കൂയ്…. ആരാ അക്കരെ നിന്ന് വിളിക്കുന്നത്..? ഗോപാലനാണോ? ഓ! അവൻ പോയില്ലേ… ഇപ്പോൾ ഒരു പത്തുപന്ത്രണ്ടു വർഷമായിക്കാണും… അപ്പുറത്തും ഇപ്പുറത്തുമായി ഒപ്പം ഉണ്ടായിരുന്നവരെല്ലാം ഓരോരുത്തരായി ഈ മണ്ണിൽ അലിഞ്ഞു ചേർന്നു… അവസാനം കൂടെയുണ്ടായിരുന്ന ശ്രീധരനും പോയി കഴിഞ്ഞ വർഷം .. മരിക്കുന്നതിൻ്റെ തലേ ദിവസം വരെ ഈ വരമ്പത്ത് എന്നോടൊപ്പം ഉണ്ടായിരുന്നു.. വയസ്സാം കാലത്ത് ഈ പച്ചവിരിച്ചു കിടക്കുന്ന പാടങ്ങൾ നോക്കി ഇങ്ങനെ ഇരിക്കുകയാണ് ഏക സന്തോഷം…
ഈ കാണുന്ന വയലുകളെല്ലാം ഞങ്ങളുടെ സാമ്രാജ്യമായിരുന്നു.. ഇതിൽ ഇരുപത്തിരണ്ടു പറ എൻ്റേതായിരുന്നു… അന്ന് ഇവിടെ ഉഴുതു മറിക്കുമ്പോഴും ഞാറു നടുമ്പോഴുമൊക്കെ ഒരു ഉത്സവ പ്രതീതിയായിരുന്നു.. കൊയ്ത്തിൻ്റെ കാര്യമാണെങ്കിൽ ഒരു മഹാ ഉത്സവം തന്നെയായിരുന്നു.. ആ ആഹ്ളാദത്തിലൊക്കെ അവളും ഒപ്പം ഉണ്ടായിരുന്നു.. എൻ്റെ ലക്ഷ്മിക്കുട്ടി.. എന്നെക്കാൾ പന്ത്രണ്ടു വയസ്സ് കുറവായിരുന്നു അവൾക്ക്.. വയസ്സാം കാലത്ത് എൻ്റെ കാര്യങ്ങൾ അവൾ നോക്കിക്കൊള്ളുമെന്നായിരുന്നു പ്രതീക്ഷ.. പക്ഷെ എന്നെ തനിച്ചാക്കി അവളു പോയിക്കളഞ്ഞില്ലേ…
എട്ടുവർഷത്തോളമായി ഞാൻ ഒറ്റയ്ക്കായിട്ട്.. മക്കൾ മൂന്നും ആൺ പിള്ളേരായപ്പോൾ വയസ്സുകാലത്ത് എല്ലാവരും കൂടെ ഉണ്ടാകുമെന്ന് വിചാരിച്ചു.. കുടുംബ വീടിരിക്കുന്ന സ്ഥലത്തു തന്നെ മൂന്നു പേർക്കും മൂന്നു വീടുവെക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം.. കുട്ടികളായിരുന്നപ്പോൾ എല്ലാറ്റിനം അച്ഛനും അമ്മയും വേണമായിരുന്നവർക്ക്.. കൃഷിയിൽ ഒപ്പം കൂടിയ അവരെ ഞാനാണ് തടഞ്ഞത്.. അവരെല്ലാം പഠിച്ച് നല്ല നിലയിലാകണമെന്നായിരുന്നു എൻ്റെ ആഗ്രഹം.. പ്രതീക്ഷപോലെത്തന്നെ എല്ലാവരും നല്ല നിലയിലായി.. അപ്പോഴേയ്ക്ക് അവർക്ക് ഈ നാടും വീടും വേണ്ടാതായി.. മൂന്നു പേരും പോയി.. ഈ രാജ്യം വിട്ടു തന്നെ.. ആദ്യം ഒരുത്തൻ പിറകെ ബാക്കി രണ്ടെണ്ണവും.. കെട്ടിയോളുമാരും കുട്ടികളുമായി അവരവിടെത്തന്നെ സ്ഥിരതാമസ്സമാക്കി..
