നക്ഷത്രക്കണ്ണുമായെന്നിലെത്തി
സ്വപ്നംവിതയ്ക്കുകയായിരുന്നു,
പ്രണയാർദ്രഭാവംനിറഞ്ഞ ചിത്തം
ചെമ്പനീർപോലെ തുടുത്തിരുന്നു.
മധുഗാനമനവധിയുദ്ഗമിക്കേ
ഗളനാളമുമ്മവച്ചോമനിക്കും
ഓമനേ നിന്മേനിതഴുകിടുവാ-
നനുരാഗമാനസമനന്തമായി.
ഈജന്മസാഫല്യമെന്നപോലെ
ശുദ്ധസംഗീതത്തിൻരാഗവുമായ്
തേങ്ങിടാറുണ്ടവളേകാന്തരാവിൽ
എന്നിലേക്കെത്തുവാനെന്നപോലെ.
ചെന്താമരച്ചുണ്ടിലൂറിയെത്തും
മന്ദഹാസത്തിന്നു ചന്തമേറെ
നിന്നെവാഴ്ത്തീടുവാനെന്നിലൂറും
ചാരുസംഗീതത്തിൻ ചില്ലുനാദം
ദിവ്യസംഗീതത്തിന്നുറവയുമായ്
വദനാനുരാഗത്തിന്നുദയഭാവം
ചിരകാലസ്വപ്നമതെന്നപോലെ
തരളിതമാകുന്നുണ്ടിരുമനസ്സും.
നോവേറെവാഴുന്നമാനസത്തിൽ
താനേയുതിരുന്നുണ്ടാത്മഗാനം,
ഇന്ദ്രജാലച്ചിറകുമുളച്ചൊരു
ശലഭമായനുരാഗം പറന്നുയർന്നു.
ടി എസ് സുരേഷ് കുമാർ.✍