17.1 C
New York
Tuesday, May 17, 2022
Home Literature അതിർത്തികൾ (കഥ) ✍ ബാലു പൂക്കാട്.

അതിർത്തികൾ (കഥ) ✍ ബാലു പൂക്കാട്.

✍ ബാലു പൂക്കാട്.

ഇന്ന് അച്ഛൻ വിളിച്ചിരുന്നെന്ന് അമ്പലത്തിൽ നിന്ന് വന്നപ്പോൾ അമ്മ പറഞ്ഞു
മഞ്ഞുപുതച്ച അതിർത്തിയിൽ മലനിരകളിലെ ഏറ്റവും ഉയരത്തിലുള്ള
കൊടുംതണുപ്പിൽ നിന്ന്.

മരവിച്ചു തുടങ്ങിയ വിരലുകൾകൊണ്ട് കൺപോളകൾ തുറന്നു പിടിച്ച്, ദൂരെ
ശത്രു പാളയത്തിലെ അനക്കങ്ങൾ നിരീക്ഷിക്കയാണെന്നും പറഞ്ഞത്രെ!
അച്ചമ്മയാണ് പറഞ്ഞത് ‘ ഒരു പൊതി ചപ്പാത്തിയും ഒരു ഫ്ലാസ്ക് വെള്ളവുമായി
ഒരാഴ്ച പിന്നിട്ടെന്ന്! കേട്ടപ്പോൾ കണ്ണുനിറച്ച് അമ്മ എന്നെ ചേർത്തുപിടിച്ചു.

ഇന്ന് എന്റെ നാലാം പിറന്നാളായതുകൊണ്ട് നാലുതരം കറികൾ വേണമെന്ന്
ഞാനാ പറഞ്ഞത്. വെറുതെ പറഞ്ഞതാട്ടോ. അപ്പൊ അമ്മ പറഞ്ഞു. എങ്കിൽ നിന്റച്ഛന് ഇഷ്ടപ്പെട്ട നെയ്പ്പായസം ഉണ്ടാക്കാമെന്ന്.

സദ്യയൊരുക്കുന്ന അച്ഛമ്മയ്ക്കരികെ തിളച്ചുമറിയുന്ന പായസം ഇളക്കുകയായിരുന്നു അമ്മ. ഞാൻ ശ്രദ്ധിക്കുകയായിരുന്നു. അമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു. അല്ല , അതും തിളയ്ക്കുകയാണോ? അടുപ്പിൽ നിന്നും ചൂടുളള വായു എന്റെ മുഖത്തേക്ക് പാഞ്ഞെത്തി പൊള്ളിക്കുന്നു.

എവിടെയൊക്കെയോ യുദ്ധം പുകഞ്ഞുകൊണ്ടിരിക്കയാണെന്ന് അച്ചമ്മ പറഞ്ഞത് കേട്ടിട്ടും കേൾക്കാത്തതു പോലെ അമ്മയ്ക്ക് മൗനം.

ഫോട്ടോയിൽ മാത്രേ ഞാൻ അച്ഛനെ കണ്ടിട്ടുള്ളൂ – തലയിൽ അശോകചക്രവും,
കയ്യിൽ തോക്കുമായി നിൽക്കുന്ന പട്ടാളക്കാരൻ! അല്ല , ക്യാപ്റ്റൻ.

അമ്മയുടെ വാക്കുകളിൽ ഞാനച്ഛന്റെ ചലിക്കുന്ന രൂപം മനസ്സിൽ വരച്ചിട്ടിട്ടുണ്ടായിരുന്നു. എത്ര സ്വപ്നങ്ങളിൽ അച്ഛൻ എന്നെ കൈപിടിച്ച്
യുദ്ധഭൂമിയിലൂടെ നടത്തിച്ചിട്ടുണ്ട്.

ചോര മരവിക്കുന്ന തണുപ്പിൽ ‘ സ്വന്തം ജീവനും സ്വപ്നങ്ങളും തോക്കിൻ പിടിയിലുറപ്പിച്ച്, കണ്ണടയ്ക്കാതെ, പിറന്ന നാടിനും, വീടിനും കാവൽക്കാരൻ!
അതാണ് ഓരോ പട്ടാളക്കാരനും. ടീച്ചർ അത് പറയുമ്പോൾ ക്ലാസിലെ കൂട്ടുകാർക്കിടയിൽ ഞാൻ വലുതായിക്കൊണ്ടിരുന്നു. ക്യാപ്റ്റന്റെ മകൾ ..

