കടലലപൊങ്ങുന്നു താഴുന്നുചേലിൽ,
കാന്തനാംകരയെ പുണരുവാൻവെമ്പി
കാറ്റലകൾകുഞ്ഞോളം തഴുകുന്നനേരം
കാന്തികഗാഢമായ് പുൽകിപ്പുണരും
നീലനിലാവിന്റെ ചേലൊത്തപോലെ,
നീലഞൊറിയിട്ട ദാവണിപോലെ,
മുങ്ങിയും പൊങ്ങിലും വിസ്മയംതീർത്ത്
മുങ്ങാംകുഴിയിൽ തിളപൂണ്ടപോലെ!
അലകടലിന്നാഴത്തിൽ കണ്ടുനിധികുംഭം
പലവർണ്ണചന്തത്തിൽ മുത്തുംപവിഴവും
പീലിവിടർത്തുന്ന ചിത്രപതംഗമായ്
പൊലിയായിപൂത്തു വിടരുന്നപോലെ
ദൂരെഒഴുകുന്ന വഞ്ചിമേൽകൂടാൻ,
ദുരമൂത്തശംബരം ഝടുതിയിൽനീങ്ങും
ഓളത്തെപിന്തള്ളി ചാരെയടുക്കുമ്പോ,
ഓർക്കാതെനീഅയ്യോ, നിത്യതപുൽകും
കാൽത്തളകെട്ടി കരുത്തൻതിമിംഗലം
കളകാഞ്ചി, കാകളി ചൊല്ലിപഠിക്കവേ,
പൂവാകപൂത്തപോൽ കടലിന്നടിത്തട്ടിൽ
പുഷ്‌പിണിയാകുന്നു ആയിരമുണ്ണികൾ!
നാദബ്രഹ്മത്തിന്റെ വിസ്മയരാഗത്തിൽ,
നീലാംബരിയുടെ താളമഴയായ്
സ്വർഗ്ഗംപുൽകുന്ന നീർത്തുള്ളിചന്തത്തിൽ
നിർഗ്ഗളിക്കുംപിന്നെ വേനൽശമിപ്പാൻ
ചിത്രവർണ്ണാങ്കിത ശില്പമായ്ആഴി,
ചിത്രംവരയ്ക്കുന്നു കണ്ണിന്നുചേലായ്
കൺപാർത്തദൈവമായ് ആഴിവിളങ്ങുന്നു
കാരുണ്യസ്പർശം നിനക്കേകിനിത്യം!
........ഉഷാ ആനന്ദ്......
നന്നായിട്ടുണ്ട് ഉഷ. അഭിനന്ദനങ്ങൾ 🌹🌹