ലക്ഷ്മിക്കുട്ടി പോയപ്പോൾ എല്ലാവരും ഇവിടെ വന്നിരുന്നു.. അച്ഛൻ ഇവിടെക്കിടന്ന് കഷ്ടപ്പെടണ്ട, അച്ഛൻ്റെ കാര്യം ഞങ്ങൾ ഏർപ്പാടു ചെയ്യാമെന്നൊക്കെ പറഞ്ഞു.. പക്ഷെ ആരും അവരുടെ കൂടെ ചെല്ലുന്നോ എന്ന് ചോദിച്ചില്ല.. വീട് ഒഴികെ ബാക്കിയുള്ള പറമ്പും ഈ വയലുമെല്ലാം വിറ്റ് അവർ പങ്കിട്ടെടുത്തു.. ചെറുമക്കൾക്ക് ഈ വയലും സ്ഥലങ്ങളുമെല്ലാം നല്ല ഇഷ്ടമാ.. അതുകൊണ്ടുമാത്രമാണ് വീട് വില്ക്കാത്തത്.. വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ അവർക്ക് ഈ പച്ചപ്പ് കാണാനും ശുദ്ധവായു ശ്വസിക്കാനും വീട് കിടന്നോട്ടെ എന്ന് അവർ തീരുമാനിച്ചു..
അതെന്തായാലും നന്നായി എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ആ കമ്പനിക്കാര് ഈ സ്ഥലമെല്ലാം വാങ്ങിയത്.. ഇനി ഇവിടെയെല്ലാം നികത്തിയെടുത്ത് അവരുടെ കമ്പനി തുടങ്ങും.. ശുദ്ധവായുവിൻ്റെ സ്ഥാനത്ത് വിഷപ്പുക ഉയരും.. ഇക്കാര്യം എങ്ങനെയോ മക്കളും അറിഞ്ഞു.. ഇനി വീട് ഇവിടെ വേണ്ട എന്ന് അവർ തീരുമാനിച്ചു കഴിഞ്ഞു.. വീടിൻ്റെ വില്പനയെല്ലാം അവിടെ ഇരുന്നു കൊണ്ടു തന്നെ ഏർപ്പാട് ചെയ്തു കഴിഞ്ഞു.. അടുത്ത ആഴ്ച എങ്ങാണ്ടാണ് രജിസ്ട്രേഷൻ. അതിലേയ്ക്കായി ഇളയ മകൻ ഇവിടെ വരും..
അച്ഛൻ വിഷമിക്കേണ്ട ഇതിനെക്കാളും നല്ല ശുദ്ധവായുവും നോക്കെത്താ ദൂരത്തോളം വയലുകളുമുള്ള ഒരു സ്ഥലത്ത് അച്ഛനുളള താമസ്സ സ്ഥലം ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് മക്കൾ വിളിച്ചു പറഞ്ഞു.. അങ്ങ് , തമിഴ്നാട്ടിലാണു പോലും.. അവിടെ എന്നെപ്പോലെ ഒത്തിരി പേര് ഒണ്ടു പോലും… പക്ഷെ അവരൊക്കെ ശ്രീധരനെപ്പോലെയും ഗോപാലനെപ്പോലെയുമൊക്കെ ആകുമോ !? അവര് ഭാഗ്യവാന്മാരാ ജനിച്ചു വളർന്ന ഈ മണ്ണിൽത്തന്നെ അവസാനിച്ചല്ലോ.. എൻ്റെ ലക്ഷ്മിക്കുട്ടി, അവൾ.. ഇവിടെയാണ് ഉറങ്ങുന്നത്.. എങ്ങും പോകാതെ അവളോടൊപ്പം ഈ മണ്ണിൽത്തന്നെ ഉറങ്ങണം എന്നായിരുന്നു ആഗ്രഹം.. ഈശ്വരാ ഇവിടം വിറ്റുപോകുന്നതിനു മുൻപ് എന്നെക്കൂടെ….