യക്ഷിപ്പാലയെപ്പുലഭ്യം പറഞ്ഞ്
ചെളികോരിപ്പൊത്തിയ
വരമ്പിലൂടെത്തിയത്
ഭയം കൊണ്ടെന്ന് മുഖം പറഞ്ഞില്ല
പാവാടമുട്ടോളമുയർത്തിത്തെന്നാതെ
യവൾ
മുമ്പേ,,,, താളത്തിലങ്ങനെ
പല്ലുകടിച്ച് പ്രാകിത്തീരുംമുമ്പേ
തെന്നിവീണയെൻ്റെ കൈയ്യിലവളുടെ
കൈയ്യ്..!
പരലിനെപ്പിടിക്കാനെന്ന കളവിൻ്റെ
കവിളിൽ
തണുത്തൊരുമ്മ തന്നവളോടിപ്പോയി,,,
വെറ്റമഷിത്തണ്ടവളറിയാതൊളിപ്പിച്ച
പോക്കറ്റിൽ നിന്ന്
ചെളി പുരണ്ടൊരു പരല്
വെള്ളത്തിലേക്ക്,,
മഷിത്തണ്ട് കരഞ്ഞ്
തളർന്നെത്തിനോക്കി
അകലെയൊരു നീണ്ട കൂവലായ്
പുള്ളിപ്പാവാട മറഞ്ഞു,,,
കവിളിലെത്തണുപ്പിൽ തൊട്ട്
ചെളിമണ സുഗന്ധം ശ്വസിച്ച്
യക്ഷിപ്പാലയ്ക്ക് നന്ദി പറഞ്ഞ്….
ചാണകത്തിണ്ണയിലിരുന്ന്
ഇലഞ്ഞിമരച്ചില്ല വകഞ്ഞ്
നിലാവ് തിരഞ്ഞാകാശത്തേക്ക്
വെറ്റമഷിത്തണ്ട്
പ്രണയദൂതുമായ് പോകാൻ
ചിരിക്കുന്നുണ്ടായിരുന്നപ്പോൾ,,,,
ഗോപകുമാർ മുതുകുളം