“ദേ തള്ളേ.. മഹാറാണിയെപോലെ കാലും നീട്ടിയിരിക്കാതെ ആ ചെറുക്കനിതു വേണേ വാരിക്കൊടുക്ക്… തിന്ന് കൊഴുക്കട്ടെ അസത്ത്… തന്തേടെ തല തിന്ന കാലൻ.. “ചാണകം മെഴുകിയ തറയിൽ കാലും നീട്ടിയിരുന്ന നാണിയമ്മയുടെ മുന്നിലേക്ക് ചോറ് മാത്രമുള്ള പാത്രം നിരക്കിയെറിഞ്ഞു ശാന്തമ്മ കലിതുള്ളി ഇറങ്ങിപ്പോയി… നാണിയമ്മ വയ്യാത്ത കാലുതിരുമ്മി മെല്ലെ എഴുനേറ്റ് വേച്ചുവേച്ച് മോനുവിന്റെ അടുത്തേക്ക് ചെന്നു…. ശൂന്യതയിലേക്ക് തുറിച്ചു നോക്കി തല ചരിച്ചു പിടിച്ച് കൈകൾ കൊണ്ട് സ്വന്തം കവിളത്തു അടിച്ചു കൊണ്ട് മോനു എന്തൊക്കെയോ ശബ്ദങ്ങൾ ഉണ്ടാക്കുന്നുണ്ടായിരുന്നു…. അടുത്തിരുന്ന് നാണിയമ്മ ചോറ് അല്പാല്പമായി അവന്റ വായിലേക്ക് വച്ചുകൊടുത്തു… മോനുവിന് ഓട്ടിസം ആണ്.. ഒൻപതു വയസായെങ്കിലും അവൻ ഒരു കൊച്ചു കുഞ്ഞിനെ പോലെ ഭിത്തിയിൽ പിടിച്ച് പിച്ച വച്ചാണ് നടക്കുന്നത്….. സംസാരിക്കില്ല.. സ്വയം കവിളത്തും തലയിലും ഒക്കെ അടിക്കുകയും ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യും… ചോറ് വാരിക്കൊടുത്ത് ഉടുത്തിരുന്ന കീറിയ മുണ്ടിന്റെ അറ്റം കൊണ്ട് അവന്റെ മുഖം തുടച്ച് വേച്ചു പോകുന്ന കാലുകൾ വലിച്ചുവച്ച് തിരിച്ചു നടക്കുമ്പോൾ നാണിയമ്മയുടെ മിഴികൾ നിറഞ്ഞിരുന്നു… എന്നും അതൊരു തുടർകഥയാണ്…. മോനുവിന് രണ്ടു വയസുള്ളപ്പോളാണ് അവന് ഓട്ടിസം ഉണ്ടെന്ന് തിരിച്ചറിയുന്നത്.. അറിഞ്ഞപ്പോൾ മുതൽ കൂലിപ്പണിക്കാരനായ അവന്റ അച്ഛൻ കുറേദിവസം മൗനിയായി… പിന്നെ ഒരു രാത്രിയിൽ നെഞ്ചുവേദനയിൽ എല്ലാം ഉപേക്ഷിച്ചു യാത്രയായി…. അന്നുമുതൽ ശാന്തമ്മ മറ്റൊരാളായി… മോനുവിന്റെ ദിനരാത്രങ്ങൾ ശാപ വാക്കുകളിൽ ഇഴഞ്ഞു നീങ്ങി…. അവന്റ അച്ഛമ്മ നാണിയമ്മ മാത്രം അവനൊരു തുണയായി.. ശാന്തമ്മ എന്തുപറഞ്ഞാലും നാണിയമ്മ ഒന്നും മിണ്ടാതെ കേട്ടുകൊണ്ടിരിക്കും… അയൽവീടുകളിൽ അവൾ പണി ചെയ്തു കൊണ്ടുവരുന്ന അന്നത്തിനു മുന്നിൽ തന്റെയും മോനുവിന്റെയും ജീവനുകളെ നാണിയമ്മ അടിയറവ് വച്ചിരുന്നു…….. അന്ന് വൈകുന്നേരം എന്നും വരുന്ന സമയം കഴിഞ്ഞിട്ടും ശാന്തമ്മയെ കാണാതെ നാണിയമ്മ വെപ്രാളപ്പെട്ടു… രാത്രിയായിട്ടും ശാന്തമ്മ വന്നില്ല.. മോനുവിന്റെ ഒച്ചപ്പാടുകൾക്കിടയിൽ എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ച നാണിയമ്മ പിന്നെയും കാത്തിരിപ്പ് തുടർന്നു… ഏത് അസുഖത്തിനും തിരിച്ചറിയാവുന്ന ഒന്നുണ്ട്.. വിശപ്പ്.. മോനുവിന്റെ വിശപ്പ് അവന്റ ശബ്ദങ്ങളെ വികൃതമാക്കികൊണ്ടിരുന്നു… കണ്ണുകളിൽ ഇരുട്ട് കയറുന്ന അടുത്ത സന്ധ്യയിൽ അയൽവക്കത്തെ മറിയ ഒരു പാത്രത്തിൽ ചോറും കറികളുമായി അവരുടെ മുന്നിലേക്ക് എത്തി.. “ശാന്തമ്മ ആ ലോറി ഡ്രൈവറുടെ കൂടെ ഇറങ്ങിപ്പോയി ല്ലേ… ഇവളൊന്നും ഗതി പിടിക്കുകേല…. “മറിയയുടെ പ്രാക്കിനു മുന്നിൽ നാണിയമ്മ മിഴിച്ചിരുന്നു… “ദാ.. രണ്ടുപേരും ഇത് കഴിക്ക്… ഞാൻ പിന്നെ വരാം “.. ചോറുപാത്രം നാണിയമ്മയുടെ അടുത്തേക്ക് നീക്കിവച്ച് മറിയ പോകുമ്പോൾ നാണിയമ്മയുടെ കുഴിഞ്ഞ കണ്ണുകളിൽ ഒട്ടും നനവുണ്ടായിരുന്നില്ല….. പെയ്തൊഴിഞ്ഞ സ്വപ്‌നങ്ങൾ പോലെ ശൂന്യവും മൗനവും ആയിരുന്നു അത്… മോനു മാത്രം ജീവനില്ലാത്ത ജീവിതത്തിൽ വെറുതെ ഒച്ച വച്ചുകൊണ്ടിരുന്നു… പെയ്യാനൊരു സ്വപ്നം പോലുമില്ലാത്ത അനാഥൻ…..
സിനി സജി
നൊമ്പരമുണർത്തുന്ന കഥ. നന്നായെഴുതി 👌👌👏👏