17.1 C
New York
Monday, December 4, 2023
Home Literature അഭയാർത്ഥികൾ..(കഥ)

അഭയാർത്ഥികൾ..(കഥ)

നിരഞ്ജൻ അഭി മസ്ക്കറ്റ്, ഒമാൻ

അരിച്ചിറങ്ങുന്ന തണുത്ത കാറ്റിനൊപ്പം പ്രഭാതത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് എൽസാൽവദോർ എന്ന ലാറ്റിനമേരിക്കൻ രാജ്യത്തെ സാൻ മാർട്ടിൻ ഗ്രാമം..

“റാമിറെസ്..റാമിറെസ്..”..
എഴുന്നേൽക്കൂ..”മോൾ വല്ലാതെ കരയുന്നുണ്ട് ,ഈ കരച്ചിൽ കേട്ടും ഉണരാതെ നിനക്ക് എങ്ങനെ ഉറങ്ങാൻ കഴിയുന്നു..?”

അമ്മ റോസയുടെ ദേഷ്യവും ഈർഷ്യയും നിറഞ്ഞ കനത്തിലുള്ള വിളി കേട്ടാണ് റാമിറെസ് കണ്ണുകൾ തിരുമ്മി എഴുന്നേൽക്കുന്നത്..
ദിവസങ്ങളോളം പട്ടിണികിടന്നു വലഞ്ഞ റാമിറസിന്റെ വിളറിയ മുഖത്തു ഉറക്കം തൂങ്ങിയ കുഴിഞ്ഞ കണ്ണുകൾ തളർച്ചയുടെ ആഴം വ്യക്തമാക്കുന്നുണ്ട്..
സാൻ മാർട്ടിൻ എന്ന കൊച്ചു ഗ്രാമം ഉണരുന്നതേ ഉള്ളു..
പഴയ തകര പാട്ടകളും,മരക്കമ്പുകളും, കീറിയ ചാക്കുകളും കൊണ്ട് മറച്ച
കൂരയിലേക്ക് സൂര്യ പ്രകാശം അരിച്ചിറങ്ങാൻ തുടങ്ങിയതേ ഉള്ളു..

ശൈത്യകാലം അവസാനിക്കാൻ ഇനിയും മാസങ്ങൾ ആകുമെന്ന് വീടിന് ചുറ്റുമുള്ള ഇലകൾ കൊഴിഞ്ഞ മരച്ചില്ലകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്..

അസഹ്യമായ തണുപ്പിൽ ചൂട് പകരുന്ന കനലുകൾ നിറച്ച ചട്ടി ചാരം മാത്രമായി അവശേഷിച്ചിരിക്കുന്നു..

ബാൽസാ ചെടികൾ നിറഞ്ഞതും ഇടക്കിടക്ക് ഇടതൂർന്നു വിടർന്നു നിന്നിരുന്ന ഐസോട്ട് പൂക്കളും മനോഹരമാക്കിയിരുന്ന പഴയ ഗ്രാമത്തിന്റെ ഭംഗി ഇന്ന് നഷ്ടമായിരിക്കുന്നു….
അങ്ങിങ്ങായി കാണുന്ന വരണ്ടുണങ്ങിയ ചോള പാടങ്ങളും
കരിഞ്ഞുണങ്ങിയ കാപ്പിച്ചെടികളും ആ ഗ്രാമത്തിലെ ഇല്ലായ്മയുടെയും പട്ടിണിയുടെയും ആഴം വ്യക്തമാക്കുന്നുണ്ട്..

“മോൾ ജാനെറ്റ് വല്ലാതെ കരയുന്നു..വിശന്നിട്ടാവും..നീ പോയി എന്തെങ്കിലും അവൾക്ക് കഴിക്കാൻ കിട്ടുമോ എന്ന് നോക്കൂ..”
“ചെറിയ കുട്ടിയല്ലേ അവൾക്ക് നമ്മളെപ്പോലെ എങ്ങനെ വിശപ്പ് സഹിക്കാൻ പറ്റും.? “

‘റോസാ.’..റാമിറെസിന്റെ അമ്മയാണ്..
നഷ്ടങ്ങളുടെ കണക്കുപുസ്തകം മാത്രം കൈമുതലായവൾ…
ദുസ്സഹമായ എൽസാൽവഡോറിലെ പട്ടിണി നിറഞ്ഞ ദുരിതജീവിതം കരകയറ്റാൻ ഭർത്താവ് ആൽബർട്ടോ ഹോണ്ടുറാസ് വഴി മെക്സിക്കോയിലേക്കും അവിടുന്ന് അമേരിക്കയിലേക്കും അഭയാർത്ഥിയായി കടക്കാൻ പോയതാണ്..എങ്ങനെയേലും അമേരിക്കൻ അതിർത്തി കടന്നു കിട്ടിയാൽ എന്തേലും ജോലി ചെയ്തു പട്ടിണി കൂടാതെ ജീവിച്ചു പോകാം എന്ന മോഹം…

