വൈകുന്നേരം പതിവ് യാത്രയിൽ ഇന്നും അയാൾ തൊട്ടടുത്ത സീറ്റിൽ ഉണ്ടായിരുന്നു തീർത്തും ഒരപരിചിതൻ
എത്രയോ നാളായി അയാളും ഈ തീവണ്ടി യാത്രയുടെ ഭാഗമാണ് ആരുമായും സൗഹൃദമില്ലാത്ത ഒരാളായി
തീർത്തും അന്യമായ മനസോടെ ആരെയും ശ്രദ്ധിക്കാതെ ആരുമായും ഒരു പരിചയഭാവം പോലുമില്ലാതെ
അപരിചിതാ എനിക്ക് നിങ്ങളെയോ നിങ്ങൾക്കെന്നെയോ അറിയില്ല
എന്നിട്ടുംഓർമ്മയിൽ എവിടൊക്കെയോ നമ്മൾ പിന്നെയും പിന്നെയും കണ്ടുമുട്ടുന്നു എന്തിനെന്നറിയാതെ
രണ്ടപരിചിതരെപ്പോലെ ഒരു പുഞ്ചിരിയുടെ പൊട്ട് പോലുമില്ലാതെ ഒരു നോട്ടം കൊണ്ട് പോലും സ്നേഹമടയാളപ്പെടുത്താതെ നിങ്ങൾ ഇറങ്ങി പോകുന്നു
വെറുപ്പിന്റെ കട്ടി കൂടി കല്ലിച്ചു പോയ മുഖവും ലോകം മുഴുവൻ വെല്ലുവിളിക്കുന്ന കണ്ണുകളുമായി അയാൾ ഇനിയും യാത്രയിലുണ്ടാവും
ചോദിക്കണമെന്നുണ്ട്…ഹേയ് അപരിചിതാ നിങ്ങൾക്ക് ആരോടാണി ദേഷ്യം എന്താണ് നിങ്ങളുടെ നിസ്സംഗതയുടെ അർത്ഥം
അയാൾ ഇടയ്ക്ക് വരാതാവും പതിവാണ് പക്ഷെ ഇപ്പൊ അയാൾ ഇല്ലെന്ന് കാണുമ്പോൾ എന്തോ ഒരു വല്ലായ്മ
പുറത്തേയ്ക്ക് നോക്കിയിരിക്കുന്ന അയാൾക്കൊരു പ്രത്യേക ചന്തമായിരുന്നു….
പാറിപ്പറക്കുന്ന മുടിയിഴകളും ഭംഗിയുള്ള താടിയും തീഷ്ണത കൂടിയ നോട്ടവും അയാൾക്കൊരാഭരണം തന്നെയായിരുന്നു
ഈ കമ്പാർട്ട്മെന്റിൽ ഏറെയും സ്ഥിരം യാത്രക്കാരാണ് ജോലിക്കും പഠിക്കാനും പോകുന്നവർ നിത്യവും കാണുന്നവർ ഏറെയും യാത്രയിൽ കൂട്ടുകാരായവർ
പക്ഷെ അയാൾ മാത്രം ഒരിക്കലും ആരുമായും അടുത്തില്ല വിശേഷങ്ങളോ ഒരു ചിരിയോപോലും ആരുമായും പങ്കു വെച്ചില്ല
.
ഇടയ്ക്ക് വരാതിരിക്കിമ്പോൾ മനസ് തിരയും എവിടെയാണയാൾ വല്ലതും പറ്റിയോ അറിയാതെ ഒരു നോവ് പടർന്നു കയറും
അല്ലെങ്കിൽ തന്നെ ചിലപ്പോൾ മനസ്സങ്ങനെയാണ് വേണ്ടാത്തത് ചിന്തിക്കും
അയാൾ ആരായിരുന്നു തരിമ്പും സ്നേഹമില്ലാത്ത കണ്ണുകളോടെ ലോകത്തെ നോക്കിക്കണ്ട ആ മനുഷ്യൻ എങ്ങോട്ടാണ് പോവുന്നത്
അല്ലെങ്കിലും അയാൾ എനിക്കാരാണ് ഒരിക്കലും സൗഹൃദം കാണിക്കാത്ത സ്നേഹത്തിന്റെ ഒരു ചെറു ചിരികൊണ്ട് പോലും അടുപ്പം കാട്ടാത്ത മനുഷ്യനെ ഞാനെന്തിന് ഓർക്കണം
പക്ഷെ മനസ്സിപ്പോഴും ഉത്തരം തേടുന്നു ആരാണയാൾ.. ആരോടും ഒരു സൗഹൃദവും സൂക്ഷിക്കാത്ത മനസ്സോടെ എങ്ങോട്ട് പോയിരുന്നത്
ഹേയ് അപരിചിതാ മനസ്സിപ്പോഴും ഓർക്കുന്നത് നിങ്ങളെയാണ് ഒരിക്കലും പേര് പോലും പറഞ്ഞിട്ടില്ലാത്ത നിങ്ങളെ വെറുതെ… വെറും വെറുതെ…ഞാനോർക്കുകയാണ്
മീനു (ശ്രീലത മോഹൻ)✍