17.1 C
New York
Wednesday, August 10, 2022
Home Literature അച്യുതൻ നായരും ലോക്ക് ഡൗൺ ചിന്തകളും

അച്യുതൻ നായരും ലോക്ക് ഡൗൺ ചിന്തകളും

പ്രവീൺ ശങ്കരാലയം✍

സമർപ്പണം

വിഷാദരോഗത്തിനെതിരെ പൊരുതി ജയിക്കുന്ന ലോകത്തിന്റെ നാനാഭാഗത്തുള്ള എന്റെ സുഹൃത്തുക്കൾക്കായി

അച്യുതൻ നായർ (65), ഇന്ത്യൻ ആർമിയിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നീണ്ട 36 വർഷത്തെ സർവീസിനു ശേഷം കൊച്ചി നഗരത്തിലെ ഒരു ബഹുനില അപ്പാർട്മെന്റിൽ ആറാം നിലയിൽ തന്റെ ഏകാന്ത വിശ്രമം ആസ്വദിച്ചു ജീവിക്കുന്നു.

ഏകാന്തത അയാൾക്ക് പുത്തരി അല്ല കാരണം തന്റെ സർവീസ് കാലത്തു ഒന്നല്ല രണ്ട് പ്രാവശ്യം പട്ടാള തടവുകാരനായി പാകിസ്ഥാൻ ജയിലിൽ വെള്ളവും വെളിച്ചവും ഇല്ലാത്ത 30 അടി സെല്ലിൽ മാസങ്ങളോളം ഒറ്റക്ക് കിടന്നേതോർക്കുമ്പോൾ ഈ 1000 ചതുരശ്ര അടി യുള്ള തന്റെ വീട് ലഡാക്കിലെ ബാരക്സിന്റെ അരികെയുള്ള വിശാലമായ പുൽത്തകിടിയെ പോലും തോല്പിക്കുന്ന ഒന്നായാണ് അയാൾക്ക് തോന്നിയത് .

പിന്നെ പട്ടാളത്തിൽ ചേർന്നത് വീട്ടിലെ ദാരിദ്ര്യത്തേക്കാൾ രാജ്യസ്നെഹം തന്നെ ആയിരുന്നു . കല്യാണം കഴിക്കില്ല എന്ന തീരുമാനം എടുത്തതും ആ തീരുമാനതിൽ ഉറച്ചു നിന്നതും താൻ കല്യാണം കഴിക്കുന്ന പെണ്ണ് ചിലപ്പോൾ വിധവ ആയലൊ എന്ന ഭയം കൊണ്ട് മാത്രമാണ്. ആ ചിന്ത വെറുതെ മനസ്സിൽ കയറിയതല്ല പക്ഷെ തന്റെ നാട്ടുകാരനായ പട്ടാളക്കാരൻ വീരമൃത്യു അടഞ്ഞപ്പോൾ ആ വീട്ടിലെ അവസ്ഥ കണ്ടതുകൊടുതന്നെയാണ്.ഭയം ഒരു പട്ടാളക്കരന് അപമാനമാണ് പക്ഷെ അത്‌ മറ്റുള്ളവർക്ക് വേണ്ടിയാവുമ്പോൾ അത്‌ ഭയമല്ല പക്ഷെ ‌സ്നേഹത്തിന്റെ കരുതൽ മാത്രമാണ്

ഭയം തീരെ ഇല്ലാത്തതു കൊണ്ട് മാത്രമാണ് ഡയബിടിസ് മൂര്‍ധന്യതിലയി രണ്ട് കാലുകളും മുറിച് മാറ്റിയപ്പൊൾ പോലും ഒരു കൂസലുമില്ലാതെ വിധിക്ക് വഴങ്ങി കൊടുത്തത് . ഓപ്പറേഷന് കൊണ്ടുപോകുമ്പോൾ പോലും മനസ്സിൽ
തോന്നിയത് , അധവ കാലുകൾ ഇല്ലാതെ ശിഷ്ടകാലം ജീവിക്കാനായിരുന്നു തന്റെ വിധിയെങ്കിൽ അതു ഒരു യുദ്ധതിനിടയിൽ ആയാൽ എത്ര നല്ലതായിരുന്നു മാത്രമാണ് .