വർഷം കുറെ കഴിഞ്ഞു..ഒരു വിവരവുമില്ല.ജീവിച്ചിരിപ്പുണ്ടോ അതോ അതിർത്തിയിൽ അമേരിക്കൻ പട്ടാളക്കാരുടെ വെടിയേറ്റ് മരണപ്പെട്ടോ എന്നൊന്നുമറിയില്ല…

റാമിറസിനെ വളർത്താൻ,അവനു ഭക്ഷണവും വസ്ത്രവും നല്കാൻ വല്ലാതെ കഷ്ടപ്പെട്ട നാളുകൾ..പക്ഷെ ഇത്രത്തോളം രാജ്യം പട്ടിണിയിലേക്കും വരൾച്ചയിലേക്കും പോയിരുന്നില്ല കഴിഞ്ഞ കാലങ്ങളിൽ..
രണ്ടു ദിവസങ്ങൾ കൂടുമ്പോളെങ്കിലും ചോള മാവു കൊണ്ടുള്ള ‘പപ്പുസ’ പലഹാരമെങ്കിലും കിട്ടാനുള്ള വഴിയുണ്ടായിരുന്നു…
അത് പിന്നീട് ചോളത്തിന്റെ ഇലകൾ അരിഞ്ഞു വെള്ളത്തിൽ തിളപ്പിച്ച് ആ വെള്ളം കുടിക്കൽ മാത്രമായി മാറി…
ഇപ്പോൾ കരിഞ്ഞുണങ്ങിയ ചെടികളെ നോക്കി നെടുവീർപ്പിടാനേ കഴിയുന്നുള്ളു….

തന്റെയും റാമിറസിന്റെയും കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിലേക്ക് കടുത്ത പ്രണയത്തിന്റെ വസന്തത്തിനൊടുവിൽ മൂന്ന് വർഷങ്ങൾക്ക് മുമ്പ് റാമിറസ് കൂടെ കൂട്ടിയതാണ് ജൂലിയ എന്ന പെൺകുട്ടിയെ…

ജൂലിയയും സമാന സാഹചര്യങ്ങളിൽ നിന്ന് തന്നെ വന്നതാണ്.അതുകൊണ്ടു അവൾക്ക് വിശപ്പും പട്ടിണിയുമൊന്നും പുതുമയായിരുന്നില്ല.. ഇപ്പോൾ 2 വയസ്സുകാരി മോൾ ജാനെറ്റ് കൂടി അവർക്കൊപ്പമായി….

ജാനെറ്റിന് റാമിറസ് എന്ന അപ്പയെ ജീവനാണ്..അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കലാണ് അവൾക്ക് ഏറ്റവും ഇഷ്ടം..ആ സമയം അവൾ വിശപ്പറിയാറില്ല എന്ന് തോന്നാറുണ്ട്..

പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ ഈ സാഹചര്യത്തിൽ കുടിക്കാൻ വെള്ളം കിട്ടുന്ന വീടിന് തൊട്ടടുത്ത നീർച്ചാൽ തന്നെ വലിയ ഭാഗ്യം…
പക്ഷെ ഇപ്പോൾ മോൾ ജാനെറ്റ് വന്നതിൽ പിന്നെ അവൾക്കുള്ള ഭക്ഷണം കണ്ടെത്തലാണ് വലിയ പ്രശ്നം..

റാമിറെസ് നിസ്സഹായതയോടെ അമ്മയെ നോക്കി..

“ഈ സാൻ മാർട്ടിനിൽ ഇനി എവിടെ പോകാനാണ്, ഒരു കൊളോൺ (പൈസ ) പോലും കൈയിലില്ല…”
ആരോട് എന്ത് ചോദിയ്ക്കാൻ.?

“അടുത്തുള്ള ചോള തോട്ടങ്ങളിൽ ഒന്ന് പോയി നോക്കൂ റാമിറെസ്..കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ കൊഴിഞ്ഞു വീണ ചോളമണികളെങ്കിലും കിട്ടുമോ എന്ന്..കുറച്ചേലും കിട്ടിയാൽ മോൾക്ക് അത് തിളപ്പിച്ച് കൊടുക്കാം.”

“ജൂലിയ എവിടെ..?”..
റാമിറെസ് അമ്മയോട് ചോദിച്ചു. “അവളും ഉണർന്നിട്ടില്ല.. തളർന്നു ഉറങ്ങുകയാവും.
അവളെ വിളിച്ചിട്ട് കാര്യമില്ലല്ലോ അതാണ് നിന്നെ വിളിച്ചത്..”

“സാൻ മാർട്ടിനിലോ എൽസാൽവദോറിലോ ഇനിയും എത്ര നാൾ നമുക്കിങ്ങനെ കഴിയാൻ പറ്റും..?
അച്ഛന്റെ വഴിയേ അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ചാലോ നമുക്കെല്ലാവർക്കും കൂടി..”

