“എൻ്റെ കർത്താവേ ഇന്നു വൈകിയല്ലോ…” എന്ന് ആത്മഗതം പറഞ്ഞു കൊണ്ടു
കാറിന്നരികിൽ എത്തിയപ്പോൾ ബെന്നിച്ചൻ തന്നെയും കാത്ത് അക്ഷമനായിരിക്കുന്ന കാഴ്ചയാണ് ആൻ കണ്ടത്.
എന്നെ ഹോസ്പിറ്റലിൽ ഇറക്കിയിട്ടു വേണം ബെന്നിച്ചനു ഓഫീസിൽ പോകുവാൻ.
യാത്രയ്ക്കിടയിൽ ബെന്നിച്ചൻ്റെ ഡ്രൈവിംഗ് ശ്രദ്ധിച്ചിരുന്നു ഞാൻ ,ബുള്ളറ്റിൽ പറന്നു നടന്നിരുന്ന, തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ച് ഓടി നടന്നിരുന്ന തൻ്റെ ബെന്നിച്ചൻ്റെ ചൊടിയും പ്രസരിപ്പും നഷ്ടമായിട്ട് ഒരു വർഷമാകുന്നു. നമ്മോടൊപ്പം കളിയും ചിരിയുമായി ആരോഗ്യത്തോടെ ഉണ്ടായിരുന്ന പ്രിയപ്പെട്ടൊരാൾ ഇതാ മരിക്കുവാൻ പോവുകയാണെന്നാരേലും മുൻകൂട്ടി പറഞ്ഞാൽ എന്താവും നിങ്ങളുടെ അവസ്ഥ??
വല്ലാത്ത മനക്കട്ടി വേണം അതു കേൾക്കുവാൻ. രക്തം ഐസുകട്ട പോലെ മരവിച്ചു പോകും ആ നിമിഷം! ഞാൻ അനുഭവിച്ചതും അതാണ്. കഴിഞ്ഞ വർഷം ഇന്നേ ദിവസം, ഈ ദിവസത്തെ ദു:സ്വപ്നമെന്നു വിളിക്കാനാണെനിക്കിഷ്ടം. എൻ്റെ ബെന്നിച്ചനെ നഷ്ടമാകുമെന്ന് തോന്നിപ്പിച്ച ദിവസം.
ഞാനപ്പോൾ നഗരത്തിലെ ഒരു പ്രമുഖ ഹോസ്പിറ്റലിൽ നേഴ്സിംഗ് മേധാവിയായി ജോലി നോക്കുകയായിരുന്നു, ബെന്നിച്ചൻ ഒരു സ്വകാര്യ ടിവിചാനലിൽ വീഡിയോ എഡിറ്റർ ആയി ജോലിനോക്കുന്നു… സന്തോഷവും സമാധാനവും നിറഞ്ഞ ഞങ്ങളുടെ ജീവിതം അന്നത്തോടെ മാറിമറിഞ്ഞു.
അന്നുച്ചക്ക് ബെന്നിച്ചൻ്റെ ഓഫീസിൽ നിന്നെ നിക്കൊരു കോൾ വന്നു.” ബെന്നിച്ചനു നല്ല സുഖമില്ല’ ‘ഇതിനു മുമ്പ് ഫിറ്റ്സ് വന്നിട്ടുണ്ടോ’ വേറെ പ്രശ്നമൊന്നുമില്ല. പേടിക്കേണ്ട ഞങ്ങൾ ആശുപത്രിയിലേക്ക് കൊണ്ടു പോകാം എന്നു പറഞ്ഞു. ഞാൻ ടെൻഷൻ ആകാതിരിക്കാനാണവർ അങ്ങനെ പറഞ്ഞത്. ഞാനവരോട് ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് കൊണ്ടുവരാനും പറഞ്ഞു.
ബെന്നിച്ചനെ ആശുപത്രിയിൽ എത്തിച്ച് ടെസ്റ്റ് റിപ്പോർട്ടുകൾ കണ്ടപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്.ജീവിതത്തിലേക്ക് മടങ്ങി വരാൻ അഞ്ചു ശതമാനം സാധ്യത മാത്രമെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകളിലൂടെ കണ്ണോടിച്ചിട്ട് ന്യൂറോവിഭാഗം മേധാവി ഐസക്ക് സാർ ‘സിസ്റ്റർ ആൻ ഹോപ് യു അണ്ടർസ്റ്റാൻഡ് ദ സിറ്റുവേഷൻ ” എന്നു ചോദിച്ചപ്പോൾ ന്യൂറോ സർജിക്കൽഐസി യു വിൻ്റെ ഇടനാഴിയിൽ ഞാൻ തളർന്നുവീഴുമെന്ന് തോന്നി. തലച്ചോറിൽ രക്തം കട്ടപിടിച്ചിരിക്കുന്നു, ബ്രയിൻഡെത്ത് എന്ന അവസ്ഥക്ക് തൊട്ടരുകിലാണ് ബെന്നിച്ചൻ്റെ ജീവൻ..,
ജോലിക്കിടെ എഡിറ്റ് സ്യൂട്ടിൽ ബോധംകെട്ടുവീണതാണ്.ഒരു മണിക്കൂറോളം ആരുമറിയാതെ അവിടെ കിടന്ന് തലച്ചോറിൽ രക്തം കട്ടകെട്ടി. സംസാരിക്കാനാകുന്നില്ല, വലതുവശം പൂർണ്ണമായി തളർന്നു. ഓർമ്മകൾ മാഞ്ഞു പോകുന്നു. ഉടനെ എന്തെങ്കിലും ചെയ്യണം.
ഡോക്ടർ പറഞ്ഞതിൽ നിന്ന് ഒന്നുമാത്രം മനസ്സിലായി. ഒരു തുലാസിൻ്റെ നടുക്കാണ് ബെന്നിച്ചൻ്റെ ജീവിതം’ ഒരു വശത്ത് മരണം മറുവശത്ത് ജീവച്ഛവം പോലൊരവസ്ഥ, എന്നോട് മനസ്സിലാക്കണം എന്ന് ഡോക്ടർ പറഞ്ഞ അവസ്ഥ അതായിരുന്നു.
ഈ രണ്ടു അവസ്ഥകളിലേക്കും എൻ്റെ ബെന്നിച്ചനെ പറഞ്ഞയക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. തലച്ചോറിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്യുന്ന ത്രോംബക്ടമിക്ക് ബെന്നിച്ചനെ വിധേയനാക്കിയപ്പോൾ ആദ്യമൊന്നു പതറിയെങ്കിലും ദൈവമെനിക്ക് മന:ക്കരുത്തു തന്നു.
എന്നേപ്പോലെ തന്നെ ബെന്നിച്ചൻ്റെ കൂട്ടുകാരും ആകെ പതറിപ്പോയി, അവരുടെയിടയിൽ നിറഞ്ഞു നിന്നിരുന്ന സുഹൃത്ത് ശിഷ്ടകാലം കിടന്നകിടപ്പിൽ നരകിക്കുന്നത് കാണേണ്ടി വരുമോയെന്ന സങ്കടത്തിലാണ്ടുപോയവർ.
ക്രേനിയക്ടമി എന്ന അടിയന്തിര ശസ്ത്രക്രിയ നടത്താൻ തീയറ്ററിലേക്കു കയറ്റുമ്പോഴും ഡോക്ടേഴ്സ് എന്നോട് പറഞ്ഞു ‘അഞ്ചു ശതമാനം സാധ്യത മാത്രമാണ് ഉള്ളതെന്ന് ‘ചിലപ്പോൾ ഓർമ്മ നഷ്ടപ്പെടാം, അനങ്ങാൻ വയ്യാത്ത നിലയിലാകാം … മനസ്സിനെ സജ്ജമാക്കാൻ. ഏതവസ്ഥയിലാണെങ്കിലും ജീവനോടെ എനിക്കു വേണം എൻ്റെ ബെന്നിച്ചനെ എന്നുമാത്രം സാറിനോട് കരഞ്ഞുപറഞ്ഞു ‘
മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി, പക്ഷേ എൻ്റെ പഴയ ബെന്നിച്ചനെ എനിക്കു നഷ്ടമായി തുടങ്ങിയിരുന്നു. ഒരു നവജാത ശിശു ഭൂമിയിലേക്കെങ്ങനെ കടന്നുവരുമോ അതുപോലെ അദ്ദേഹം തിരികെ വരികയാണ്.