കഴിഞ്ഞ ആറു വർഷങ്ങളായി തന്റെ ഫ്ലാട്ടിന്റെ പുറത്തുപോലും ഇറങ്ങാതെ ജീവിക്കുമ്പോൾ ഒരിക്കലും നിരാശയുടെ ചെറുകണിക എന്നിൽ ബാധിക്കാതത് ഉള്ളിലെ പട്ടാളക്കാരൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത് കൊണ്ട് തന്നെയാണെന്ന് അയാൾ വിശ്വസിച്ചു .
ഏകാന്തത ഒരു പ്രശ്നമേ അല്ല അതിനെ കുറിച്ചു നമ്മൾ ചിന്തിക്കുന്നത് വരെ. പിന്നെ നമ്മൾ എവിടെ ആണെങ്കിലും ജീവിതത്തിൽ ഒരു ചിട്ടയുണ്ടെങ്കിൽ ജീവിതം മുന്നോട്ടു തന്നെയാണ് .
ഈ വയസിലും ഞാൻ എന്റെ ജീവിതചിട്ടകൾ ഒരു ദിവസം പോലും തെറ്റിച്ചിട്ടില്ല അത്‌ കഴിഞ്ഞ മാസം പനിപിടിച്ചു കിടന്നപ്പോൾ പോലും .

രാവിലെ 5 മണിക്ക് അലാറം പോലുമില്ലാതെ എഴുന്നേക്കുന്നു പിന്നെ വീൽച്ചെയറിൽ ഇരുന്ന് പറ്റാവുന്ന വ്യായാമങ്ങൾ അതിനു ശേഷം വീട് ജോലിക്ക് വരുന്ന ലക്ഷ്മിക്ക് വേണ്ടിയുള്ള കാതിരിപ്പ് .

ഏഴു മണി കൃത്യം എന്നതെയും പോലെ അവള്‍ സമയത്തു തന്നെ എത്തി. കുറ്റിയിടാത്ത വാതിൽ തുറന്ന് ഗുഡ് മോർണിങ് കേണൽ സാബ് എന്ന് വിളിച്ചവള്‍ അകത്തു കടക്കുമ്പോൾ സുബൈദാർ ആയി വിരമിച്ച എന്നിക്ക് കിട്ടുന്ന സന്തോഷം പറയാൻപറ്റാവുന്നതിലും ഏറെ ആണ് . ഒഴിഞ്ഞ ടീവി സ്‌ക്രീനിൽ അവളുടെ പ്രതിഫലനം നോക്കി ഗുഡ്മോർണിംഗ് ബേട്ട എന്ന് തിരിച്ചും വിഷ് ചെയ്യുമ്പോൾ ഞാൻ വീണ്ടും യൂണിഫോമിട്ട പട്ടാളക്കാരനായാണ് എനിക്ക് തോന്നാറ്
സമയ പലിക്കുന്നവരെ എനിക്ക് ഒരുപാട് ബഹുമനമാണ് അതു കൊണ്ടണല്ലൊ കുറവുകൾ ഏറെ ഉണ്ടെങ്കിലും കഴിഞ്ഞ ആറു കൊല്ലങ്ങളായി അവളെ ഞാൻ പറഞ്ഞു വിടാത്തത്

