ഈ എന്നെ അറിയുമോ
അറിയാൻ ശ്രമിച്ചോ ഇല്ലല്ലേ
പലർക്കും
പലസ്വഭാവം കൊണ്ടും
അന്യയാണ് ഞാൻ
അറിയുമോ?
ചിലർക്ക് വെള്ളാരംകല്ല്
പോൽ പരിശുദ്ധിയുള്ളവൾ
ചിലർക്കു
കറുത്തുവിരൂപ രൂപമുള്ളവൾ.
ചിലർക്ക് സൂര്യതീജ്വാല
മനസ്സിൽ കൊണ്ടുനടക്കുന്നവൾ
ചിലർക്ക് ഒന്നുമേയല്ല
വെറുമൊരു സ്ത്രീ ജന്മം.
ചിലർക്ക് ഹൃദയമനസ്സാക്ഷി
സൂക്ഷിപ്പുകാരി
ചിലർക്ക് ഗുണവും
മണവുമില്ലാത്തവൾ.
ചിലർക്ക് സ്നേഹമുള്ള
ചേച്ചിയമ്മ
ചിലർക്ക് കാര്യസാധ്യത്തിനുള്ള
ചുമടു താങ്ങി.
ചിലർക്ക് മനസ്സാക്ഷിയുള്ള
പെണ്ണും ചിലർക്ക്
അഹങ്കാരി സ്വഭാവമുള്ള
ജാഡക്കാരി.
അമ്മയ്ക്കും കൂടെപ്പിറപ്പുകൾക്കും
സ്നേഹമുള്ള ഭൂമി ബന്ധം
മക്കൾക്ക് കരുതലും
സ്നേഹവുമുള്ള അമ്മ.
പാതിക്കു സംഹാര ദുർഗ്ഗ
പ്രണയത്തിനു സ്വപ്നകൂട്ടുകാരി
ചിലർക്കു
മുൻജന്മബന്ധമുള്ള വീട്ടിലെ കുട്ടി
ചിലർക്കു ഞാൻ മന്ദബുദ്ധിയായ
മനോരോഗി.
എന്തെല്ലാം വേഷങ്ങൾ കെട്ടിയാടുന്നു
ഇനിയും ആടേണ്ട വേഷങ്ങൾ
അണിയറയിൽ ഉടുത്തൊരുങ്ങി
ഉലാത്തുന്നു.
പക്ഷേ ചില ബന്ധങ്ങൾ, ചേർത്തു നിർത്തലുകൾ പ്രതിഫലം ആഗ്രഹിക്കാത്ത
ഈ സ്നേഹ തലോടലുകളെ എന്തു പേരിടും
അതിനും കൂടി പേരിട്ടാലേ ഈ ജീവിതം
പൂർണ്ണമാകൂ.
എങ്കിലും
ആഴത്തിൽ പതിഞ്ഞ നിശബ്ദതതയിൽ
ഞാൻ എന്നെതന്നെ സമർപ്പിക്കുന്നു.
പ്രീതി✍