17.1 C
New York
Tuesday, March 28, 2023
Home Literature "അരങ്ങിലെ നിഴലുകൾ " (ചെറുകഥ)

“അരങ്ങിലെ നിഴലുകൾ ” (ചെറുകഥ)

‌മോഹൻദാസ് എവർഷൈൻ

നല്ലൊരു മഴയ്ക്ക് സാധ്യതയുണ്ടെന്ന് തോന്നുന്നു..അന്തരീക്ഷം ആകെ മൂടികെട്ടി മുഖം കറുപ്പിച്ചു ഏത് സമയത്തും പെയ്തിറങ്ങുവാൻ തയാറായി നിൽക്കുകയാണ്…
നമ്മൾ അവിടെയെത്തുമ്പോൾ നാലുമണി ആയതെയുള്ളുവെങ്കിലും വിഷാദം ചുമക്കുന്ന മേഘങ്ങളാൽ പകലിന്റെ മുഖം മങ്ങി സന്ധ്യയുടെ പ്രതീതി ആയിരുന്നു..
“എല്ലാവരും വണ്ടിയിൽ തന്നെയിരിക്ക്… ഞാൻ സംഘാടകരെ പോയി കണ്ടിട്ട് വന്നിട്ട് മേക്കപ്പ് തുടങ്ങിയാൽ മതി…”
വണ്ടി ഒതുക്കിയിട്ട് പുറത്തിറങ്ങുമ്പോൾ മഴചാറി തുടങ്ങിയിരുന്നു… തോളിൽ കിടന്ന തോർത്തെടുത്തു തലമറച്ച് ഞാൻ
കമ്മിറ്റി ഓഫീസിലേക്ക് നടന്നു…
ഞാനും കൂടി മുൻകൈയെടുത്താണ് ഇന്നിവിടെ ഒരു പ്രോഗ്രാം അറേഞ്ച് ചെയ്തത്.എന്റെ ജന്മനാട്ടിൽ ഒരു സ്റ്റേജ് കിട്ടുണമെന്ന് വലിയ ആഗ്രഹിച്ചതാണ്…
നാടകം എന്ന് കേട്ടപ്പോൾ ക്ഷേത്രം ഭാരവാഹികൾക്ക് അത്ര താല്പര്യം ഇല്ലായിരുന്നു.. അവർക്ക് ബാലെയും, ഗാനമേളയും, കഥകളിയും മാത്രം മതിയെന്ന അഭിപ്രായമായിരുന്നു… പിന്നെ ജയപ്രകാശ് മാഷിന്റെ ഒറ്റ നിർബന്ധംകൊണ്ടാണ് എല്ലാവരും അനുകൂലിച്ചത്…
“നാടകം നിങ്ങൾ ശരിക്കും കണ്ട് ആസ്വദിക്കാത്തത് കൊണ്ടാണ് ഇപ്പോഴും ഇങ്ങനെ ഒരു ചിന്ത… ജീവിതത്തിന്റെ നേർകാഴ്ച്ചകൾ നമുക്ക് മുന്നിൽ നിറഞ്ഞാടുന്നത് കാണാനുള്ള അവസരം നിഷേധിക്കരുത്… കെ. പി. ഏ. സി.യുടെ പഴയ നാടക ഗാനം മൂളിനടക്കുന്ന നമ്മൾ ഇങ്ങനെ ആകരുതെന്നു “മാഷ് പറഞ്ഞപ്പോൾ ആരും എതിർത്തില്ലെന്നു മാത്രമല്ല, ഇനി എല്ലാ വർഷവും ഉത്സവത്തിന് നാടകവും ഉൾപ്പെടുത്തണമെന്ന് തീരുമാനം എടുക്കുകയും ചെയ്തു…
“രാജീവ്‌ കണ്ടല്ലോ ഇവിടുത്തെ പുകിൽ!
തന്നെ ഒരാളിനെ വിശ്വസിച്ചാണ് ഞാൻ ഈ തിരുത്തൽ നടത്തിയത്, അത് തെറ്റല്ലെന്നു താൻ സ്റ്റേജിൽ കാട്ടണം “.
