
ഞാനൊരാനാഥ, തെരവോരത്തു പിറന്നവൾ തെരുവിൻ
സന്തതിയെന്നേവരും
വിളിക്കുന്നോൾ
പെണ്ണായിപ്പിറന്നതിൻപേരി ലെൻ
തായതാനും നിഷ്ടൂരം ഉപേക്ഷിച്ചിതെന്നെയീ-
തെരുവിലായ്
കണ്ണുകൾ തുറന്നീല,കാലുകളുറച്ചീല
അമ്മിഞ്ഞപ്പാലിൻരുചിയേതുമേയറിവീല
അമ്മപോയെവിടേക്കോ നീറുമെൻ മനസ്സുമായ്
ചുരുങ്ങിക്കൂടിയൊരു കോണിലായ്
കിടന്നു ഞാൻ പാഥേയമില്ല തെല്ലും,
വിശപ്പും പൈദാഹവും
കൂടി,
ഞാനതിവേഗം വിവശ,നിരാലംബ ആളുകളൊഴുകീടും
വീഥിയിലൊരു കോണിൽ
അന്യയായനാഥയായ് കിടപ്പു ദയനീയം
കർഷകർ,
വ്യവസായ പ്രമുഖർ വീട്ടമ്മമാർ
പ്രകൃതി സ്നേഹികളും മൃഗസ്നേഹികൾ താനും
രാഷ്ട്രീയനേതാക്കന്മാർ യുവചേതനകളും
ആരുമേ കേട്ടതില്ലൻ വനരോദനം തെല്ലും
അന്നൊരു പ്രഭാതത്തിൽ ആഗതനായി നാഥൻ
രക്ഷകൻ,കുബേരയാം പ്രീയതമയോടൊപ്പം
എന്നെയുമെടുത്തവർ വീട്ടിലേക്കെത്തി പിന്നെ
കുളിപ്പിച്ചുടൻ നല്ല ഭോജനം കഴിപ്പിച്ചു
സ്നേഹമായ് കളിപ്പിച്ചൻ നൊമ്പരം മാറീടവേ
മെല്ലെയാ- കുടുംബത്തിനംഗമായ്
കഴിഞ്ഞു ഞാൻ
നാളുകൾ കഴിയവേ പതുക്കെ പ്പതുക്കെ
ഞാൻ
അന്യയായ് തീർന്നു വീണ്ടും കുബേര
കുടുംബത്തിൽ
കിടന്നാൽ കുറ്റം ഒന്ന് കരഞ്ഞാൽ കുറ്റം
പിന്നെയേതിലും കുറ്റം മാത്രം നരക തുല്യം ജന്മം
കുളിയും തേവാരവും ഭക്ഷണം ലീലകളും
സത്വരം കുറഞ്ഞുപോയ് സ്നേഹവും കാരുണ്യവും
പെണ്ണായിപ്പിറന്നതെൻ കുറ്റമോ?ശാപം താനോ?
സൃഷ്ടി തന്നുദാത്തമാം ശക്തി ചൈതന്യമവൾ!
സൃഷ്ടി തൻ നിയാമക തത്വമേ നിനച്ചീടൂ
പെണ്ണിന്റെ ജന്മം,താളം,പ്രപഞ്ചമതിൻ
താളം
ഒരുനാൾ പ്രഭാതത്തിൽ ചങ്ങലയിട്ടോരെന്നെ
കാറിനു പിറകിലായ് ബന്ധിച്ചു നികൃഷ്ടമായ്
വാഹനമോടീടവേ റോഡിലൂടിഴഞ്ഞു ഞാൻ
കാലുകൾകുഴയുന്നു,
മാനസം നടുങ്ങുന്നു
ക്രൂരതയേറിയൊരാ ഭീകര ദർശനത്തിൽ
വീഥിയിലെൻ സോദരർ
പ്രതിഷേധിച്ചിടുന്നു
നിർത്തു നിന്നഹങ്കാരം മനുഷ്യാ!
മൃഗങ്ങളും
സർവജീവജാലവും ഭൂമി തന്നനുഗ്രഹം
മൃഗസ്നേഹികളാകും ” ദയ ” തൻ
കടാക്ഷമായ്
വന്നെത്തി ദയാ ശീലർ സ്നേഹ സാന്ത്വനങ്ങളായ്
സ്നേഹവും കാരുണ്യവുമറ്റൊരീ
ധരണിയിൽ
ഏഴകൾക്കഭയമായ് മാറിടും സ്നേഹം
സത്യം വിവരം ധരിച്ചൊരാദീനാനുകമ്പൻ സ്വയം എത്തിയെൻ
സവിധത്തിൽ സ്നേഹ
വാത്സല്യത്തോടെ
ഇന്ന് ഞാൻ സനാഥയായ്, അമ്മയായ്
“അബാക്ക’യായ്
ഞാനുമെൻ തനയരുമേകുന്നു
നമോവാകം
നീതിയുമനീതിയും ചേർന്നോരീ ധരിത്രിയിൽ
പ്രകൃതിനിയമം താൻ പ്രബലം അതിശക്തം
ആയതിൻ കരങ്ങളി ലർപ്പിതം നരജന്മം
കർമത്തിൻ ഫലം നിജം ലഭിക്കും സുനിശ്ചിതം.
ഷീജാ ഡേവിഡ്
Good