റാമിറസിന്റെ പറച്ചിൽ കേട്ടപ്പോ ആദ്യമൊരു ഭയമാണ് റോസയുടെ മിഴികളിൽ നിറഞ്ഞത്…

കാരണം ജീവന് യാതൊരു ഉറപ്പുമില്ലാത്ത യാത്രയാണ്..നൂറുകണക്കിന് കിലോമിറ്ററുകൾ കാൽ നടയായി താണ്ടണം…പോകുന്ന വഴിയിൽ കുടിക്കാനോ കഴിക്കാനോ എന്തെങ്കിലും കിട്ടിയെന്നു വരികയുമില്ല..
അങ്ങനെ അമേരിക്കൻ അതിർത്തിയിൽ എത്തിയാലും അത് കടന്നു അമേരിക്കൻ മണ്ണിൽ എത്തുക എന്നുള്ളത് ഒരു ചൂതാട്ടം മാത്രം….
അഭയാർഥികളായി ആയിരക്കണക്കിന് ആളുകൾ ശ്രമിക്കുമ്പോൾ വളരെ ചുരുങ്ങിയ ആളുകൾക്ക് മാത്രം സാധിക്കുന്നത്…
അതിർത്തിയിലുടനീളം അമേരിക്കൻ പട്ടാളക്കാരുടെ റോന്തു ചുറ്റൽ സദാസമയവും ഉണ്ട്..കണ്ടാൽ വെടിവെച്ചു വീഴ്ത്തുകയെ ഉള്ളു അവർ..
“ടാക്കുബ ടൗണിലോ സാൻ വിസിന്റെയിലോ എത്തിയശേഷമേ മെക്സിക്കോയിലേക്ക് കടക്കാൻ പറ്റൂ…കൂടാതെ അതിശൈത്യത്തിന്റെ പിടിയിലുള്ള ലാ പാൽമ ഗ്രാമം കടന്നുവേണം പോകാനും…”.”ജൂലിയയും മോളുമായി നമുക്കെങ്ങനെ അത്ര ദൂരം സഞ്ചരിക്കാൻ പറ്റും റാമിറസ്..?
റോസയുടെ ചോദ്യത്തിന് നിസ്സഹായമായ ഒരു നോട്ടം മാത്രമായിരുന്നു റാമിറസിന്റെ മറുപടി…
കുറച്ചു നേരത്തെ നിശ്ശബ്ദതതക്ക് ശേഷം റാമിറസ് പറഞ്ഞു
“മമ്മാ നമുക്ക് മുന്നിൽ രണ്ടു വഴികളേയുള്ളു..ഒന്നുകിൽ ഈ നരകതുല്യമായ ജീവിതം നയിച്ച് പട്ടിണികിടന്നു മരിക്കുക…അല്ലെങ്കിൽ അച്ഛന്റെ വഴിയേ നമ്മളും അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ചു നോക്കുക..ഒന്നുകിൽ മരണം അല്ലെങ്കിൽ പുതിയ പ്രതീക്ഷകളുടെ ജീവിതം..”
“രണ്ടിലൊന്നു തീരുമാനിക്കാൻ സമയമായി..”

ജാനെറ്റ് മോളുടെ കരച്ചിലിന്റെ ശക്തി കുറഞ്ഞു കുറഞ്ഞു വന്നു അവൾ റോസയുടെ തോളിലേക്ക് വീണു വീണ്ടും മയക്കത്തിലായി…

റാമിറസ് പുറത്തേക്ക് പോയി..

കുറെ സമയത്തെ തിരച്ചിലിനൊടുവിൽ ഒരുപിടി ചോളത്തിന്റെ ധാന്യമണികളും ഏതോ ചെടിയുടെ ഒരു കിഴങ്ങുമായി വന്നു….

മൂന്ന് പേരുടെ വിശപ്പടക്കാൻ അത് ഒട്ടും പര്യാപ്തമായിരുന്നില്ല..

അപ്പോഴേക്കും ഉണർന്നെണീറ്റ ജൂലിയ പാത്രമെടുത്തു തൊട്ടടുത്ത് ഒഴുകുന്ന സുചിട്ടോട്ടോ നദിയുടെ കൈവഴിയിലേക്ക് വെള്ളമെടുക്കാൻ പോയി..
മെലിഞ്ഞു നീരുറവപോലെ ഒഴുകിക്കൊണ്ടിരിക്കുന്ന
ആ ചെറിയ നീരൊഴുക്കാണ് അവരുടെ ദാഹം ശമിപ്പിച്ചിരുന്നത്…അല്ല ജീവൻ നിലനിർത്തിയിരുന്നത് തന്നെ…

ജൂലിയ വെള്ളവുമായി വന്നയുടനെ റോസ ചോളത്തിന്റെ ആ ഒരുപിടി ധാന്യമണികളും ആ ചെറിയ കിഴങ്ങും വെള്ളവും ചേർത്ത് തിളപ്പിച്ചെടുത്തു..
ജാനെറ്റ് മോൾക്ക് കൊടുക്കാനായി
സൂപ്പ് പോലെയുണ്ടാക്കിയ ആ വെള്ളം കുറച്ചെടുത്തു ഒരു പാത്രത്തിൽ
തണുക്കാൻ വെച്ചു…
ബാക്കി അവർ മൂന്ന് പേരും ചേർന്ന് ആർത്തിയോടെ കുടിച്ചു തീർത്തു…

ചെറിയരുന്മേഷം കിട്ടിയ റാമിറസ് റോസയോട് വീണ്ടും പറഞ്ഞു.
“മമ്മാ..ഇവിടെ ഇനിയും ഇങ്ങനെ കഴിഞ്ഞിട്ട് കാര്യമില്ല..നമുക്ക് പോകാൻ നോക്കാം..”.