ഇവൾക്ക് മുൻപ് വന്ന 5 സ്ത്രീകളും ഒന്നല്ലെങ്കിൽ മറ്റൊരു കാരണം പറഞ്ഞൂ വൈകി വരും ചിലപ്പോൾ മോന് പനി അല്ലെങ്കിൽ ഭർത്താവിന് ജോലിക്കു പോവുന്നതിന് മുൻപേ ഭക്ഷണപ്പൊതി കെട്ടൽ ഓരോരോ കള്ളതരങ്ങൾ .
ലക്ഷ്മിക്ക് അത്തരം കള്ളതരം ഒന്നുമില്ല . മദ്യപാനിയായ ഭർത്താവ് കൊറെ കാലങ്ങൾക്ക് മുമ്പ് മരിച്ചു പിന്നെ 14 വയസുള്ള മകൻ ഈ ചെറുപ്രായത്തിൽ തന്നെ സ്വന്തം
കാര്യങ്ങൾ നോക്കാൻ പ്രാപ്തൻ .
അതുകൊണ്ട് അവൾക്ക് ജീവിതത്തിൽ ഒരു അല്ലലും ഇല്ല . ജീവിത സാഹചര്യങ്ങൾ ആണല്ലോ ഒരുത്തനെ കരുത്തനും പ്രാപ്തനാക്കുന്നത് എന്റെ ജീവിതം തന്നെ നോക്കു .

ഇന്ന് ഒരുപാട് പണിയുണ്ട് . പഴയ പത്രങ്ങൾ ഒഴിവാക്കണം പിന്നെ ബാല്‍ക്കണിയിലെ കിളികൂട് പൊളിച്ചു കളഞ്ഞു വൃത്തിയാക്കണം ഏതു നേരവും കിളികൾ ചിലച്ചു ഒന്ന് മയങ്ങാൻ പോലും സമ്മതിക്കില്ല . തറയും മറ്റും വെള്ളമൊഴിച്കഴുകണം കാലിയായ മദ്യകുപ്പികൾ ഒരു മാസമായി കളഞ്ഞിട്ട് . ഈയിടയായി മദ്യപാനം കൊറച്ചു കൂടുന്നുണ്ട്

ലക്ഷ്മി പണിയെല്ലാം തീർത്തു , എനിക്ക് വേണ്ടി പ്രാതൽ പിന്നെ ഉച്ചക്കുള്ള ഊണ് രാത്രിക്ക് പതിവ് പോലെ 3 ചപ്പാത്തിയും കറിയും. രാത്രി ആവുമ്പോഴേക്കും ചപ്പാത്തി തണുത്തു മരകഷണം പോലെയാവും കൊഴപ്പം ഇല്ല സർവീസിലുള്ളപ്പഴും സ്ഥിതി വ്യത്യസ്‌തമല്ലായിരുന്നല്ലോ .
ലക്ഷ്‌മി ജോലി കഴിഞ്ഞു പോവാൻ നേരം വിചാരിച്ചതു പോലെ എന്റെ കയ്യിലുള്ള വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലുകൾ എല്ലാം ലക്ഷ്മിയുടെ മോന് വായിക്കാൻ കൊടുത്തു സ്കൂൾ അവധി തുടങ്ങുകയല്ലേ കുട്ടികളിൽ വായനാശീലം ഉണ്ടായാൽ അതിലും നല്ല കാര്യം വെറെ ഇല്ല .
പുസ്തകം ഒന്നും ചീത്തയാക്കതെ തിരിച്ചു തരണം
എന്ന് പറഞ്ഞു തീരുന്നതിനു മുൻപേ ശമ്പളം അഡ്വാൻസായി വേണം എന്ന് അവള്‍ ആവശ്യപ്പെട്ടു . കലണ്ടറിൽ നൊക്കിയപ്പൊൾ തീയതി 21,മാസം തീർന്നിട്ടില്ലാ
അതുകൊണ്ട് ഓന്നം തീയതി തരാം പെൻഷൻ വരട്ടെ എന്ന് പറഞ്ഞോഴിഞ്ഞു കാര്യം വെറും ആയിരം രൂപ ആണെങ്കിലും എല്ലാത്തിനും ഒരു അച്ചടക്കം പ്രധാനമാണ്‌ .
ഇഡ്ഡലിയും ചമ്മന്തിയും ഇന്ന് കൊഴപ്പമില്ല . ഫ്ലാസ്കിൽ സ്ഥിരമെന്നപോലെ ചായ നിറച്ചു വെചിട്ടുണ്ട് . എത്ര പറഞ്ഞാലും കേൾക്കില്ലെങ്കിൽ എന്ത് ചെയ്യാൻ .
ഒന്ന്‌ കണ്ണടച്ചു തുറന്നപ്പോഴേക്കും സമയം 12
വീൽചെയർ സ്വന്തമായി തള്ളി മദ്യം വെച്ചിരിക്കുന്ന അലമാരിയിൽ നിന്ന് ഓൾഡ് മോങ്കിന്റെ കുപ്പിയെടുത്തു . മാസം തീരാനായി ഇനിയും 10 ദിവസം ബാക്കി . റം ഇനി അധികം ബാക്കിയില്ല . ആർക്കും വേണ്ടാത്ത നാലൊ അഞ്ചൊവിസ്കി കുപ്പികൾ ഇരിപ്പുണ്ട് .

