കോടിക്കോടി യുഗങ്ങളിലൊരുനാൾ
ചുട്ടു പഴുത്ത സൂര്യൻ.
പൊട്ടിച്ചിതറി കനലുകളായി
പ്രപഞ്ചവീഥിയിൽ വീണു.
കാലമുറക്കമൊഴിച്ചിരുന്നു
താലവൃന്തം വീശിക്കൊണ്ടെ
കനലുകൾ മെല്ലേ തണുത്തുറഞ്ഞു,
ഭൂമിയെന്നൊരു ഗ്രഹമായി.
സൗരയൂഥ വീഥിയിൽ സൂര്യനെ
തിരഞ്ഞു ഭൂമി നടന്നു.
സൂര്യൻ കണ്ണു തുറന്നു ഭൂമിയിൽ
പ്രകാശനാളമുണർന്നു.
മിഴികൾ കൂപ്പി ജപിക്കും നേരം
ഭുമിയിരുട്ടിലിഴഞ്ഞു.
യുഗസംക്രമണപ്പുലർകാലത്താ-
ഭൂമിയിലാദ്യ ജീവൻ
പിടഞ്ഞുണർന്നു പരിണാമത്താൽ
മനുഷ്യനായിത്തീർന്നു.
വിശ്യപ്രകൃതിയുറക്കുമുണർന്നീ
ഭൂമിയെ തൊട്ടു തലോടി.
പുഴകൾ മലകൾ തോടുകൾ പച്ച
ക്കാടുകൾ കടലുകളൊക്കെ.
പൊട്ടി വിടർന്നു വളർന്നീ ഭൂമിയെ
ഉജ്ജ്വല ശാദ്വലമാക്കി.
സർവ്വൈശ്വര്യ സമൃദ്ധിൽ വിശ്വം
ഭൂമിയെ കണ്ടു കൊതിച്ചു.
സിന്ധുവിൽ, നൈലിൽ, യൂഫ്രെട്ടീസ്സിൽ
മാനവനെവിടെ വസിച്ചോ,
അവിടെ ചേതനയൂട്ടി വളർത്തി
മാനവ സംസ്കാരങ്ങൾ.
മനുഷ്യമനസ്സിന്നുള്ളിൽ സ്വാർത്ഥത,
ഇരുണ്ടുമൂടി മേഘം പോൽ.
മതങ്ങൾ ജാതികൾ ദൈവങ്ങളുമാ –
മനസ്സിൽ മതിലുകൾ തീർത്തു.
എല്ലാമെനിക്കുമാത്രം മതിയെ-
ന്നന്ധതയുളിൽ നിറഞ്ഞു.
കണ്ടതു കണ്ടതു കൈയിലൊതുക്കാൻ
പണ്ടേ മനുഷ്യർ പഠിച്ചു.
വെട്ടി നുറക്കി പങ്കിട്ടവരീ
ഭൂമിയെ അനാഥയാക്കി.
വിശ്വപ്രകൃതി വെളിച്ചപ്പാടായ്
തുളളിയുറഞ്ഞു പറഞ്ഞു.
ഓർത്തിരിക്കുക മനുഷ്യാ നിങ്ങൾ
ഒരിക്കൽ ദുഃഖിച്ചീടും.