റോസ ഒന്നും പറയാതെ നെടുവീർപ്പിട്ടു..
കുറച്ചു നേരം എന്തോ ആലോചിച്ചിട്ട് അവർ പറഞ്ഞു.
“റാമിറസ്…നിന്റെ ഇഷ്ടം പോലെ ചെയ്യാം.മരിക്കാനായാലും ജീവിക്കാനായാലും മമ്മയും ദാ ഇവരും നിന്റെ കൂടെയുണ്ട്…”

മുഖത്ത് ഭയം നിഴലിച്ചിരുന്നുവെങ്കിലും അത് കാണിക്കാതെ അവർ പറഞ്ഞു..
“മെക്സിക്കോ അതിർത്തിയിൽ എത്തിയാൽ റിയോ ഗ്രാൻഡെ നദി മുറിച്ചു കടക്കേണ്ടി വരും..ഒരുപാട് പേരുടെ ആത്മാക്കളെ പേറുന്ന ശ്മശാന നദിയാണത്….”
“ആ വഴിയേ മാത്രേ എളുപ്പം അമേരിക്കയിലേക്ക് കടക്കാനും പറ്റൂ..പട്ടാളക്കാരുടെ നിരീക്ഷണങ്ങൾ കുറവുള്ള സ്ഥലവും അതേയുള്ളു…”
“നിന്റെ അച്ഛൻ പോകുന്നതിന് മുമ്പ് പറഞ്ഞതാണ് ആ വഴി കടക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന്…”

“നമുക്കും ആ വഴി തന്നെ നോക്കാം മമ്മ..” റാമിറസിന്റെ വാക്കുകളിൽ അതുവരെയില്ലാത്ത ആത്മവിശ്വാസം സ്ഫുരിച്ചിരുന്നു…

“കൈയിലെടുക്കാവുന്ന ഉടുപ്പുകൾ മാത്രമെടുത്താൽ മതി..ബാക്കിയെല്ലാം ദൈവത്തിന്റെ വിധിപോലെ നടക്കട്ടെ..”

എല്ലാം കേട്ടുകൊണ്ടിരുന്ന ജൂലിയ കുറച്ചു നേരം ഒന്നും മിണ്ടാതെ നിർവികാരതയോടെ
ദൂരേക്ക് കണ്ണെറിഞ്ഞു…

“എപ്പോഴാണ് റാമിറസ് നമ്മൾ പോകുന്നത്..? “
ജൂലിയ പെട്ടന്ന് ചോദിച്ചു..
അവളിലും എന്തോ പ്രതീക്ഷ വിടരുന്നതായി അവനു തോന്നി..

“നമ്മൾ ഇന്ന് തന്നെ പുറപ്പെടുന്നു ജൂലിയ. നീയും അമ്മയും കൂടി അത്യാവശ്യം തുണികളും കമ്പിളിയും എടുത്തു വെക്കൂ.”

          നട്ടുച്ചനേരത്തും തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു..

റോസയും ജൂലിയയും കൂടി ഒരു ചെറിയ ഭാണ്ഡക്കെട്ട് തയ്യാറാക്കി വെച്ചു…
ജനിച്ച നാടും വീടും വിട്ട് അഭയാർഥികളായി സഞ്ചാരം തുടങ്ങുന്ന എല്ലാവരെയും പോലെ നിശബ്ദതയും നിർവികാരതയും നിറഞ്ഞിരുന്നു അവരുടെ മുഖങ്ങളിൽ..

“നമുക്ക് ഇറങ്ങാം എന്നാൽ..” റാമിറസ് അവരോടായി പറഞ്ഞു..

നിശബ്ദത കൂടുകൂട്ടിയ അവരുടെ മ്ലാനമായ മുഖങ്ങളിൽ ഭയത്തിന്റെയും പ്രതീക്ഷയുടെയും സമ്മിശ്ര വികാരങ്ങൾ അലയടിക്കുന്നുണ്ടായിരുന്നു….

കെട്ടിവെച്ച ഭാണ്ഡക്കെട്ട് റോസ കൈയിൽ എടുത്തു…
അവർ പുറത്തേക്കിറങ്ങി..
ജൂലിയയുടെ തോളിൽ ജാനെറ്റ് മോൾ തളർന്നുറങ്ങുകയാണ്..

“മമ്മ… ആ കെട്ട് ഇങ്ങു തരൂ ഞാനെടുക്കാം..” റാമിറസ് പറഞ്ഞുകൊണ്ട് തന്നെ അവരിൽ നിന്ന് ആ ഭാണ്ഡക്കെട്ട് എടുത്തു ചുമലിൽ തൂക്കി..

സൂര്യൻ തലക്ക് മുകളിൽ എത്തിയിരിക്കുന്നു.രാവിലത്തെ കൊടും തണുപ്പിന് ശമനമായിരിക്കുന്നു.