“മാഷ് ഒന്നുകൊണ്ടും വിഷമിക്കണ്ട.. സംഗതി നമ്മൾ ഗംഭീരമാക്കും.. ഉറപ്പ് “.
ഞാൻ പറഞ്ഞു..
മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.. നീ ഒട്ടും മോശമാക്കില്ലെന്നു എനിക്കുറപ്പുണ്ട്.. കാരണം കലയെ അത്രത്തോളം നെഞ്ചിലേറ്റി നടക്കുന്ന നിന്നെ എനിക്ക് വിശ്വാസമാണ്”!.
സുഖമായി ജീവിക്കുവാൻ തക്ക സാമ്പത്തിക ഭദ്രതയുള്ള തറവാട്ടിലെ തലമുതിർന്ന ആളാണ് മാഷ്, സ്കൂളിൽ നിന്നും പെൻഷനായെങ്കിലും ഇപ്പോഴും അടുത്തുള്ള ട്യൂട്ടോറിയൽ കോളേജിൽ പഠിപ്പിക്കാൻ പോകുന്നുണ്ട്..അതിന് മാഷ് പറയുന്ന ഒരു ന്യായമുണ്ട്..
“വിദ്യ പകർന്നു നൽകാനുള്ളതാണ്,അത് നിഷേധിക്കുന്നത് മഹാപാപമാണെന്ന്”!.
നമ്മുടെ നാട്ടിൽ എന്റെ കുട്ടിക്കാലത്തു മാഷിന്റെ തറവാടായിരുന്നു ഏറ്റവും വലിയ മാളിക … നാലുകെട്ടും, അകത്തളവുമൊക്കെയുള്ള ആ വീടായിരുന്നു, ബാലകഥകൾ വായിക്കുമ്പോൾ അതിലെ കൊട്ടാരങ്ങൾക്കൊക്കെ മാഷിന്റെ വീടിന്റെ രൂപമായിരുന്നു മനസ്സിൽ തെളിഞ്ഞു വരിക…
മഴയ്ക്ക് ശക്തികൂടുന്നത് കണ്ട് ഞാൻപ്പെ ട്ടെന്ന് കമ്മിറ്റി ഓഫീസിലേക്ക് ഓടിക്കയറി…
അവിടെ മാഷും ഒന്ന് രണ്ട് ആൾക്കാരുമെ ഉണ്ടായിരുന്നുള്ളൂ..
എന്നെ കണ്ടതും മാഷിന് സന്തോഷമായി..
“വാ രാജീവ്… ഞാൻ നിങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു… ഈ മഴകണ്ടപ്പോൾ ഇനി വണ്ടി വഴിയിലെങ്ങാനും കുടുങ്ങിപ്പോകുമോന്നു ഭയന്നു “.
“നമ്മൾ പുറപ്പെടുന്ന സമയത്ത് നല്ല തെളിഞ്ഞ അന്തരീക്ഷമായിരുന്നു. പിന്നെ പ്പെട്ടെന്നാണ് മഴയുടെ ലക്ഷണം കണ്ടത്!
ഡ്രൈവറും ഞാൻ തന്നെ ആയതിനാൽ
വഴിയിലൊന്നും ഇറങ്ങാതെ ചവുട്ടി വിട്ടു
വന്നു..”
“അത് നന്നായി… ഇല്ലെങ്കിൽ എന്റെ ടെൻഷൻ കൂടിയേനെ “.
പുറത്ത് മഴയ്ക്ക് നല്ല ശക്തിയായി, ചെറിയ കാറ്റും ഉണ്ട്.. മൈക്ക് സെറ്റ് ഓപ്പറേറ്റർ പാട്ടൊക്കെ ഓഫ്‌ ചെയ്തു വെച്ചപ്പോൾ മഴയുടെ ആരവം ശരിക്കും അറിയാം… ഞാൻ സാറിനെ നോക്കി..
“നീ പേടിക്കണ്ട… ഇതിപ്പോൾ കാറ്റ് കൊണ്ട് പോകും… നിങ്ങൾ റെഡിയായി വരുമ്പോൾ ഭഗവതീടെ അനുഗ്രഹം കൊണ്ട് എല്ലാം ശാന്തമാകും…സമയമാകുമ്പോൾ പറമ്പ് ആളിനെ കൊണ്ട് നിറയും “.