ഇപ്പോൾ ശരിക്കും ഞാനറിയുന്നു’ എന്റെ അച്ഛൻ എത്ര ഉയരത്തിലാണെന്ന് .

പക്ഷേ എന്നിട്ടും എന്തിനാണ് അമ്മയുടെ കണ്ണുകൾ നിറഞ്ഞത് ? ഒരു പക്ഷേ എന്നെ ഓർത്താവും. ഞാനും അച്ഛനെപ്പോലെ ക്യാപ്റ്റനാകും. ഭാവിയിൽ ആരാവണമെന്ന
ടീച്ചറുടെ ചോദ്യത്തിന് ഉത്തരം പറയുമ്പോൾ എന്റെ തലയിലും ഒരു തൊപ്പി ഉറച്ചു നിൽക്കുന്നതായി തോന്നിയിരുന്നു.

യുദ്ധത്തിന്റെ ദുരന്തക്കാഴ്ചകൾ ടി വി യിൽ നിലവിളികളായ് നിറയുന്നു. സ്വന്തം നാടും വീടുമുപേക്ഷിച്ച് ലക്ഷ്യമില്ലാതെ പലായനം ചെയ്യുന്നവർ ആട്ടിയോടിക്കപ്പെടുന്നവർ .. അപമാനിക്കപ്പെടുന്നവർ .. ദുരിത ഭാണ്ഡങ്ങൾ ചുമന്ന് ക്ഷീണിച്ച അമ്മമാർ , കുഞ്ഞുങ്ങളുടെ കണ്ണുകളിൽ വിശപ്പിന്റെ നീർ ചാലുകൾ.
അകലെ മിസൈലുകൾ വർഷിച്ച് ചരൽക്കൂമ്പാരമായി മാറിക്കൊണ്ടിരിക്കുന്ന
വാസസ്ഥലങ്ങൾ .. അതിർത്തികളിൽ സ്വാതന്ത്ര്യത്തിനായി
യാചിക്കുന്നവർ .. ടീച്ചറിന്റെ പ്രസംഗം ഓർമ വന്നു.

കണ്ടു സഹിക്കാനാവാതെ വീണ്ടും അമ്മയ്ക്കരികിലേക്ക് ചെന്നപ്പോൾ ,
തിളയ്ക്കുന്ന എണ്ണയിൽ കിടന്ന് പപ്പടം ചുട്ടുപൊള്ളി വീർത്ത് പൊങ്ങിവരുന്നതാണ് കണ്ടത്. അത് കണ്ടപ്പോൾ എനിക്കെന്തോ ഒരു വല്ലായ്മ അനുഭവപ്പെട്ടു.

“എന്താണമ്മെ അതിർത്തികൾ ” അത് കേട്ടപ്പോൾ അമ്മ അച്ചമ്മയെ ഇടം കണ്ണിട്ടു നോക്കിയത് ഞാൻ ശ്രദ്ധിച്ചു. “എടി പെണ്ണേ, വേണ്ടാത്തതിലൊന്നും
നീ തലയിടേണ്ട കെട്ടോ, നീയൊരു പെണ്ണാണെന്നോർമ വേണം. അവിടെങ്ങാൻ പോയിരുന്ന് പഠിക്ക്. ” അമ്മയുടെ ശകാരം. മറ്റാരോടോ ഉളള ദേഷ്യം തീർത്തതാണ്
എന്നെനിക്ക് മനസ്സിലായി.

ഇന്നലെ ചെറിയച്ചൻ കുറച്ചാളുകളുമായി വന്ന് വടക്കെത്തൊടിയിലെ കിണറും ഞങ്ങളുടെ വീടുമായി ചേർന്നു നിൽക്കുന്ന സ്ഥലത്തിനിടയിലൂടെ കമ്പിവേലികെട്ടി വേർതിരിക്കുന്നത് കണ്ടപ്പോൾ അമ്മ പറയുന്നത് കേട്ടതാണ്. “അതിർത്തികൾക്കപ്പുറത്തേക്ക് നമുക്കിനി കടക്കാനാവില്ലല്ലൊ . എങ്ങനെ കഴിഞ്ഞ വീടായിരുന്നു ? ”

