മഴയോർമ്മകൾ ഊർന്നിറങ്ങിയ
വഴികളിലൂടെ നീ പാറിപ്പറന്നു,
കാറ്റിലാടിയുലഞ്ഞ്,
കാർമേഘപട്ടങ്ങളുടെ ഒരു നൂലറ്റം
ബാല്യത്തിൻ കയ്യിലേൽപ്പിച്ചു..!
മഴനൂലുകളായ്,
പ്രണയത്തിൻ സിരനൂലുകളായ്,
കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ,
എന്നെ വരിഞ്ഞു മുറുക്കി ചുംബിച്ചു..!
വർഷമേഘങ്ങളിൽ ഊഞ്ഞാലാടിത്തളർന്ന്,
അറ്റം ഭേദിച്ചു മണ്ണിലേക്കിറങ്ങി,
കാലിൽ വെള്ളിനൂലു ചുറ്റി,
പാട വരമ്പിലൂടെ, എന്റെ ബാല്യത്തെ,
നീയത്രയോ ഓടിച്ചിരിക്കുന്നു..!
ബാല്യത്തിന്റെ ഇങ്ങേയറ്റത്ത്,
കാത്തിരിക്കുന്നു ഞാൻ,
നിന്റെ വെളുത്ത നേർരേഖകൾ,
ഊർന്നിറങ്ങിയെന്നിൽ വീണ്ടും പടരാൻ..!
മഴപ്പൊട്ടു ചിതറിവീണുടഞ്ഞ
ആ പാടവരമ്പുകളിലൂടെ ഓടണം…,
കൊയ്തുകഴിഞ്ഞു ബാക്കിയായ
നെൽത്താളുകളുടെ,
കൂർത്തയറ്റങ്ങളിൽ പാദങ്ങളുടക്കി
നിന്നെ വീണ്ടും കൊരുക്കണം..!
മറ്റൊരു ഇടവപ്പാതിയുടെ,
കുളിരുന്നപകലിൻ തുടർച്ചയായ്..!!
…പ്രവീൺ മൂക്കുതല…✍