“നിങ്ങളുടെ എത്രാമത്തെ സ്റ്റേജ് ആണിത്?നൂറ്റിയമ്പതാമത്തെയല്ലേ… ഇവിടെ ഇന്ന് അനൗൺസ് ചെയുന്നത് കേട്ടപ്പോൾ സത്യത്തിൽ നിന്റെ കഴിവിൽ എനിക്കഭിമാനം തോന്നി..”മാഷ് പറയുന്നത് കേട്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നി..
മുൻപ് പാർട്ടിക്ക് വേണ്ടി തെരുവ് നാടകം നടത്തുവാൻ മാഷാണ് എന്നെ തിരഞ്ഞെടുത്തത്!അതിന്റെ തുടർച്ചയാണ് എന്നിൽ ഒരു നടനെ ഞാൻ കണ്ടെത്തുന്നത്…
വീട്ടിൽ ആർക്കും താല്പര്യം ഇല്ലാതിരുന്നപ്പോൾ മാഷാണ് അച്ഛനോട് അവന്റെ വഴിയിൽ തടസ്സം നിൽക്കരുതെന്നു എനിക്ക് വേണ്ടി പറഞ്ഞത്.
മഴ തോർന്നു തുടങ്ങിയിരിക്കുന്നു… ഇപ്പോൾ പോയി മേക്കപ്പ് തുടങ്ങിയാലെ സമയത്തിന് തട്ടിൽ കയറാൻ പറ്റുള്ളൂ…
“സർ ഞാൻ പോയി അവരെയും കൂട്ടി മേക്കപ്പ് ഇടാനുള്ള ഏർപ്പാട് ചെയ്യട്ടെ “!
“ശരി… നടക്കട്ടെ.. പിന്നെ ആഹാരവും മറ്റും വടക്കേ നടയിലെ ബാബുവിന്റെ വീട്ടിൽ ശരിയാക്കിയിട്ടുണ്ട്.. മറ്റു പ്രാഥമിക സൗകര്യമൊക്കെ അവിടെ ആവാം “.
പുറത്തിറങ്ങുമ്പോൾ മഴമാറിയിരുന്നു… എങ്കിലും അമ്പലപ്പറമ്പ് വിജനമായിരുന്നു… മഴമാറിയപ്പോൾ മൈക്ക്ഓപ്പറേറ്റർ പാട്ട് വെച്ചതിനാൽ ഉത്സവത്തിന്റെ ഒരു ഓളം വീണ്ടും തോന്നി..
പറമ്പിലെ കച്ചവടക്കാർ മഴയെപ്പേടിച്ചു കടമൂടിയിരുന്ന ടാർപൊളിൻ ഷീറ്റ് അഴിച്ചു മാറ്റുന്നത് കണ്ടപ്പോൾ ഓരോ ജീവിതങ്ങൾ ഏതെല്ലാം വേഷങ്ങൾ എന്ന് തോന്നിപ്പോയി..വണ്ടിയ്ക്കടുത്തെത്തുമ്പോൾ എല്ലാവരും ബാഗ്കളൊക്കെ എടുത്ത് പുറത്ത് വന്നു…
“ആ കാണുന്നതാണ് മേക്കപ്പ് റൂം..അടുത്ത വീട്ടിൽ അത്യാവശ്യം മറ്റു സൗകര്യങ്ങളെല്ലാം ഏർപ്പാട് ചെയ്തിട്ടുണ്ട്..നിങ്ങൾ ഇതെല്ലാം കൊണ്ട് മേക്കപ്പ് റൂമിൽ വെച്ചിട്ട് വരൂ.. ആ വീട്ടിൽ പോയി ചായയും സ്നാക്ക്സും കഴിച്ചു വന്നിട്ട് മേക്കപ്പ് തുടങ്ങാം…”
“സർ സ്റ്റേജ് ഇപ്പോഴേ സെറ്റ് ചെയ്താലേ തീരുള്ളു… ഞാൻ കെട്ടി തുടങ്ങട്ടെ “മുരളിയുടെ ചോദ്യം കേട്ട് ഞാൻ ചിരിച്ചു..
