ബാല്യ കൗമാരങ്ങളിലെ വർണ്ണങ്ങളും കാണാവർണ്ണങ്ങളും കൗതൂഹല സമുച്ചയം തീർക്കുന്ന നാളിൽ കഥകളിക്കളരിയിൽ കൈക്കരുത്തും മെയ്ക്കരുത്തും വരുത്തി ഇരുപതോളം വരും അതിപ്രധാന ആട്ടക്കഥകളും ഇരുപത്തിരുപതിനാല് പ്രധാന മുദ്രകളും മനച്ചെപ്പിൽ മരതകമായി കരുതിവെച്ചു നല്ല നടനായി അരംഗത്ത് ആട്ടവിളക്കിൻ പരിശുദ്ധ പ്രഭയിൽ ജ്വലിക്കുമ്പോൾ ഓർത്തുകാണാത്തൊരു നാളെ…… ഇന്നിന്റെ ഇരുണ്ട വഴികളിൽ കളികളും വേദിയുമില്ലാതെ, അഷ്ടിക്കുവകയില്ലാതെ മനോവ്യഥകളിലൂടെ കടന്നുപോകുന്ന കഥകളി നടൻമാർക്കുവേണ്ടിയും കൂടെ കലകൾ ഉപജീവനമാർഗ്ഗമാക്കി കഴിയുന്ന മറ്റനേകം കലാകാരൻമാർക്കു വേണ്ടിയും വാനോളമുള്ള ആദരവോടെ……….
ആട്ടക്കാരൻ
ആട്ടവിളക്കിൻ തിരിയൊന്നും
ആർത്തിരമ്പും ആബാലവൃദ്ധ-
നയനങ്ങളും നടനുനേരെ..
കേളിമേളം കാതിലണഞ്ഞിനി-
ച്ചെണ്ട മദ്ദളം ചേങ്ങിലയിലത്താളം
ചങ്കിൽ തുടിപ്പാർന്നുതൂങ്ങും
കളി തുടങ്ങും വരെ.
കൈമെയ്യുറപ്പിച്ച കളരിയിൽ കാലത്തിൻ
കരുതൽ കടംകൊണ്ട കരളുമായ്
ചുട്ടികുത്തിച്ചന്തമായാട്ടം തുടങ്ങിയനാൾമുതൽ
നൃത്ത നാട്യവും നൃത്യം ഗീതവാദ്യവും
രംഗഭാഷായാമംഗുലിചേർത്ത മുദ്രയും
നിദ്രയില്ലാനിലാക്കിളി കൂകും രാവിലു-
മാടുമാക്കഥകളാട്ടക്കഥകൾ
കാലകേയകിർമ്മീരബകകീചക
ബാലിപൗണ്ഡ്രകവധങ്ങളും
ദക്ഷയാഗ നളചരിതിത്ത്യാദിയിൽ
പച്ച, കത്തി, കരി, താടിയും
മനയോല മിനുക്കും മിനുക്കുവേഷങ്ങളു-
മാടിയാടിത്തിമർക്കുമ്പോഴോർത്തില്ല-
യോടിയോടിക്കിതയ്ക്കുമീനാളെന്നും
രാനിലാവിനും വെയിലിനും വേണ്ടാത്ത
വെറും വേതാളമായിങ്ങനെ…….!
വേഷമില്ലാത്ത വേഷങ്ങളിൽ
വേദിയില്ലാത്ത വേദനകളിൽ
വഴിയറിയാതെ വ്യഥിത ചിത്തനായ്
ഭിഷഗ്വരനുമറിയാ രോഗഗ്രസ്ഥനായാ –
ടുമ്പോഴാട്ടത്തിൻ പേരറിയില്ലയാർക്കു-
മതിൻ നോവുമറിയില്ല.
നാൾവഴികളിൽ കുറിച്ചിടാനൊന്നുമില്ലാതെ,
നിഴൽമാത്രമനുയാത്രചെയ്യുമാനേരങ്ങളിൽ
നീറുമാഹൃദയമറിയേണ്ടയാർക്കും…!
നീണ്ടതില്ലൊരു നിലവിളക്കുതിരിയും
നരനാരി നയനങ്ങളും നടന്നുനേരെ,
രണ്ടുയുഗങ്ങളെ കണ്ടുമുട്ടിക്കുവാൻ
കളിയരങ്ങിൽ കല്യാണ സൗഗന്ധികമാടിയ
കരുത്തനെ കലിയുഗവും കാണികളും
കാണാതെപോന്നല്ലോയെങ്കിലും
കുചേലവൃത്ത കഥനാന്ത്യം പോലെ
കണ്ടറിഞ്ഞീടുമോ കാർവർണ്ണനെങ്കിലും…
ഹന്ത…ഹന്ത ഹരേ………..കഷ്ടം,
ഹന്ത…ഹന്ത ഹരേ…ഹരേ….!!!!!!
ഉദയ് നാരായണൻ, അബുദാബി✍