മുകളിൽ ആകാശത്തു കറുത്തിരുണ്ട മേഘക്കൂട്ടങ്ങൾ അങ്ങിങ്ങായി ചിതറി തെറിച്ചു ഏതോ ലക്ഷ്യത്തിലേക്കെന്നപോലെ പറന്നു പോകുന്നുണ്ട്…അതിർത്തികൾ വിലങ്ങു തടികളാകാത്ത അഭയാർത്ഥികളെ പോലെ…

‘ആ മേഘങ്ങൾ എത്ര ഭാഗ്യം ചെയ്തവരാണ്..എങ്ങോട്ടും പറന്നു പോകാം.എവിടെയും പെയ്തോഴിയാം..ആർക്കും അവയെ തടയാൻ ആകില്ലല്ലോ’…റാമിറസ് മനസ്സിൽ ചിന്തിച്ചു…

ഒരു നീണ്ടയാത്രയുടെ പിരിമുറുക്കം
വല്ലാതെ അലോസരപ്പെടുത്തുന്നുവെങ്കിലും
പോകാതെ വയ്യല്ലോ…

വീടും പരിസരവും ഒന്നുകൂടി തിരിഞ്ഞു നോക്കി നെടുവീർപ്പിട്ട് അവർ പതിയെ യാത്ര തുടങ്ങി..

കയറ്റവും ചെങ്കുത്തായ ഇറക്കങ്ങളും, പൂഴിമണ്ണും,കല്ലുകളും ഇടക്ക് പൈൻ മരങ്ങളും നിറഞ്ഞ പാതയിലൂടെ അവർ നടന്നു നീങ്ങി..

നാലഞ്ചു ദിവസങ്ങൾ എടുക്കും ഹോണ്ടുറാസ് അതിർത്തി കടന്നു മെക്സിക്കോ വഴി അമേരിക്കൻ അതിർത്തിയിൽ എത്താൻ..

ഇടക്ക് ഏതേലും കാളവണ്ടിയോ മറ്റോ കയറാൻ പറ്റിയാൽ കുറച്ചു നേരത്തേ എത്താൻ കഴിയും..ഇടക്ക് കാണുന്ന മരച്ചുവടുകൾ മാത്രം പലപ്പോഴും അവർക്ക് ഇടത്താവളങ്ങളായി…

രണ്ടാമത്തെ ദിവസം അവർ ലാ പാൽമ ഗ്രാമം കടന്നു ടാബുക്ക നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലെ ഊടുവഴികളിലൂടെ മെക്സിക്കോ അതിർത്തിയിലെത്തി..

ഇനിയങ്ങോട്ട് വളരെ പേടിക്കണ്ട സാഹചര്യങ്ങൾ ആണ്.കള്ളന്മാരും മയക്കുമരുന്ന് കൊള്ളക്കാരും അരങ്ങു വാഴുന്ന മെക്സിക്കോയിലെ പ്രാന്ത പ്രദേശങ്ങളിലൂടെ വേണം കടന്നു പോകാൻ…

മെക്സിക്കോയിലൂടെ ഒന്നര മുതൽ രണ്ടു ദിവസത്തെ യാത്രകൊണ്ട് അമേരിക്കൻ അതിർത്തിയിലെ റിയോ ഗ്രാൻഡെ നദിക്കരയിലെത്താം…

അവിടുന്ന് നദി നീന്തി മുറിച്ചു കടന്നാൽ അമേരിക്കൻ മണ്ണിലെത്താം…

റോസയും ജൂലിയയും നന്നായി ബുദ്ധിമുട്ടുന്നുണ്ട് നടക്കുവാൻ…
കാലുകൾ വല്ലാതെ തളരുമ്പോൾ വഴിയരുകിൽ കുറച്ചു നേരം വിശ്രമിച്ചാണ് യാത്ര…

“ഈ യാത്രയിലും ഭേദം അവിടെ പട്ടിണി കിടന്നു മരിക്കുകയായിരുന്നു നല്ലത്..”എന്ന് റോസാ ഇടക്ക് പിറുപിറുത്തുകൊണ്ടിരുന്നു…

കുറച്ചു ആശ്വാസമെന്നോണം ആ വഴിപോയ ഒരു കാളവണ്ടിക്കാരൻ കുറെ ദൂരം അവരെ കൊണ്ടുപോകുവാൻ തയ്യാറായി…

ഒന്നര ദിവസത്തെ യാത്രക്ക് ശേഷം അവർ കള്ളന്മാരുടെയും പിടിച്ചുപറിക്കാരുടെയും ശല്യങ്ങളൊന്നുമില്ലാതെ റിയോ ഗ്രാൻഡെ നദിക്കരയിലെത്തി..