അച്ചമ്മ അപ്പോൾ കണ്ണുതുടച്ചു കൊണ്ട് എന്റെ തലയിൽ ഇടതു കൈ കൊണ്ട്
തൊട്ടുഴിഞ്ഞു. കാച്ചിയ ഒരു പപ്പടം എന്റെ നേരെ നീട്ടിക്കൊണ്ട് അച്ചമ്മ പറഞ്ഞു.
അത് പിന്നെ മോളൂണ്ട്. രാജ്യങ്ങൾ തമ്മിൽ വേർതിരിച്ച് ഒരു വേലി കെട്ടും അല്ലെങ്കിൽ
ഒരു മതിൽ .എന്നിട്ട് ശത്രുക്കളാകും. പിന്നെപരസ്പരം യുദ്ധംചെയ്യും. ആരും ജയിക്കില്ലെങ്കിലും കുറേ നിരപരാധികൾ മരിക്കും. ബാക്കിയായവർ ആട്ടിയോടിക്കപ്പെടും. അതിർത്തികൾ യുദ്ധത്തിന്റെ കാരണങ്ങളാണ്. ചിലരുടെ മനസിലും ചിലപ്പോൾ അതിർത്തികളുണ്ടാവും.

അമ്മ അപ്പോൾചീനച്ചട്ടിയിലെ എണ്ണയിൽ പിടയ്ക്കുന്ന സവാളയിലേക്ക് കടുക് മെല്ലെ
വിതറുകയായിരുന്നു. പരിസരം മറന്ന് പൊട്ടിത്തെറിച്ച കടുകു തരികൾ ചിലത്
മിസൈൽ പോലെ എന്റെ മേലും വന്നു പതിച്ചു. അമ്മയുടെ സാരിത്തലപ്പിലേക്ക്
ഞാനപ്പോൾ നൂണ്ടു കയറി.

” ചെറിയച്ചന്റെ ഉള്ളിലും ആരോ അതിർത്തികൾ വരച്ചിട്ടുണ്ടാകും” അതു പറയുമ്പോൾ അമ്മയുടെ ശബ്ദം ഇടറിയിരുന്നു എന്നെനിക്കു തോന്നി.

എന്തിനാണ് അതിർത്തികൾ എന്ന് എനിക്കപ്പൊഴും മനസിലായില്ല. എനിക്ക് സങ്കടം സഹിക്കാനായില്ല. അമ്മ എന്നെയും ഒര് അതിർത്തിക്ക് ഉള്ളിലായേ കാണുന്നുള്ളൂ.

ടി വി യിൽ നിന്നുളള നിലവിളികൾ കേട്ടാണ് ഞാൻ അമ്മയ്ക്കരികിൽ നിന്ന് ഡൈനിങ്ങ് റൂമിലേക്ക് വന്നത്.

അതിർത്തിയിൽ ക്യാപ്റ്റനടക്കം പതിനാറ് പട്ടാളക്കാർ മരിച്ചെന്ന വാർത്തകൾക്കിടയിലൂടെ ചിതറിയോടുന്ന അമ്മാരുടേയും കുട്ടികളുടേതുമാണ് ഞാൻ കേട്ട നിലവിളികൾ .

മുറിവേറ്റ പട്ടാളക്കാരെ ജീപ്പിലേക്ക് കയറ്റുന്നത് കണ്ടപ്പോൾ , എന്റെ ഉള്ളൊന്ന് പിടച്ചു.
അച്ഛന്റെ മുഖമായിരുന്നോ അത് ?

അപ്പോൾ പിന്നിൽ നിന്ന് അമ്മയുടെ നിലവിളി ഞാൻ കേട്ടു. അടുക്കളയിൽ നിന്ന്
പായസം കരിഞ്ഞു മണക്കുന്ന പുക അപ്പോൾ എന്നെ വന്നു മൂടുകയായിരുന്നു. അതിർത്തികളിൽ നിന്ന് കറുത്ത പുകച്ചുരുളുകൾ ആകാശത്തേക്ക്
പൊങ്ങിക്കൊണ്ടിരുന്നു.

ബാലു പൂക്കാട്.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...

യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അജ്മാന്‍: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് തന്നെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ലോഗോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: