“നിങ്ങക്കിപ്പോ എന്നെ ഇഷ്ടല്യേ? തുടരെ തുടരെ വിട്ട ചോദ്യങ്ങൾക്കൊന്നും റിപ്ലെ കാണാതിരുന്നപ്പോഴാണ് അവളത് അയാളോട് ചോദിച്ചത്. അതിനും നീല കണ്ണിന്റെ നോട്ടം മാത്രം നൽകി അയാൾ പൊയ്ക്കളഞ്ഞു. മറുപടി കൊടുക്കാതെ. അവൾ വല്ലാതെ ചൊടിച്ചു. വായിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞു. ഒടുവിൽ സഹികെട്ട പോലെ ” ഇഷ്ടല്യ എന്ന മെസ്സേജ് വിട്ടയാൾ അവളെ ബ്ലോക്ക് ചെയ്തു.
അയാൾക്കവൾ അന്യയായിരുന്നില്ല. തിരിച്ചും . പക്ഷെ എവിടെയോ മുറിഞ്ഞു പോയി കഷ്ണമായി പോയ സ്നേഹത്തെ പകലന്തിയോളമൾ കൂട്ടിയിണക്കാൻ ശ്രമിച്ചു. ക്ഷീണിച്ചു പോയതു മിച്ചം. മുറിഞ്ഞു പോയ കഷ്ണങ്ങൾ കൈവെള്ളയിൽ വെച്ച് ഉറങ്ങിയതു കൊണ്ടാവണം, അവൾ കിനാവ് കണ്ടത്. തീവണ്ടി പോലെ കൂട്ടിയിണക്കിയ സ്നേഹ ചങ്ങലയെ .അതിന് സ്വർണ്ണ വർണ്ണവും , രസിപ്പിക്കുന്ന മണി മുഴക്കവുമുണ്ടായിരുന്നു. പക്ഷെ ഉണരുമ്പോൾ വീണ്ടും മുറിഞ്ഞു പോയി കഷ്ണമാക്കപ്പെട്ട അവയെ നോക്കി അവൾ നെടുവീർപ്പിടുകയോ, കണ്ണീർ തൂവുകയോ ചെയ്തു.
അവൾക്കയാളോട് വല്ലാത്ത സ്നേഹമായിരുന്നു. അയാൾക്ക് തിരിച്ചും.
പക്ഷെ പ്രേമമോ കാമമോ ആയിരുന്നില്ല. ഒരു സ്നേഹം .അതിനെ അവർ രണ്ടാളും സ്നേഹമെന്നു തന്നെ വിളിച്ചു. മറ്റൊരു പര്യായപദമവർ തേടിയില്ല. അതിന് പുതിയ ചിറകുകളോ, കാലുകളോ, കണ്ണോ മൂക്കോ നൽകിയില്ല. എങ്കിലും രണ്ട് പേരുടേയും ഹൃദയത്തിന്റെ പാതിയവർ തുന്നിച്ചേർത്തു അതിൽ .
അവളൊത്തിരി പുരാണം പറഞ്ഞു. നക്ഷത്രങ്ങൾ പെയ്ത രാവുകളിൽ. അതിലയാൾക്ക് എതിർപ്പൊന്നുമുണ്ടായിരുന്നില്ല.
അവൾ , അവൾക്കറിയാവുന്ന പോലെ പാട്ടുപാടുകയും കഥ പറയുകയും ചെയ്തു, നിലാവ് പെയ്യണ നേരങ്ങളിൽ .
അയാളൊരു തിരക്ക് പിടിച്ച , മുഷിപ്പ് കേറി പുസ്തകങ്ങളിലേക്കൊളിക്കുന്ന മനുഷ്യനായിരുന്നു. പുസ്തകങ്ങൾക്ക് നടുവിൽ നിന്ന് നൃത്തം ചെയ്യുന്ന മറ്റൊരു റൂമിയായി അയാൾ മാറിയിരുന്നു പലവട്ടം. അയാൾ ഈ നിമിഷങ്ങളെ പ്രണയിച്ചിരുന്നു. ഒരു സംസാരപ്രിയനായിരുന്നില്ല എങ്കിലും അവളുടെ ശബ്ദ കോലാഹലങ്ങളിൽ അയാൾ, അവൾക്കായി മൂളുകയോ, തലയാട്ടുകയോ ചെയ്തിരുന്നു. അവളൊരു തോരാ പെയ്ത്തായി നനച്ചു കൊണ്ടിരുന്നു പലവട്ടം.
പെട്ടെന്നായിരുന്നു അയാളിലെ മാറ്റം. അയാളുടെ മൗനത്തിന്റെ സന്ധ്യ മെല്ലെ മെല്ലെ ഇരുളിനെ ഗർഭം ധരിക്കുകയായിരുന്നു. പുസ്തക കെട്ടുകളിലേക്ക് കൂടുതൽ ഊളിയിട്ടിറങ്ങി അയാളവളുടെ പുരാണ പെയ്ത്തിന് തലയാട്ടാനോ, മൂളാനോ നിന്നു കൊടുത്തില്ല. ഹൃദയത്തിലെവിടെയോ ഇറ്റിച്ച് വെച്ച വാത്സല്യത്തുള്ളി അയാളിൽ ഇടക്കിടക്ക് വിയർപ്പ് കണം പോലെ പ്രത്യക്ഷപ്പെട്ടിരുന്നു. അത് കൊണ്ട് മാത്രമായിരുന്നു അവളയാൾക്ക് ചുറ്റും പൂമ്പാറ്റയായി പറന്നത്. അവൾ ചില നേരങ്ങളിൽ ഒരു കുട്ടിയെ പോലെ കൊഞ്ചുകയും പുന്നാരിക്കുകയും ചെയ്തിരുന്നു. ചില നേരങ്ങളിൽ മാത്രം അയാൾ പുഞ്ചിരിച്ചിരുന്നു. എന്തുകൊണ്ടോ അവൾക്കയാളെ നേരിൽ കാണാനൊന്നും തോന്നിയില്ല. ഒരിക്കൽ പോലും . പക്ഷെ നിലാവൊന്നുമില്ലാത്ത രാത്രികളിൽ ആകാശത്ത് അയാൾ വന്നുദിക്കുന്ന പോലെ അവൾക്കനുഭവപ്പെട്ടിരുന്നു.
ഇന്ന് , നിശബ്ദമായ അയാളുടെ വാട്സാപ്പിലേക്ക് നോക്കി അവൾ നെടു വീർപ്പിട്ടു. അവസാനം വന്ന മെസ്സേജ വളെ ഒരു കണ്ണ് തുറന്ന ശവത്തെ പോലെ പേടിപ്പിച്ചു. വെന്തു നീറിയ കിനാവുകൾ അവളുടെ ഉറക്കം കെടുത്തിയിരുന്നു. തിരികെ വന്നിരുന്നെങ്കിലെന്നവൾ ഒരു പാട് മോഹിക്കുകയും ആശിക്കുകയും ചെയ്തു. കാരണമവൾക്ക് അയാളോട് പുരാണിക്കാൻ ഒത്തിരിയിഷ്ടമായിരുന്നു. എപ്പോഴാണ് തന്നിൽ നിന്നയാൾ ഇറങ്ങി നടന്നു പോയതെന്ന് ഇടക്കിടെ ഓർക്കുന്നുണ്ടവൾ , നക്ഷത്രങ്ങൾ പെയ്യുന്ന ചില രാത്രികളിൽ. കൂട്ടി കെട്ടാനാവാതെ കിനാവുകൾ പല്ലിളിച്ച് കാണിക്കുകയാണ് നിലാവ് പൂക്കണ നേരങ്ങളിൽ .
✍ ജസീറ അനസ്