ഒന്നാം തീയതി പയ്യനെ വിട്ട് കാന്റീനിൽ നിന്ന് കോട്ടയും മറ്റ്‌ സാധനങളും വാങ്ങണം സെക്യുരിടി ചെക്കന് 100 രൂപ കൊടുതലെന്താ കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ എത്രയോ ലാഭം . ചെക്കന് 100 രൂപ കൊറവാണത്രെ . ഒരു പണിയും ചെയ്യാതെ എങ്ങിനെ ജീവിക്കാമെന്നാണ് മനസ്സിൽ . ഈ ഇടയായി അവനെ കാണാനില്ല അടുത്ത ഒന്നാന്തി പൈസ വാങ്ങാൻ വരുമല്ലൊ അപ്പോൾ പറയാം

ഫ്‌ളാറ്റിൽ രണ്ട് ബാൽകണികൾ ആണ് ഒന്നിലിരുന്നാൽ കാഴ്ച ഒഴിഞ്ഞു കിടക്കുന്ന നെൽപ്പാടം ആ ബാൽക്കണിയിൽ ആണ് കിളികൾ കൂട് കൂട്ടിയത് മറ്റേതിൽ ഇരുന്നാൽ കാണുന്നത് തിരക്കുപിടിച്ച ഷോപ്പിങ് മാൾ അതിന്റെ മുന്നിലൂടെ ഈയിടെ തുടങ്ങിയ മെട്രോ ട്രെയിൻ . മെട്രോയിൽ കയറാൻ ആഗ്രഹമുണ്ടെങ്കിലും തന്റെ
അവസ്ഥ മനസിലാക്കുന്ന, പ്രാക്ടിക്കലായി മാത്രം ചിന്തിക്കുന്ന നായർ താൻ പണ്ട് കയറിയിട്ടുള്ള
ഡക്കോട്ട പ്ലെയിനിനേക്കാൾ വരില്ലല്ലോ എന്നോർത് സ്വയം സമാധാനിപ്പിച്ചു . മെട്രോ ഭാഗത്തിരുന്നാൽ ദൂരെ മാളിൽ ഷോപ്പിംഗിനു വരുന്ന മനുഷ്യരെ കാണാം ആളുകൾക്ക്
ഇതിനുമാത്രം എന്താണ് വാങ്ങാനുള്ളതെന്നു നായർ പലപ്പോഴും ആലോചിച്ചിട്ടുണ്ട്

ഇന്ന് കിളികൂട് ബാൽക്കണിയിൽ ഇരിക്കാം കിളികളുടെ ചിലപ്പുണ്ടാവില്ലല്ലോ . സമാധാനമയി ഇരുന്ന് പഴയ ട്രാൻസിസ്റ്ററിൽ വിവിധ് ഭരതിയിൽ പാട്ട് കേട്ട് മൂന്നെണ്ണം വീശണം
അച്യുതൻ നായർ പതിവ് പോലെ മൂന്ന് പെഗ് അകത്താക്കിതീർന്നപ്പോൾ സമയം കൃത്യം 1.30.
വീൽചെയർ എന്നത്തേയും പോലെ നേരെ ഡൈനിങ്ങ് ടേബിളിലേക്ക് .

ഊണിന് ഒരു സ്വാദും ഇല്ല . പെണ്ണ് നാളെ ഇങ്ങ് വരട്ടെ നല്ലോണം കൊടുക്കുന്നുണ്ട് .