രണ്ടു കരകളും തമ്മിൽ നല്ല അകലമുള്ള, ചെമ്മണ്ണ് കലർന്ന റിയോ നദി ശാന്തമായി ഒഴുകുന്നു..പക്ഷെ അതിശക്തമായ അടിയൊഴുക്കാണ് ആ നദിക്കെന്ന് മുൻപ് പലരുടെയും അനുഭവ സാക്ഷ്യമുണ്ട്…

റാമിറസ് റോസയെയും ജൂലിയെയും മോളെയും ഒരു മരത്തണലിൽ ഇരുത്തി നദിയുടെ വീതികുറഞ്ഞ ഭാഗം തേടി കുറെ ദൂരം നടന്നു…

കുറച്ചു സമയത്തിന് ശേഷം തിരിച്ചെത്തി അവരോടായി പറഞ്ഞു.
“കുറച്ചു കൂടി മുന്നോട്ട് പോകുമ്പോൾ
അല്പം അകലം കുറവുണ്ട് നദിക്ക്..
നമുക്ക് അങ്ങോട്ട് നീങ്ങാം.”

“കുറച്ചു ക്ഷീണം മാറിയിട്ട് പോരേ റാമിറസ്..?ഉടനെ വേണോ..?
നിനക്ക് കാലുകൾ വേദനിക്കുന്നില്ലേ.?” റോസ
ചോദിച്ചു..

“മറ്റാരെങ്കിലും ഈ ഭാഗത്തു എത്തുന്നതിന് മുമ്പ് നമുക്ക് അപ്പുറം കടക്കണം മമ്മ.”
“പലരും ഇത്തരം സാഹസത്തിന് ഈ നദിയുടെ പല ഭാഗങ്ങളിലും എത്തുന്നുണ്ട്..”

“ആളുകൾ കൂടുതൽ ആയാൽ അമേരിക്കൻ പട്ടാളക്കാർ അവരുടെ സെൻസർ ബലൂണുകളിലൂടെ കണ്ടുപിടിച്ചേക്കാം നമ്മളെ..”

“ദൈവത്തിന് നന്ദി ഇപ്പോൾ ഈ ഭാഗത്തു അത്തരം ബലൂണുകൾ ഒന്നും ആകാശത്തു കാണുന്നില്ല…”
ആകാശത്തേക്ക് നോക്കി റാമിറസ് പറഞ്ഞു..

അവർ പതിയെ റാമിറസ് പറഞ്ഞ റിയോ നദിയുടെ അകലം കുറഞ്ഞ ഭാഗത്തേക്ക് നടന്നു…

“മമ്മാ… ജാനെറ്റ് മോളെ ആദ്യം ഞാൻ അപ്പുറമെത്തിക്കാം..അതിന് ശേഷം നിങ്ങളെ ഓരോരുത്തരെ കൊണ്ട് പോകാം..ജൂലിയക്ക് കുറച്ചു നീന്തൽ വശമുള്ളത് കൊണ്ട് എനിക്ക് ചെറിയ ആശ്വാസമാകും..

“മോനെ റാമിറസ്…ആദ്യം ജൂലിയയെ എത്തിക്കുന്നതല്ലേ നല്ലത്..?
അപ്പോൾ ജാനെറ്റ് മോളെ തനിയെ അവിടെ നിർത്തണ്ടല്ലോ..”

“വേണ്ട മമ്മ…മോളെ അപ്പുറം എത്തിച്ചാൽ പകുതി ആശ്വാസമാകും നമുക്ക്..” ആദ്യം മോളെ കൊണ്ടുപോകാം..

റാമിറസ് കൈനീട്ടിയതും രണ്ടു വയസ്സുകാരി ജാനെറ്റ് ജൂലിയയുടെ കൈയിൽനിന്ന് അച്ഛന്റെ കൈയിലേക്ക് ചാടി…അവൾ
അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്ന് ഇരുന്നു..

അമ്പത് മീറ്ററോളം വീതി കാണും റിയോ നദിക്ക്..മോളെ റാമിറസിന്റെ പുറത്തു തോളിൽവെച്ചു ഒരു തുണികൊണ്ടു കെട്ടി…

റാമിറസ് മോളെയും കൊണ്ട് പതിയെ നദിയിലേക്കിറങ്ങി..
മുകൾ ഭാഗം കാണുന്ന പോലെയല്ല അടിയിൽ നല്ല ഒഴുക്കുണ്ട്..
റാമിറസിന്റെ കാലുകൾ ചെറുതായൊന്നു വിറച്ചു….
ധൈര്യം സംഭരിച്ചു നീന്താൻ തുടങ്ങി..

സാൻ മാർട്ടിനിലെ പുഴയിൽ നീന്തുന്നത്ര എളുപ്പമല്ല ഇവിടെ എന്ന് റാമിറസിന് മനസ്സിലായി…
എങ്കിലും സർവ ശക്തിയുമെടുത്തു അപ്പുറത്തെ കര ലക്ഷ്യമാക്കി അവൻ മോളെയുംകൊണ്ട് നീന്തി..

റോസയും ജൂലിയയും ശ്വാസമടക്കി ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്..