“എടാ ഇപ്പോൾ അഞ്ച് മണിയല്ലേ ആയുള്ളൂ, ഒൻപതു മണിക്ക് കർട്ടൻ പൊക്കിയാൽ പോരെ!.?നിനക്ക് സ്റ്റേജ് സെറ്റ് ചെയ്യാൻ കൂടിയാൽ രണ്ടു മണിക്കൂർ ധാരാളം.. നീ വാ… തിരികെ വന്നിട്ട് ഞാൻ കൂടെ സഹായിക്കാം “.
ഞാൻ മറ്റൊരു ട്രൂപ്പിൽ കളിക്കുമ്പോൾ അവിടെ ഉണ്ടായിരുന്നതാ മുരളി !സ്വന്തമായി ഞാൻ ട്രൂപ്പ് തുടങ്ങിയപ്പോൾ എന്റെ കൂടെ കൂടിയതാണ്..
ക്ഷേത്രത്തിന്റെ ചുറ്റുവട്ടമാകെ മണലാണ്… അതിനാൽ മഴയത്തു ചെളികെട്ടില്ല.. നിറയെ ആൽമരങ്ങൾ നിറഞ്ഞു നില്കുന്ന ക്ഷേത്രപ്പറമ്പ് കണ്ണിനും, മനസ്സിനും ഒരു സുഖമുള്ള കാഴ്ചയാണ്…
ബാബുവിന്റെ വീട്ടിൽ കയറിചെല്ലുമ്പോൾ അവന്റെ അച്ഛനാണ് ഞങ്ങളെ അകത്തോട്ടു ക്ഷണിച്ചത്…
“എല്ലാവരും കയറിവാ… മാഷ് എല്ലാം പറഞ്ഞിട്ടുണ്ട്.. പിന്നെ ഇത് രാജീവിന്റെ സ്വന്തം വീടുപോലെ തന്നെ!
മഴ എല്ലാവരെയും ഒന്ന് പേടിപ്പിച്ചു അല്ലെ “
അവന്റെ അച്ഛൻ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു.. “.എത്ര ബുദ്ധിമുട്ടിയാലും ഇവിടെ നാടകം നടത്തിയിട്ടേ പോകുള്ളൂന്നു നേരത്തെ തീരുമാനിച്ചതാ “..
തിരിച്ചു വന്ന് മേക്കപ്പ് ചെയുന്നതിനിടയിൽ അമ്മ റോൾ കൈകാര്യം ചെയുന്ന ഷീലചേച്ചി എന്നോട് പറഞ്ഞു..
“രാജീവ്‌ സാറെ.. എന്റെ മോളുടെ വിവാഹം
അടുത്ത മാസമാണ്.. എനിക്ക് ഒരാഴ്ച വിട്ട് നിന്നേ പറ്റുള്ളൂ… അതിന് മുൻപ് ആ ശാന്തയെ വിളിച്ചു സർ കറക്റ്റ് ചെയ്യാൻ മറക്കല്ലേ!.
“എന്റെ ചേച്ചി ഇതിപ്പോൾ എത്രാമത്തെ പ്രാവശ്യമാ പറയുന്നേ.. ധൈര്യമായിരിക്ക് മോളുടെ വിവാഹം നമ്മൾ അടിപൊളിയാക്കും “.
“അതല്ല സാറെ നമുക്കൊക്കെ ഈ തട്ടിൽ കയറുമ്പോഴേ അഭിനയിക്കാൻ അറിയുള്ളൂ… അല്ലാത്തപ്പോൾ വെറും പാവങ്ങളാ…”
അഭിനയിക്കാൻ മാത്രം അറിയുന്ന ഒരു സമൂഹത്തിൽ ജീവിക്കാൻ പ്രയാസമാണ് സാറെ അതാ “.
