ശാരി യദു.
പറ്റില്ല ശരൺ..
എനിക്കതിൽ താല്പര്യമില്ല.
കല്യാണം കഴിഞ്ഞു രണ്ട് വർഷം ആയതല്ലേ ഉള്ളൂ. അതിനിടയിൽ ഒരു കുഞ്ഞോ…?
എനിക്ക് പ്രസവത്തിനൊന്നും ലീവ് അനുവദിക്കില്ല..
ഇപ്പോൾ ജോയിൻ ചെയ്തല്ലേ ഉള്ളൂ. പിന്നെ ഓഫീസിൽ ഉള്ളവർ എന്നോട് പറഞ്ഞു എന്റെ പഴയ ഫോട്ടോയിൽ ഉള്ളതിനേക്കാൾ സൗന്ദര്യം കല്യാണം കഴിഞ്ഞപ്പോൾ കുറഞ്ഞെന്ന്. അതിനിടയിൽ ഒരു കുഞ്ഞു കൂടി ….വേണ്ട…
ഭദ്ര രണ്ടു ചുവന്ന വരകളുള്ള പ്രെഗ്നൻസി കാർഡ് കയ്യിൽ പിടിച്ചു ശരണിനോട് പരാതി പറഞ്ഞുകൊണ്ടിരുന്നു
.
പകുതി തുറന്ന കണ്ണുകളോടെ പുതപ്പ് നീക്കി ശരൺ മെല്ലെ എഴുന്നേറ്റു. മുഖം കഴുകി. ഭദ്രയോട് കാര്യം അന്വേഷിച്ചു. ശരണിന് സന്തോഷം കൊണ്ട് എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ. അമ്മയെ വിളിക്കാൻ ഫോണിൽ ഡയൽ പാഡ് എടുക്കുമ്പോഴേക്കും ഭദ്ര എതിർത്തു. എനിക്ക് അബോർഷൻ വേണം.
ഭദ്രയുടെ ഭാവം മാറി.
എന്തു ചെയ്യണമെന്നറിയാതെ ശരൺ തരിച്ചു നിന്നും പോയി.അമ്മ നാല് മക്കളെ പ്രസവിച്ചിട്ടും പ്രായം കൂടി എന്നതൊഴിച്ച് സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരു കുറവുമില്ലല്ലോ….ശരൺ മനസ്സിൽ ആലോചിച്ചു.
ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി അവസാനം അന്നു തന്നെ ശരണും ഭദ്രയും ലീവെടുത്തു. ഒരു അച്ഛന്റെ വേദനയോടെ ശരൺ ഭദ്രയുടെ കൂടെ ആശുപത്രിയിലെത്തി.
ശരണിന്റെ കണ്ണുകൾ അവിടേ മൊത്തം ചലിച്ചു. വയറും താങ്ങി പിടിച്ചു എത്ര പേർ.കല്യാണം കഴിഞ്ഞ ഉടനെ ഗർഭിണിയായവർ ഇണക്കുരുവികളെ പോലെ കൊഞ്ചുന്നു . താനോ? നശിപ്പിക്കാനും.
അപ്പോഴാണ് ഒരു അത്യാഹിത രോഗിയെ ട്രോളിയിൽ തള്ളിക്കൊണ്ട് വരുന്നത് ശ്രദ്ധയിൽ പെട്ടത്. കാല് മുഴുവൻ ചോരയിൽ മുങ്ങി. ബ്ലീഡിങ് ആണ് പോലും. അറിയാതെ ശരണിന്റെ കണ്ണുകൾ ചേർത്തണച്ചു പോയി. ഭദ്ര ഒന്നിനെയും കൂസാതെ ചീട്ടും കയ്യിൽ പിടിച്ചു നിൽക്കുന്നു.
ടോക്കൺ നമ്പർ.11 ഭദ്രശരൺ. വിളി മുഴങ്ങി. ഡോക്ടറോട് അവൾ ഉറപ്പിച്ചു പറഞ്ഞു ഇപ്പോഴേ കുഞ്ഞിനെ വേണ്ടെന്നു. ഡോക്ടർ കുറെ ഉപദേശിച്ചെങ്കിലും ഭദ്ര വഴങ്ങിയില്ല. അവസാനം ഡോക്ടർ അവളുടെ ഇഷ്ടത്തിന് വഴങ്ങി. അബോർഷന്റെ കോളത്തിൽ ഭർത്താവിന്റെ ഒപ്പ് വേദനയോടെ പതിഞ്ഞു.
അതിനുള്ള ഗുളികകൾ ഡോക്ടരുടെ നിർദ്ദേശപ്രകാരം വാങ്ങി.
അപ്പോഴേക്കും ഒരു കൂട്ട നിലവിളിയുയർന്നു. നേരത്തെ തള്ളിക്കൊണ്ട് പോയ യുവതിയുടെ കുഞ്ഞു പ്രസവത്തിനിടെ മരിച്ചു. അവളുടെ ഭർത്താവിന്റെ നിലവിളി ആശുപത്രിയിലാകെ അലയടിച്ചു. പന്ത്രണ്ടു വർഷത്തിനിടെ ഇത് മൂന്നാമത്തെ കുഞ്ഞാണത്രെ ജീവനില്ലാതെ....
യുവതിയുടെ അമ്മ അതിനിടയിൽ ബോധരഹിതയായ് ആരുടെയൊക്കെയോ കൈകളിലേക്ക് വീണു.
ശരണിന്റെ കണ്ണുകളിൽ നിന്ന് മഴത്തുള്ളികൾ അറിയാതെ ഇറ്റു വീണു. ഭദ്രയിൽ കാർമേഘങ്ങൾ ഇരുണ്ടുകൂടി.
വേണ്ടിയിരുന്നില്ല ഇങ്ങനെയൊരു മഹാപാപം. കൈയിലുള്ള ഗുളികകൾ അവിടുത്തെ വേസ്റ്റ് ബാസ്കറ്റിലേക്കവൾ വലിച്ചെറിഞ്ഞു.
സുന്ദര്യത്തേക്കാൾ വലുതാണ് മാതൃത്വം എന്നവൾ അറിഞ്ഞു. പതിയെ തന്റെ ഉദരത്തെ തലോടി.
ഈ അമ്മ നിന്റെ കൂടെ ഉണ്ട് ട്ടോ….
മനസിലവൾ മൊഴിഞ്ഞു. മരിച്ചു പോയ യുവതിയുടെ കുഞ്ഞിന് വേണ്ടി രണ്ടു തുള്ളി കണ്ണുനീർ പൊഴിച്ചു ഭദ്രയെന്ന അമ്മ.
A good message for youngesters