രണ്ടുമൂന്നു മിനിറ്റത്തെ നീന്തലിനൊടുവിൽ മോളെയും കൊണ്ട് റാമിറസ് അക്കരയെത്തി…

റോസയും ജൂലിയയും ആശ്വാസത്തോടെ നെടുവീർപ്പുതിർത്തു…

റാമിറസ് മോളെ തോളിൽ നിന്ന് ഇറക്കി ചേർത്തുനിർത്തി…

അൽപ സമയം ഇരുന്നിട്ട് ജാനെറ്റ് മോൾക്ക് ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു.
“അപ്പ പോയി മമ്മയെ ഒക്കെ കൊണ്ടുവരാം.മോൾ ഇവിടെ നോക്കി നിന്നോളൂ കേട്ടോ.”.
അവൾ തലയാട്ടി..
“ഇവിടെ നിന്ന് മാറരുത് ജാനെറ്റ്..അപ്പ ഉടനെ വരാം.”

അവൾ വീണ്ടും തലയാട്ടി..

ഒട്ടും സമയം കളയാനില്ല.കാലുകൾക്ക് വേദനയുണ്ടെങ്കിലും ജൂലിയയെയും അമ്മയെയും കൂടി ഇക്കരെ എത്തിക്കണം..

റാമിറസ് മോൾക്ക് ഒരുമ്മകൂടി കൊടുത്തിട്ട് വീണ്ടും നദിയിലേക്കിറങ്ങി നീന്താൻ തുടങ്ങി…

“റാമിറസ്….റാമിറസ്…..
നമ്മുടെ മോൾ..മോളെ നോക്കൂ…

പകുതി വരെയെത്തിയ റാമിറസ് റോസയുടെയും ജൂലിയയുടെയും ഉച്ചത്തിലുള്ള അലമുറ കേട്ട് തിരഞ്ഞു നോക്കി..

ജാനെറ്റ് മോൾ തന്റെ പിന്നാലെ തനിക്ക് നേരെ കൈ നീട്ടി പതിയെ നദിയിലേക്കിറങ്ങുന്നു…

റാമിറസിന് ശ്വാസം നിലച്ചപോലെ തോന്നി…ഒരു നിമിഷം പകച്ച അവൻ തിരികെ മോൾക്ക് അരികിലേക്ക് നീന്തി…
“മോളേ വെള്ളത്തിൽ ഇറങ്ങരുത്…അവിടെ നിൽക്കൂ..”
അവൻ അലർച്ചയോടെ പറഞ്ഞുകൊണ്ട് മോൾക്ക് അരികിലേക്ക് നീന്തി…

അപ്പോഴേക്കും ജാനെറ്റ് മോൾ കൂടുതൽ അടുത്തേക്ക് നീങ്ങുകയും നദിയിലേക്ക് വീണു പോകുകയും ചെയ്തു..നദിക്കപ്പുറം റോസയും ജൂലിയയും അലമുറയിട്ട് കരയുകയാണ്…

റാമിറസ് സർവ്വശക്തിയുമെടുത്തു മോൾക്ക് അരികിലേക്ക് നീന്തി..ഒഴുക്കിനൊപ്പം മുങ്ങിയും പൊങ്ങിയും പോകുന്ന മോൾക്ക് അരികിലേക്ക് ഭ്രാന്തനെപ്പോലെ അവൻ നീന്തി..

ഏതോ അദൃശ്യ ശക്തിയെന്ന പോൽ മോളുടെ കൈയിൽ പിടിത്തമിടാൻ റാമിറസിന് കഴിഞ്ഞു..മോളെ ഒരു കൈ കൊണ്ട് പെട്ടന്ന് തന്റെ ബനിയനുള്ളിലേക്ക് ആക്കാനും അവനു കഴിഞ്ഞു…

പക്ഷെ കാലുകൾ ചലിക്കാൻ കഴിയാത്ത വിധം തളർന്നു പോയത് റാമിറസ് ഒരു ഞെട്ടലോടെ അറിഞ്ഞു.
അവന്റെ സർവ്വശക്തിയുമെടുത്തു
നീന്താൻ നോക്കിയിട്ട് ഒട്ടും കഴിയാതെ കാലുകൾ താഴേക്ക് താണു പോകുന്നു…

മോളുടെ കൈ കഴുത്തിലൂടെ ചുറ്റി പിടിച്ചിട്ടുണ്ട്.പക്ഷെ തനിക്ക് നീന്താൻ കഴിയുന്നില്ലല്ലോ..ശക്തമായ അടിയൊഴുക്കിൽ താനും മോളും താഴേക്ക് താണു പോകുന്നത് നിസ്സഹായതയോടെ അവൻ അറിഞ്ഞു…

റാമിറസും മോളും ഒഴുകി പോകുന്നത് കണ്ട് ഞെട്ടിത്തരിച്ചു അലമുറയിട്ടു കരഞ്ഞ റോസയും ജൂലിയയും ബോധരഹിതരായി…

ഈ ലോകത്തെ ദുരിത ജീവിതത്തിൽ തങ്ങളെ തനിച്ചാക്കി റാമിറസും ജാനെറ്റ് മോളും പോയത് ഒരു ദുസ്വപ്നമല്ല എന്നറിയാതെ റോസയും ജൂലിയയും നദിക്കരയിൽ ബോധരഹിതരായിത്തന്നെ കിടന്നു…

രണ്ടു നാളുകൾക്ക് ശേഷം റിയോ ഗ്രാൻഡെ നദിയുടെ ഒരു ഭാഗത്തു റാമിറസിന്റെയും മോളുടെയും തണുത്തുറഞ്ഞ ശരീരങ്ങൾ കരയ്ക്കടിഞ്ഞപ്പോഴും ജാനെറ്റ് മോളുടെ കൈ റാമിറസിന്റെ കഴുത്തിൽ വട്ടം ചുറ്റി അവനോടു ചേർന്ന് അവളാ ബനിയനുള്ളിൽ തന്നെ ഉണ്ടായിരുന്നു…

കാർമേഘക്കൂട്ടങ്ങൾ നിറഞ്ഞ റിയോനദിയുടെ ഇരുണ്ട ആകാശത്തു കഴുകൻമാർ ആ കാഴ്ചകണ്ടു താഴ്ന്നു പറന്നു കൊണ്ടിരുന്നു…!

നിരഞ്ജൻ അഭി.

FACEBOOK - COMMENTS

WEBSITE - COMMENTS

10 COMMENTS

 1. വളരെ ഹൃദയസ്പർശിയായ, ജീവൻ തുടിക്കുന്ന കഥനം.കഥ വായിക്കുമ്പോൾ മനസ്സ് അവരോടൊപ്പം സഞ്ചരിക്കുന്നതുപോലെ തോന്നിക്കുന്ന അനുഭവം. ചില നല്ല നോവലുകൾ വായിക്കുമ്പോൾ കിട്ടുന്ന feel.

  • ഒരുപാട് സന്തോഷം നന്ദി സ്നേഹം ചേട്ടാ വായനയ്ക്കും നല്ല മറുകുറിപ്പിനും.🌹🙏🙏

  • ജയാ സന്തോഷം സ്നേഹം വായനയ്ക്കും മറുപടിക്കും 🌹😍🙏🙏

 2. Super!! വളരെ ഹൃദയസ്പർശിയായ കഥ!അഭിനന്ദനങ്ങൾ നിരഞ്ജൻ 👏👏🙂

  • ഒരുപാട് സന്തോഷം സ്നേഹം ദിവ്യാ വായനയ്ക്കും മറുപടിക്കും 🙏

 3. ഒരുപാട് പേരുടെ ആത്മാക്കളെ പേറുന്ന ശ്മശാന നദിയിൽ രണ്ടു ആത്മാക്കളും കൂടി….
  ഹൃദയ സ്പർശിയായ കഥ… 👏👏

  • ഒരുപാട് സന്തോഷം നയന ഈ നല്ല വായനയ്ക്കും മറുപടിക്കും 🙏🌹🌹

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ശിൽപശാല സംഘടിപ്പിച്ചു

കോട്ടയ്ക്കൽ:  ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് അൽമാസ് ഹോസ്പിറ്റൽ വീൽചെയർ മാനേജ്മെന്റ് എന്ന വിഷയത്തിൽ ശില്പശാല നടത്തി. പ്രമുഖ ന്യൂറോസർജൻ ഡോ. ഹരീഷ് ശ്രീനിവാസൻ ഉദ്ഘാടനം നിർവഹിച്ചു. കോട്ടക്കൽ IMB ക്കുള്ള സൗജന്യ വീൽചെയർ വിതരണം...

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു .

കോട്ടയ്ക്കൽ: ഞാറത്തടം ആർട്സ്& സ്പോർട്സ് ക്ലബ്‌ നാസ്ക് ഞാറതടം 10 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗം ആയി അഹല്യ ഫൌണ്ടേഷൻ കണ്ണാശുപത്രി ആയി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലബ്‌ പ്രസിഡന്റ്‌ അക്ബർ കാട്ടകത്ത് അധ്യക്ഷത വഹിച്ച...

മലപ്പുറം ജില്ലാ സ്കൂൾ കലോത്സവം കോട്ടയ്ക്കലിൽ

കോട്ടയ്ക്കൽ.--"നാദം ഗണനാദം. കലയുടെ സ്വർഗീയ നാദം". 34 അധ്യാപകർ നല്ല ഈണത്തിൽ, പ്രത്യേക താളത്തിൽ പാടുകയാണ്. ഉഷ കാരാട്ടിൽ എഴുതി കോട്ടയ്ക്കൽ മുരളി സംഗീതം നൽകിയ 8 മിനിറ്റ് ദൈർഘ്യമുള്ള സ്വാഗതഗാനം ജില്ലാ...

അവഹേളനം: കേസ്

കോട്ടയ്ക്കൽ. മണ്ഡലകാലത്തെയും അയ്യപ്പഭക്തരെയും സമൂഹമാധ്യമത്തിലൂടെ അവഹേളിച്ചെന്ന പരാതിയിൽ കോട്ടയ്ക്കലിലെ സിഐടിയു നേതാവ് മാന്തൊടി രാമചന്ദ്രനെതിരെ പൊലീസ് കേസെടുത്തു. ഹിന്ദു ഐക്യവേദി മണ്ഡലം സെക്രട്ടറി ചെറുകര വേണുഗോപാൽ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. കഴിഞ്ഞമാസം 18ന് സമൂഹമാധ്യമത്തിൽ വന്ന...
WP2Social Auto Publish Powered By : XYZScripts.com
error: