ജനനമരണങ്ങൾക്കിടയി-ൽ നിറംതെല്ലു കുറഞ്ഞുംതെളിഞ്ഞു -മായ് വിലസും നരജന്മം
നമ്മളെന്നുരുവിടാൻ
മടിക്കും ജനതയിൽ
ഞാൻ ഞാനെന്നൊരേ ശബ്ദം
ഉറക്കെ കേൾക്കാമേവം
ഭരണത്തലവൻ ഞാൻ, വിദ്യാർത്ഥിനേതാവ് ഞാൻ
പ്രതിപക്ഷത്തിൻ ശക്തി കേന്ദ്രമാം യുവത്വം ഞാൻ
ഗൃഹത്തിന്നധിപൻ ഞാൻ, ആഫീസിൻ തലവൻ ഞാൻ
ഞാനാണ് അധോലോകനായകൻ, ഗുരുവരൻ
മുതലാളിവർഗത്തെ ധീരമായ്നയിച്ചിടും കരുത്തുറ്റതാം യുവചൈതന്യമാകുന്നു ഞാൻ
തൊഴിലാളിയെതൊട്ടാൽപകരം ചോദിച്ചിടും
തൊഴിലാളി വർഗ്ഗത്തിൻ പോരാളിയാകുന്നു ഞാൻ
രാഷ്ട്രീയ നേതാവ് ഞാൻ, ജ്ഞാനത്തിൻ പൊരുളും ഞാൻ
കലയിന്നധിപൻ ഞാൻ
കായികപ്രതിഭ ഞാൻ
സമ്പന്ന പുരുഷൻ ഞാൻ, ഉലകിൻ സൗന്ദര്യം ഞാൻ
ദയ തൻ വാരിധി ഞാൻ
“ഞാൻ ഞാനെ’ന്നൊരേ സ്വരം
അജ്ഞാതമാകും പരലോകത്തിൻപടവുകൾ
നിർഭയം കടന്നെത്തി വിരചിച്ചീടും ജന്മം
വിശ്രമത്തിനും കർമ്മപൂര-
ണത്തിനുമായി
എത്തിയോരാഗതിയാം
മനുജൻ മൃഗപ്രായൻ
എന്തിനോവേണ്ടി,പിന്നെ-യാർക്കു, വേണ്ടിയോ നിത്യം കർമപൂരിതം
നന്മ തിന്മകളറിയാതെ
കരഞ്ഞുംകരയിച്ചും
ചിരിച്ചുംചിരിപ്പിച്ചും
തീർത്തൊരീ സ്വർഗംക്ഷണം,
നിഷ്പ്രഭം, നിരർത്ഥകം
പട്ടുടുപ്പണിയിച്ചും പൊന്നിനാൽപുതപ്പിച്ചും
സുഗന്ധലേപനത്താൽ കാത്തൊരീ ദൃഡഗാത്രം
നിമിഷാർദ്ധത്തിന്നർദ്ധനിമിഷനേരം തന്നിൽ
സത്വരം വെടിഞ്ഞു നാം
പോവതങ്ങെവിടേയ്ക്കോ
എങ്ങുനിന്നറിവീല, എങ്ങോട്ടെന്നറിവീല
ആഗമനിഗമന രഹസ്യം നിയാമകം
നിർഭയം സമർപ്പിതം വിധിതൻ കരങ്ങളിൽ
ഒന്നിനി ലഭിച്ചിടാ പുണ്യമാം നരജന്മം
എത്രയാകിലും സഖേ, മർത്യനാൽകഴിയാത്ത –
തേതുമേയില്ലറിക,ഉലകിന്നധിപർ നാം
കർമം ധർമമായ് വരികിലനശ്വരമാക്കിടാം പിന്നെ
ധന്യമീ ജന്മം സ്വർഗ്ഗതുല്യമായ്
ചമച്ചീടാം.

ഞാൻ എന്ന ഭാവം കൊണ്ട് തകർന്നതും, തകർത്തതുമായ ജീവിതങ്ങളുടെ സംഖ്യകൾ അവസാനിക്കില്ല. എന്നിരുന്നാലും മനുഷ്യൻ ഒരിക്കലും പഠിക്കില്ല!
“ഇന്ന് ഞാൻ നാളെ നീ” എന്ന വരികൾ ഈ കവിത വായിച്ചപ്പോൾ ഓർത്ത് പോയി!
തൂലികയിലൂടെ കവയത്രിയുടെ ഭാഷയിൽ ഉള്ള പാടവത്തിന് ഒപ്പം, വരികളുടെ ആഴം, വായനക്കാരുടെ ചിന്തകൾക്ക് ചിറകുകൾ തരുന്നു.
സ്നേഹപൂർവ്വം ദേവു
മനോഹരം