ചേച്ചിയുടെ സംസാരം കേട്ടപ്പോൾ ശരിയാണെന്നു തോന്നിയെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല. ഒരുപാട് ട്രൂപ്പിൽ മെയിൻ ക്യാരക്ടർ ചെയ്തിട്ടുള്ള ചേച്ചിക്ക് ഇവിടെ
വീട്ടിലെ മൂത്ത ചേച്ചിയുടെ സ്ഥാനമാണുള്ളത്!അതിനാൽ എന്റെ വീഴ്ചകളെപ്പോലും ശകാരിച്ചു തിരുത്താനുള്ള സ്വാതന്ത്ര്യവും, അവകാശവുമൊക്കെ ചേച്ചിക്കുണ്ടെന്നു ടീമിൽ എല്ലാവർക്കും അറിയാം.ചേച്ചിയുടെ ഭർത്താവ് സുകുമാരൻ ചേട്ടൻ നേരത്തെ ട്രൂപ്പിൽ അഭിനയിക്കുമായിരുന്നു.. ഹാസ്യം വളരെ മനോഹരമായി, അനായാസമായി എടുക്കുമായിരുന്നു… ഡയലോഗ് പ്രെസേന്റ്റേഷനിൽ കാണിക്കുന്ന ടൈമിംഗ് എന്നെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്…!ഏറ്റവും നല്ല ഹാസ്യനടനുള്ള സ്റ്റേറ്റ് അവാർഡ് രണ്ട് പ്രാവശ്യം ചേട്ടന് കിട്ടിയിട്ടുണ്ട്… ഒന്ന് രണ്ട് സിനിമകളിലൊക്കെ ചെറിയ റോൾ കിട്ടിയെങ്കിലും ചെയുന്നജോലി
യോടല്ലാതെ,മറ്റൊന്നിനും ആരെയും ബുദ്ധിമുട്ടിക്കുന്ന ശീലം വശമില്ലാത്തതിനാൽ നാടകം തന്നെയായിരുന്നു ശരണം…
രണ്ട് വർഷം മുമ്പ് ഇതുപോലൊരു ഉത്സവകാലത്ത് ചേട്ടൻ ഒരു ബൈക്ക് ആക്‌സിഡന്റ്ൽ പ്പെട്ടു മരണപ്പെട്ട വാർത്ത വരുമ്പോൾ ചേച്ചിയും ഞാനും സ്റ്റേജിൽ തകർത്തു അഭിനയിക്കുകയായിരുന്നു.. നാടകം കഴിയുന്നവരെ ആരും ആ വാർത്ത നമ്മളെ അറിയിച്ചില്ല.
നാടകം കഴിഞ്ഞിറങ്ങുമ്പോൾ ചേട്ടന് സുഖമില്ലാതെ ഹോസ്പിറ്റലിലാണെന്ന് പറഞ്ഞു പെട്ടെന്ന് കാറിൽ വീട്ടിലേക്കു കൊണ്ട്പോകുകയായിരുന്നു….
നമ്മൾ അവിടെഎത്തുമ്പോൾ മോൾ അലമുറയിട്ട് കരയുന്നത് ദൂരെ നിന്നേ കേൾക്കാമായിരുന്നു…
പിറ്റേന്ന് ഉച്ചയോടെയാണ് പോസ്റ്റ്മോർട്ടം കഴിഞ്ഞു ബോഡി കിട്ടിയത്…
ചടങ്ങ് കഴിഞ്ഞപ്പോൾ നാലുമണിയായി.. അന്ന് ഒൻപതുമണിക്ക് പ്രോഗ്രാം ഉണ്ടായിരുന്നതിനാൽ ഞങ്ങൾ യാത്രപറഞ്ഞിറങ്ങുമ്പോൾ എന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന തുക ചേച്ചിയുടെ കൈയിൽ വെച്ചു കൊടുത്തു.