ഊണിന് ശേഷം പതിവുപൊലെ ഒരു മയക്കം .
എന്നത്തേയും പോലെ താഴെ കളിക്കുന്ന കുട്ടികളുടെ ആർപ്പ് വിളി നായരുടെ ഉറക്കം കെടുത്തി .
ഫ്ലാസ്കിൽ നിന്ന് ചായ ഒഴിച്ച് നായർ മെട്രൊ
ഭാഗത്തുള്ള ബാൽകണിയിലെക്കു പോയി .
കുട്ടികളുടെ ആർപ്പ് വിളിക്ക് ഒരു കുറവും ഇല്ല .

നിനക്കോന്നും വീട്ടിൽ ചോദിക്കാനും പറയാനൊന്നും ആരുമില്ലെടാ മാഹീന്ദ്രങ്ങളെ എന്ന് പറ്റാവുന്ന ഉച്ചത്തിൽ പറഞ്ഞെങ്കിലും ആ ശബ്ദം കുട്ടികൾ കേൾക്കാത്തത് കൊണ്ടോ അതോ അനുസരണക്കേടു കൊണ്ടോ ബഹളം തുടർന്നുകൊണ്ടേയിരുന്നു.
കുട്ടികളുടെ ശബ്ദം കേൾക്കാതിരിക്കാൻ നായർ ടി വി ഓൺ ചെയ്തു . സാധാരണ ടീവി ഒന്ന്‌ തിരിഞ്ഞു പോലും നോക്കാത്ത നായർ ടീവി ഓൺ ചെയ്തപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്തെ
അഭിസംബോധന ചെയ്യുന്നു . രാജ്യ സ്നേഹിയായ നായർ പുളകിതനായി ഒന്ന്‌ എഴുനേറ്റ് സല്യൂട്ട് അടിക്കാൻ പറ്റാത്തതിൽ അയാളുടെ ഹൃദയം അറിയതെ ഒന്ന്‌ വെമ്പി
പ്രധാനമന്ത്രി എപ്പോഴത്തെയും പോലെ തന്റെ വാക് ചാരുത കൊണ്ട് ആളുകളുടെ മനസ്സിൽ തിരമാലകൾ സൃഷ്ടിച്ചു രാജ്യം നേരിടുന്ന കൊറോണ എന്ന മഹമാരിയെ സർക്കാർ എന്ത് വില കൊടുത്തും തുരത്തി ലോകത്തിന്റെ മുന്നിൽ മാതൃകയാകും എന്ന് ഉറക്കെ പ്രഖ്യാപിച്ചു
രാജ്യത്തിലെ കോവിഡ് വ്യാപനം തടയാൻ നാളെ
രാജ്യമാകെ ജനത കർഫ്യു ആയിരിക്കുമെന്നും അതിന് ശേഷം അവരവുടെ ബാൽക്കണിയിൽ ഇരുന്ന് പാത്രം കൊട്ടിയും കൈകൾ കൊട്ടിയും രാജ്യത്തിലെ ആരോഗ്യ പ്രവർത്തകർക്ക് ഊർജം കൊടുക്കണം എന്നും അപേക്ഷിച്ചു .

രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ പ്രസംഗം നായരുടെ സിരകളില്ലെല്ലാം രക്തയോട്ടം കൂട്ടി
താൻ സർവീസിൽ ഉള്ളപ്പോൾ ഇദ്ദേഹം പ്രധാനമന്ത്രിയായിരുന്നെങ്കിൽ എന്ന് നായർ ഒന്ന്‌ കൊതിച്ചുപോയി .

