറഞ്ഞു !! ഞങ്ങടെ കല്യാണത്തിന്റെ വാർഷികമാണിന്നു എന്ന് ഞാൻ മറന്നിരുന്നു. എന്റെ കമ്മോ ഓർത്തുവെച്ചു എനിക്കേറെ ഇഷ്ടമുള്ള ഗാജര്‍ ഹൽവ ഉണ്ടാക്കി എല്ലാ വർഷത്തെയും പോലെ…
സ്നേഹവും സാന്ത്വനവും ചെറിയ പിണക്കങ്ങളും ഇണക്കവും കൊണ്ട് നെയ്തെടുത്ത ഒരു വര്ഷം കൂടി !! വാഹെ ഗുരു ഇനിയും വർഷങ്ങൾ ഇതുപോലെ അനുഗ്രഹം ചൊരിയണെ എന്ന് മാത്രമെ പ്രാർത്ഥനയുള്ളു 🙏🙏
ചന്ദ്രിക കുമാർ
NB-(1970 കളിലേ അവസാനം ദില്ലിയിലെ ഒര് പഞ്ചാബി കുടുംബത്തിലെ ജീവിതത്തിൽ നിന്നൊരേട്, അവരുടെ മുൻകാല ചരിത്രവും ചേർത്ത് മെനഞ്ഞെടുത്തത്…..ദില്ലിയിലെ പല പഞ്ചാബി കുടുംബങ്ങളുമായി ചെറുപ്പം തൊട്ടേ സഹവാസവും സൗഹൃദവും പുലർത്തുന്ന കാരണത്താൽ പലരും പറഞ്ഞിരുന്ന കാര്യങ്ങൾ സ്വരൂപിച്ച് ഒരു കഥാരൂപം കൊടുത്തതാണ്)

♥♥ഹൃദ്യം
മനോഹരമായ രചന
പ്രണയത്തിനൊടുവിൽ സന്തോഷം
ആകാംക്ഷേയേടെ വായിച്ചു
ചേച്ചു അഭിനന്ദനങ്ങൾ
വർത്തമാനം പറയുന്ന രീതിയിൽ ഒരു സംഭവകഥപോലെയുള്ള കഥനം വളരെ ഹൃദ്യമായി.
അഭിനന്ദനങ്ങൾ ❤️