ആശുപത്രി അധികൃതരുടെ അനുവാദത്തോടെ ബെന്നിച്ചനെ കിടത്തിയ ഐസിയു വാർഡിൽ ഡ്യൂട്ടിക്കു കയറി ഞാൻ, മുഴുവൻ സമയവും കൂട്ടിരുന്നു. ഓരോ ദിവസവും സി ടി സ്കാൻ ഉൾപ്പെടെയുള്ള ടെസ്റ്റുകൾ, മൂന്നാംദിവസം ആശ്വാസത്തിൻ്റെ ചെറുകിരണം കാണായി .തലച്ചോർ സ്വാഭാവിക പ്രവൃത്തികളിലേക്ക് തിരികെവന്നു. ബെന്നിച്ചൻ കണ്ണുതുറന്നു ഞാൻ സന്തോഷംകൊണ്ട് തുള്ളിച്ചാടിയ നിമിഷമായിരുന്നു അത്.
കണ്ണുകൾ ചലിപ്പിക്കുന്നതിനപ്പുറം ഒരു വിരൽ പോലും അനക്കിയില്ല. മുഖത്തിൻ്റെ വലതുഭാഗം കോടിപ്പോയി. എന്നെപ്പോലും തിരിച്ചറിയാൻ കഴിയുന്നില്ല. അങ്ങനെ കിടന്ന കിടപ്പിൽ ഒരുമാസം, ശസ്ത്രക്രിയ കഴിഞ്ഞിട്ടും നാളുകൾ നീണ്ട നിരീക്ഷണം, ടെസ്റ്റുകൾ, ദിവസങ്ങൾ കടന്നുപോയപ്പോൾ ആ ചുണ്ടിൻ്റെ കോണിലെവിടെയോ ഒരു ചിരി പ്രത്യക്ഷപ്പെട്ടു.ആ നിമിഷം വരെയും ആ മുഖത്തേക്ക് കണ്ണുനട്ടിരുന്ന ഞാൻ മാത്രമാണ് ആ സുന്ദരമായ കാഴ്ച കണ്ടത്.
ആശുപത്രിവാസം കഴിഞ്ഞു വീട്ടിലെത്തിയപ്പോഴും നെഞ്ചുപിടയുന്ന ഓർമ്മകൾ തികട്ടി വന്നത്. പോർച്ചിൽ പൊടിയും മാറാലയും പിടിച്ചിരിക്കുന്ന ബെന്നിച്ചൻ്റെ ബുള്ളറ്റ്. നൈറ്റ് റൈഡ് ഞങ്ങൾ രണ്ടാൾക്കും ഇഷ്ടമാണ്, തട്ടുദോശയും, ബെന്നിച്ചനെ പറ്റിച്ചേർന്നിരുന്ന് എത്രയോ സവാരികൾ ..
കുറച്ചുനാൾ പിന്നിട്ടപ്പോൾ പരസഹായത്തോടെ നടക്കാമെന്നായി. ഓർമ്മ മാത്രം പിടിതരാതെ നിന്നു. ബെന്നിച്ചന് ഞാൻ എപ്പോഴും ചിരിച്ചുസംസാരിക്കണതായിരുന്നു ഇഷ്ടം. ബെന്നിച്ചൻകേൾക്കുന്നുണ്ടോ എന്നൊന്നും ചിന്തിക്കാതെ സംസാരിച്ചുകൊണ്ടേയിരുന്നു. ബെന്നിച്ചനെ തിരികെതന്ന പൊന്നുതമ്പുരാൻ അദ്ദേഹത്തിൻ്റെ ഓർമ്മകളും തിരികെത്തരുമെന്ന വിശ്വാസത്തിലായിരുന്നു എൻ്റെ ആ സാഹസങ്ങൾ
മാസങ്ങൾ നീണ്ട പ്രാർത്ഥനയും, ഫിസിയോ തെറാപ്പിയും, സ്പീച്ച് തെറാപ്പിയും ഒക്കെ ക്രമേണ ഫലംകണ്ടു തുടങ്ങി. വലതുകൈ ഒഴികെയുള്ള ശരീരഭാഗങ്ങൾ പഴയ അവസ്ഥയിലേക്കെത്തി.സർജറി കഴിഞ്ഞ് മൂന്നാംമാസം ബെന്നിച്ചൻ സുഹൃത്തുക്കളെയും പഴയ ജീവിതസാഹചര്യങ്ങളേയും തിരിച്ചറിഞ്ഞു തുടങ്ങി..
ആറുമാസം കഴിഞ്ഞപ്പോൾ പരസഹായമില്ലാതെ നടക്കാൻ തുടങ്ങി.പരിചയക്കാരെ കണ്ടാൽ ബെന്നിച്ചൻ്റെ ഭാഷയിൽ സംസാരിക്കും ആദ്യമൊക്കെ മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നു.ഒന്നുമില്ലായ്മയിൽ നിന്ന് ഇത്രയെങ്കിലും ആയില്ലേ, തോറ്റു പോകുമായിരുന്ന നിമിഷത്തിൽ നിന്ന് കൈപിടിച്ചു നടത്തിയ ദൈവത്തിനും സൗഹൃദങ്ങൾക്കും ഈ ജന്മം മുഴുവൻ നന്ദിപറഞ്ഞാലും തീരില്ല.
ഒരു കുഞ്ഞില്ലാത്ത വിഷമം നേരത്തെയൊക്കെ എന്നെ അലട്ടിയിരുന്നു. ഇന്നെനിക്കാ വിഷമമില്ല. കൊച്ചുകുട്ടിയുടെ പ്രകൃതമാണിപ്പോൾ ബെന്നിച്ചന്. ബെന്നിച്ചൻ്റെ വാശികളും, സന്തോഷവുമൊക്കെ ഒരമ്മ മനസ്സോടെ ഞാൻ ഇന്നാസ്വദിക്കുന്നു .
ഒരു വർഷം പിന്നിടുമ്പോൾ ബെന്നിച്ചൻ പഴയ അവസ്ഥയിൽ നിന്നേറെ മാറി. വലതുകൈക്ക് ചെറിയ വയ്യായ്ക ഒഴിച്ചാൽ എല്ലാം പഴയതുപോലെയായി, നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ തന്നെ ജോലിക്കുകയറി.
‘നീയെന്താ ഇറങ്ങുന്നില്ലേ’ എന്ന ബെന്നിച്ചൻ്റെ ചോദ്യം കേട്ടപ്പോഴാണ് ആശുപത്രി എത്തിയതറിഞ്ഞത്. കൺപീലികൾക്കിടയിലൂടെ ഇടതൂർന്നിറങ്ങിയ കണ്ണുനീർത്തുള്ളികളെ ബെന്നിച്ചനിൽ നിന്ന് മറയ്ക്കാൻ പാടുപെട്ടു കൊണ്ട് വേഗമിറങ്ങി ഞാൻ നടന്നു.
✍️ മഞ്ജുഷ മുരളി
അതിമനോഹരമായ കഥ…
ഇഷ്ടം
സ്നേഹം
– രവി നീലഗിരി
അവിചാരിതമായ ഒരു അപകടാവസ്ഥയിൽ നിന്നും അതിജീവനത്തിന്റെ പടവുകൾ മെല്ലെ കയറിവരുന്ന ബെന്നി എന്ന കഥാപാത്രത്തിന് മിഴിവേകുന്നത് ഭാര്യ എന്ന കഥാപാത്രമാണ്. തനതു ശൈലിയിൽ പറഞ്ഞ അതിഭാവുകത്വമില്ലാത്ത മനോഹരമായ ഒരു കഥ. ആശംസകൾ.
Harish Mooryhy
മനോഹരമായ കഥ ❣️