“ഞങ്ങൾ കൂടെപ്പിറപ്പായി കൂടെയുണ്ടാകും ചേച്ചി വിഷമിക്കരുതെന്ന് “പറയുമ്പോൾ എന്റെ നെഞ്ചും തേങ്ങിയിരുന്നു…
എങ്കിലും ഇപ്പോഴും ഞങ്ങൾ കൂടെപ്പിറപ്പുകൾ തന്നെയാണ്…
“സർ സ്റ്റേജ് എല്ലാം സെറ്റ്
ആക്കിയിട്ടുണ്ട്.. “മുരളി വന്ന് പറഞ്ഞപ്പോഴാണ് ഞാൻഓർമ്മകളെ മാറ്റിനിർത്തിയത്…
“ഇനിയും മുക്കാൽ മണിക്കൂർ ബാക്കിയുണ്ടല്ലൊ മുരളി, നിന്റെ വെപ്രാളം കണ്ടാൽ തോന്നും ഇപ്പോഴെങ്ങും തീരില്ലാന്നു….”.
“ഇനിയിപ്പോൾ എങ്ങനാ ചേച്ചി ആഹാരം കഴിച്ചിട്ട് തുടങ്ങിയാൽ മതിയോ?”.
ചേച്ചി തലഉയർത്തി നോക്കി..
“ഈ മേക്കപ്പ് ഒക്കെ ഇട്ട് ചെന്ന് ആ വീട്ട്കാരെ പേടിയാക്കണോ സാറെ?”. നമുക്ക് തട്ടിൽ നിന്നിറങ്ങിയിട്ട് സമാധാനമായി പോയി കഴിച്ചാൽ പോരെ…?”
ചേച്ചിയുടെ ചോദ്യം കേട്ട് ഞാൻ പറഞ്ഞു എങ്കിൽ മുരളിയെ വിട്ട് ബിസ്‌ക്കറ്റൊ, മറ്റോ എന്തെങ്കിലും വാങ്ങിയ്ക്കാം, അല്ലെങ്കിൽ ശബ്ദത്തിനൊന്നും ഒരു ഉശിരില്ലാതെ വന്നാലോ? “
എല്ലാവർക്കും അത് സമ്മതമായി…
“പിന്നെ സാറെ ഇന്നലെ കുന്നുംപുറം നടയിലെ സ്റ്റേജിൽ എന്നെ കരണത്തടിക്കുന്ന രംഗത്ത് നമ്മുടെ വില്ലന് ഇന്നലെ അബദ്ധം പറ്റി.. എന്റെ പല്ല് മുപ്പത്തിരണ്ടും താഴെപ്പോയനെ.. എന്റെ മോളെ ഭാഗ്യം കൊണ്ടാ രക്ഷപ്പെട്ടത്.. “
അല്ലെങ്കിൽ ഇന്നലെ ഞാൻ വില്ലത്തി ആയേനെ… പിന്നെ പാവം പെണ്ണ്
നിറവയറുമായിരിക്കുന്ന ടെൻഷൻ അല്ലേന്നു കരുതി ഞാൻ വെറുതെ വിട്ടതാ ഈ കഴുതയെ “
എല്ലാവരും കൂടി ചിരിച്ചപ്പോൾ അവനും ചിരിച്ചു പോയി…
മാഷ് പുറത്ത് വന്ന് നില്കുന്നെന്ന് മുരളി വന്ന് പറഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് മാഷിന്റെ അടുത്തെത്തി..
“വാ മാഷേ ഞങ്ങൾ റെഡിയായി…”ഞാൻ പറഞ്ഞു..
മാഷ് കയറിവന്നപ്പോൾ എല്ലാവരും എഴുന്നേറ്റു…
ഇരിക്ക് ജോലി നടക്കട്ടെ…
ഞാൻ മാഷിന്റെ കാല് തൊട്ട് വന്ദിച്ചു..
എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു മാഷ് പറഞ്ഞു… എടാ നിന്നെപ്പോലെ ഒരാളെ പഠിപ്പിച്ചിട്ടുണ്ട് എന്ന് പറയുന്നത് എനിക്കഭിമാനമാണ്… ഈ കല എന്നുപറയുന്നതേ എല്ലാ നിലത്തിലും വിളയുന്ന വിത്തല്ല.. അതോർമ്മവേണം “.
സർ എന്റെ കൈപിടിച്ചു ഒരു പൊതി കൈയിൽ വെച്ച്തന്നു… “ഇത് ഒട്ടും കുറയ്ക്കാതെ ഉണ്ട്…”
“മാഷേ ഇത് ഞാൻ പിന്നെ വാങ്ങിച്ചോളാം…”
“എനിക്കറിയാം നാടകം കഴിയുമ്പോൾ ഒന്നും വേണ്ട, എന്റെ നാടല്ലേ,നമ്മുടെ ക്ഷേത്രം അല്ലെ എന്നൊക്ക പറഞ്ഞു മുങ്ങാനല്ലേ… അതൊന്നും വേണ്ട…ഇവിടെ ആവശ്യത്തിലധികം വരുമാനം ഉണ്ട്… നീ സന്തോഷമായി ഇത് വെച്ചോ “.
എനിക്കൊന്നും പറയുവാൻ അവസരം തന്നില്ല മാഷ്…
അപ്പോൾ മുരളി വന്ന് ചോദിച്ചു
സർ എല്ലാവരും റെഡിയല്ലേ.. ആദ്യത്തെ ബെൽ കൊടുക്കട്ടെ….
ഞാൻ മാഷേ നോക്കി..
ആകാംഷയോടെ കാത്തിരിക്കുന്ന കാണികളെ പിണക്കേണ്ട.. സമയത്തിന്
“തുടങ്ങിക്കോളൂ” മാഷ് പറഞ്ഞു..
ആദ്യത്തെ ബെൽ മുഴങ്ങി…..
“സഹൃദയരെ അടുത്ത ഒരു ബല്ലോടു കൂടി നാടകം ഇവിടെ സമാരംഭിക്കുകയായ്…..
“ഇത് നിങ്ങളുടെ കഥ…..ഞങ്ങളുടെയും….”

മോഹൻദാസ് എവെർഷൈൻ.
വർക്കല.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

റോക്‌ലാൻഡ്‌ സെന്റ്. മേരിസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിൽ കാതോലിക്ക ദിനം ആഘോഷിച്ചു.

മലങ്കര ഓർത്തഡോൿസ് സഭ നോമ്പിലെ 36-ആം ഞായറാഴ്ച്ച സഭ ആകമാനം ആഘോഷിക്ക്ന്ന കാതോലിക്കാ ദിനത്തിൻറെ ഭാഗമായി, റോക്‌ലാൻഡ്‌ St. മേരിസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിലും (66 East Maple Ave., Suffern New...

ഫൊക്കാന ഇന്റർനാഷനൽ ചാപ്റ്ററിന്റെ ഭാഗമായാ മുംബൈ ചാപ്റ്ററിന്റെ ഉൽഘാടനം പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.

ഫൊക്കാന അന്തർദേശിയ തലത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫൊക്കാന ഇന്റർനാഷനൽ ചാപ്റ്ററിന്റെ രൂപീകരണം മുംബൈ റമദാ ഹോട്ടലിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ  അദ്ധ്യക്ഷതയിൽ  കൂടിയ യോഗത്തിൽ   നോർക്ക രുട്ട്സ് റസിഡന്റ്...

ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി –

ന്യൂ യോർക്ക്: ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി നടത്തപ്പെട്ടു, മാർച്ച്‌ 25 ശനിയാഴ്ച വൈകിട്ട് 5:30 ന് വിളിച്ചു ചേർത്ത ചടങ്ങിൽ പ്രശസ്ത സിനിമ താരവും മോഡലും ആയ...

അനോജ്‌കുമാറിന് ഹൂസ്റ്റണിൽ ഊഷ്‌മള സ്വീകരണം നൽകി

ഹൂസ്റ്റൺ: ഹൃസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിച്ചേർന്ന വേൾഡ് മലയാളി കൌൺസിൽ (ഡബ്ലിയുഎംസി) ഇന്ത്യ റീജിയൻ മുൻ പ്രസിഡന്റും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ അനോജ്‌കുമാർ പി.വി.യ്ക്ക് ഹൂസ്റ്റണിൽ നൽകിയ സ്വീകരണം പ്രൗഢ ഗംഭീരമായി. ഡബ്ലിയുഎംസി...
WP2Social Auto Publish Powered By : XYZScripts.com
error: