കിറുക്കിയാണവൾ.
എല്ലാരും അങ്ങനെയാ പറഞ്ഞത്.
ഒറ്റയ്ക്ക് ഉരിയാടുന്നവൾ .
ഒറ്റയ്ക്കിരുന്നു ചിരിക്കുന്നവൾ .
അരികെ നിന്നപ്പോഴറിഞ്ഞു ,
അവൾ ചിരിക്കുന്നത് മിണ്ടുന്നത്
അവരോടാണ്.
മുറ്റത്തെ മുക്കുറ്റിയോടും
മുല്ലക്കുരുന്നിനോടും
ലില്ലിപ്പൂവിനോടുമാണ്.
പിന്നെ, ചെമ്പരത്തിയോടും
ചെത്തിയോടും ചെണ്ടുമല്ലിയോടും
അടയ്ക്കാകിളിയോടും
കുരുവിക്കുഞ്ഞിനോടുമാണ്.
അവളെ കണ്ട് .അവളെ കേട്ട്
അവളോട് മിണ്ടി
അവൾ എന്നിൽ നിറയുന്നു
നെഞ്ചിൽ കവിതയുണരുന്നു.
അവളോ ഒരു പേരില്ലാക്കവിത
കവിത വിത്തിട്ട് കവിത മുളച്ച്
കവിതച്ചില്ലകൾ നീട്ടി
കവിത വിരിയിക്കുന്നവൾ .
നിറമോലുന്ന പകലുകൾ.
നറുമണമുള്ള രാവുകൾ .
പ്രതീക്ഷകൾ തകിടം മറിഞ്ഞത്
എത്ര പെട്ടെന്നാണ്.
കരിമ്പുതപ്പും പച്ചക്കണ്ണുകളുമുള്ള ഒരു കള്ളപ്പൂച്ച എപ്പോഴും അവൾക്കൊപ്പം.
ഇരിക്കുന്നതവളുടെ മടിയിൽ
കിടക്കുന്നതവളുടെ ചൂടുപറ്റി.
അവളോടുള്ള പ്രിയം കൊണ്ടാണ്
അവനെ നാടു കടത്തിയത് ,
എന്നെന്നേക്കുമായി .
എല്ലാം തിരിച്ചു പിടിച്ചെന്നോർത്ത്
തിരികെ വരുന്നേരം
തെല്ലൊന്നമ്പരന്നു …..
എന്തോ, അവൾക്കൊരു പൂച്ചച്ചന്തം,
ഒരു പൂച്ചപ്പതുങ്ങൽ ,
കണ്ണുകളിൽ മരതകത്തിളക്കം .
വിശ്വസിക്കണോ എൻ കൺകളെ …!
ആ കൊച്ചു മൂക്കിൻ ചോട്ടിൽ
മൂന്നാലു നീണ്ട രോമങ്ങൾ
എഴുന്നു നിൽക്കുന്നു….!
കൈവിരലുകളിൽ നിന്ന്
നീളുന്ന കൂർത്ത നഖങ്ങൾ …..!
മെല്ലെ വാപൊളിക്കുന്നേരം കണ്ടു
കൊച്ചു കോമ്പല്ലുകൾ
പുറത്തേക്ക് നീണ്ടു വരുന്നു…..!
ഒച്ച വെയ്ക്കാതെ
ഞാൻ പിൻവാങ്ങി
പതുക്കെ, പതുങ്ങി .
പൂച്ചയെപ്പോലെ .
നളിനി ഹരിദാസ്✍