വർക്കിയും നായയും അകലേന്നു വരുന്നത് കാണുമ്പഴേ ചായപ്പീടികയില്‍ വട്ടം കൂടിയ കരക്കാരു അടക്കം പറയും പട്ടികളു രണ്ടും എഴുന്നള്ളുന്നുണ്ടെന്ന്. ആറടി പൊക്കവും രോമം നിറഞ്ഞ മേനിയും കട്ടിക്കു നരച്ചുതുടങ്ങിയ മീശയും
വലതു ഭാഗത്ത് തനിക്കു മുന്നേ തലയുയർത്തി നടക്കുന്ന നായയും
ഈ ചിത്രം കരക്കാർക്ക് പരിചിതമായിട്ട് വർഷം ആറു കഴിഞ്ഞു .
ആറു വർഷങ്ങൾക്കു മുമ്പാണ് ഇലഞ്ഞിക്കരയിലേക്ക് വർക്കി എത്തുന്നത് ആളുകൾ പണ്ടേക്കു പണ്ടേ പ്രേതബാധയുള്ള വീടാണെന്നു പറഞ്ഞു പരത്തിയ വീടും തൊടിയും മേടിക്കാനായിരുന്നത് അന്നേ നായയും ഒപ്പമുണ്ട് . വീടുമേടിച്ചു താമസം തുടങ്ങി രണ്ടുനാൾ കഴിഞ്ഞ് തമ്പ്രാന്റെ തൊടി സൂക്ഷിപ്പുകാരനായി വർക്കി കയറിപറ്റി.
ഒരിക്കൽ തോട്ടത്തില്‍ ഇഞ്ചി കക്കാനെത്തിയ നാരായണന്റെ കാലു തല്ലിയൊടിച്ചതോടെയാണ് വർക്കിയേയും നായയേയും പറ്റി നാട്ടിലു വാർത്ത പരന്നത്.
പിന്നീടങ്ങോട്ട് തേങ്ങ കട്ടെടുക്കാനായി ഒരു വേലുവോ വിറക് പെറുക്കി ചുമന്നെടുക്കാനായി ഒരു ശാന്തയോ ആ തൊടിയിൽ കാലെടുത്തു വെച്ചിരുന്നില്ല.
പന്നിയിറങ്ങുന്ന രാത്രികളില്‍ വർക്കിയും നായയും തൊടിയിലാണ് കിടത്തം
സഞ്ചിയില്‍ തോട്ട നിറച്ച് തല ഭാഗത്ത് ടോർച്ചും വെച്ച് തോർത്തുമുണ്ട് വിരിച്ചാവും കിടത്തം.
വൈകുന്നേരങ്ങളിൽ കുളിക്കാനും മീൻ പിടിക്കാനുമായി ഒരു പോക്കുണ്ട് രണ്ടു പേർക്കും ചുണ്ടിന്റെ മൂലയിൽ തെരുപ്പു ബീഡിയും പുകച്ച് നീളത്തിലൊരു നടത്തം.പിടിച്ചതില്‍ വലിയൊരു മീൻ നായക്ക് പച്ചക്ക് തിന്നാൻ കൊടുക്കും
ബാക്കി രാത്രിയിലേക്കു കറിക്കും.
ഒരീസം വർക്കി കടയില്‍ ചായകുടിച്ചോണ്ടിരിക്കുമ്പോ തമ്പ്രാനെക്കുറിച്ചുള്ള സംസാരം വന്നു.
” തമ്പ്രാന് തെക്കേടുത്തേ ദേവയാനിയുമായിട്ട് സമ്പന്ധമുണ്ടത്രേ”
കുമാരനാണ് വിഷയം അവതരിപ്പിച്ചത്.
“തമ്പ്രാന് കാശിന്റെ കഴപ്പാണ് വല്യ വീടും തൊടിയും ഇട്ടു മൂടാനുള്ളത്ര പണവും പിന്നെന്താ ചെയ്താല്‍ ആരാ ചോദിക്കാൻ”
കുഞ്ഞാലി ഒപ്പം കൂടി.
ഒരാളൊപ്പം കൂടിയതിന്റെ തിളപ്പിലു കുമാരൻ സംസാരം കടുപ്പിച്ചു
” നമ്മളെ പറ്റാഞ്ഞിട്ടാ അക്കരേന്നു നായ്ക്കളേ കൊണ്ടുവന്നു കാവലു നിർത്തിയാ ആരും ഒന്നും പറയൂലാന്ന് മൂപ്പർക്കറിയാ ”
വർക്കിയുടെ മുഖത്തേക്ക് രൂക്ഷമായി നോക്കി കുമാരൻ പറഞ്ഞു.
എല്ലാരും ഒരു നിമിഷം പെട്ടന്ന് നിശബ്ദമായി വർക്കിയേ ഉറ്റുനോക്കി.
” എന്താ വർക്കീ തമ്പ്രാന്റെ കൂട്ടിക്കൊടുപ്പിനും നീയാണോ കാവൽ….” കേട്ടപാതി കേൾക്കാത്ത പാതി മുഖം പൊത്തിയൊരടിയായിരുന്നു. കുമാരന്റെ കണ്ണ് കലങ്ങിപ്പോയി.നായ കുരച്ചു ചാടി കടയിലിരുന്നവർ തരിച്ചു നിന്നു.
കവിളിലു കൈ വെച്ച് കുമാരൻ ബെഞ്ചിലിരുന്നു പോയി. വർക്കി ചുറ്റും നോക്കി തലയുയർത്തി കടയിൽ നിന്നിറങ്ങിപ്പോയി.അന്നു തൊട്ട് കരക്കാർക്ക് വർക്കിയും നായയും പേടിസ്വപ്നമായി. വർക്കിയും പൊതുവേ ആരോടും മിണ്ടാതേ ആളുകളുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കി നടന്നകലും.
ഒരിക്കല്‍ വർക്കി ചായകുടിക്കാനിറങ്ങുമ്പോ കടയില്‍ ചുറ്റും ആൾക്കൂട്ടം
എന്താണെന്നറിയാനായി ആളെ മാറ്റി നോക്കിയപ്പോൾ ദേവയാനി കീറിയ ബ്ലൗസ് കൈകൊണ്ട് മറച്ച് കരയുന്നു. കാര്യം തിരക്കിയപ്പോ തമ്പ്രാനുമായുള്ള ബന്ധം പറഞ്ഞ് കെട്ട്യോൻ തല്ലിയിറക്കിയതാണെന്നും തമ്പ്രാനടുത്ത് പോയപ്പോ അവിടുന്ന് കയ്യൊഴിഞ്ഞെന്നും പറഞ്ഞു. വർക്കി ചുമലിലിട്ട തോർത്തുമുണ്ട് ദേവയാനിക്കു നേരെയെറിഞ്ഞു അവരത് കൊണ്ട് മേനി മറച്ചു.
ആളുകൾ നോക്കി നിൽക്കേ വർക്കി ദേവയാനിയേ പിടിച്ചെണീൽപ്പിച്ച് അവൾക്ക് ഒരു ചായമേടിച്ചു കൊടുത്തു. അവൾക്കടുത്തിരുന്നാണ് അന്നത്തെ പതിവു ചായ വർക്കി കുടിച്ചത്.
വർക്കിയും നായയും കടയിൽ നിന്നിറങ്ങി പോകുമ്പോൾ ദേവയാനിയും പിറകേ നടന്നു.
ആളുകൾ മുഖാമുഖം നോക്കി കുശലം പറഞ്ഞു.
പിന്നീടങ്ങോട്ട് ദേവയാനി വർക്കിയുടെ പുരയിടത്തിലാക്കി താമസം
കടയിലേക്കു സാധനം മേടിക്കാൻ അവളിറങ്ങുമ്പോ ആളുകള്‍ മാറുതുളച്ചു നോക്കും
മൂന്നാമന്റെ കിടക്ക പങ്കിട്ടവളന്ന് കേൾക്കുന്ന മട്ടിൽ പറയും
ദേവയാനിയത് വകവെക്കാതെ നടന്നകലും.
വർക്കി വീട്ടിലേക്ക് കോഴിയേയും
ആടിനേയും മേടിച്ചു ദേവയാനി പകലു അതിനൊപ്പം ചിലവഴിച്ചു.
ഒരുവീട്ടിലെന്നതൊഴിച്ചാൽ ദേവയാനിക്കും വർക്കിക്കും രണ്ടു ജീവിതമായിരുന്നു.
പരസ്പരം ആവശ്യത്തിലധികം മിണ്ടാറോ കഴിക്കാനല്ലാതേ ഒരുമിച്ചിരിക്കാറുപോലുമില്ല.
മുട്ടവിറ്റതും പാലുവിറ്റതുമായ കാശ് ദേവയാനിയോട് തന്നെ സൂക്ഷിക്കാൻ വർക്കി പറഞ്ഞു .
ഒരിക്കല്‍ പതിവുപോലെ വൈകിയിട്ട് മീൻ പിടിക്കാനിറങ്ങിയപ്പോ.
വലയിൽ നിന്ന് കുതറിത്തെറിച്ചൊരു വലിയ മീൻ പാറകൾക്കിടയിലോട്ട് കയറി
ഊളിയിട്ട് താഴെപോയി മീനെ തപ്പാനുറപ്പിച്ച വർക്കി കൈകൾ പാറയിടുക്കിലേക്കിട്ടു.
മീനേ കയ്യിൽ കുരുക്കി വലിക്കാൻ ശ്രമിക്കുമ്പോ കയ്യ് പാറക്കിടയിൽ കുരുങ്ങി.
ആഞ്ഞുവലിച്ചു കൈകൾ പാറയിലുരസി മുറിവു പറ്റി കൈവിട്ടു കിട്ടിയില്ല.
വർക്കി ഒരു നോക്കു മീനേ കണ്ടൂ. വിടർന്ന വാലുള്ള കയ്യിൽ പിടയുന്ന സ്വർണ്ണനിറത്തിലുള്ള ഒന്ന്. ശ്വാസമെടുപ്പ് പതിയേ വേഗത്തിലായി മൂക്കിലൂടെ വെള്ളം കയറി.
വർക്കിയുടെ കണ്ണുകളടഞ്ഞു മീനേ മുറുകെ പിടിച്ച കൈകളയഞ്ഞു മീൻ വഴുതിമാറി.
കരക്കിരുന്ന നായ ഉറക്കെ കുരച്ചു.
പുഴയിലേ വെള്ളം കലങ്ങി മറിഞ്ഞൂ.
വർക്കി മരിച്ചു.
പിന്നീടും നാട്ടുകാര്‍ പറഞ്ഞു. ആർക്കും വേണ്ടാത്ത പട്ടികളു വരുന്നുണ്ട്. ദേവയാനിയും തൊട്ടു മുമ്പില്‍ നായയും തലയുയർത്തി തന്നെ നടന്നു.
✍ ഉമർ അലി
നല്ലെഴുത്ത്…
ഇനിയുമെഴുതാൻ ആശംസകൾ…❤️
ആർക്കും വേണ്ടാത്ത പട്ടികള്‍..
അസ്സലായി കഥ.. വേറിട്ടെഴുത്ത്..
അഭിനന്ദനങ്ങൾ ❤