മാർച്ച് 22 ഞായർ കർഫ്യു,ലക്ഷമി ജോലിക്ക് വന്നില്ല നായർ ആ ദിവസം ഒരു വിധം സാധാരണ പോലെ തള്ളി നീക്കി . വൈകുന്നേരം തന്റെ അപ്പാർട്മെന്റിൽ പാത്രം കൊട്ടാൻ ആദ്യം തയ്യാറായി നിന്നതും നായർ തന്നെ.
മാർച്ച് 24 നായർ എന്നും പോലെ പ്രഭാത കർമങ്ങൾ ചെയ്തു തീർന്നപ്പോൾ പതിവ് പോലെ ലക്ഷ്മി വന്നു , ജോലി ചെയ്ത് മടങ്ങുന്നതിനു മുമ്പ് പതിവില്ലാതെ ഒരു കുശലം ഇന്നലെ മുഴുവൻ ഒറ്റക്ക് ഇരുന്ന് കേണൽ സാബിന് പേടിയായില്ലേ എന്ന് ?
പൊതുവെ ഗൗരവക്കാരനായ നായർക്ക് ചിരി അടക്കാൻ കഴിഞ്ഞില്ലെങ്കിലും ഗൗരവം വിടാതെ പട്ടാളക്കാർ ഏതു ഏകാന്തതയും അതിജീവിക്കാൻ പഠിച്ചവരാണെന്ന് അവളെ പറഞ്ഞു മനസിലാക്കി. എന്നാലും ഒരു മൊബൈലെങ്കിലും… അതു മുഴുവനാക്കും മുൻപേ സാബിന്റെ ധൈര്യം ഒന്നും തനിക്കില്ലെന്ന് സമ്മതിച്ചു വാതിൽ അടച്ചു അവള്‍ പുറത്തേക്ക് ഇറങ്ങി

ഊൺമേശയിൽ പാത്രം തുറന്ന് നോക്കുമ്പോൾ സാധാരണയിൽ കൂടുതൽ ചോറും കറികളും നായർ കൊപം കൊണ്ട് വിറച്ചു
താൻ അന്ന് പൈസ കൊടുകതത് കൊണ്ട് പെണ്ണ് ശിക്ഷിക്കുകയാണെന്നയാൾ തീർച്ചയാക്കി . നാളെ അവളുടെ കണക്ക് തീർത്തു പിരിച്ചുവിടാനും തീരുമാനിച്ചു

മാർച്ച് 25 നായർ ഉണരുന്നത് ഞെട്ടിപ്പിക്കുന്ന വാർത്ത കേട്ടാണ് ഇന്ത്യയിൽ 21 ദിവസം സമ്പൂർണ്ണ ലോക്ക് ഡൗൺ തെല്ലൊന്ന് ഞെട്ടിയെങ്കിലും അടിയന്തരാവസ്ഥ കാലത്തു ഡൽഹിയിൽ സെർവിസിൽ ഇരുന്ന നായർ ആ കാലത്തെ ബുദ്ധിമുട്ടുകൾ ഓർത്തുപോയി .
രാജ്യത്തിന്റെ പ്രധാനമന്ത്രി രാജ്യ സുരക്ഷക്ക് വേണ്ടി ചെയ്‌യുന്നതെന്തും പട്ടാളക്കാരനായ ഞാൻ വിധേയ പൂർവം അംഗീകരിക്കും എന്ന് മനസ്സിൽ പറഞ്ഞു.

ആദ്യ ദിവസം വലിയ ബുദ്ധി മുട്ടില്ലാതെ പോയി
രാവിലെ ഫ്രിഡ്ജിൽ എന്നോ വെച്ച് മറന്ന ചപ്പാത്തിയും അച്ചാറും 12 മണിക്ക് പതിവായുള്ള മദ്യപാനം,ഉച്ചക്ക് ലക്ഷ്മി ഇന്നലെ വെച്ച ചോറും കറികളും ഭാഗ്യം അവള്‍ കൂടുതൽ വെച്ചതെന്ന് മനസ്സിൽ പറഞ്ഞു പിന്നെ ഉച്ച ഉറക്കം . ഫ്ലാസ്കിൽ മിച്ചമിരുന്ന ചായ കൊറച്ചു ചൂട് കുറവാണെങ്കിലും
കൊഴപ്പം ഇല്ല . ഫ്രിഡ്ജിൽ ചോറും കറികളും മിതമായി കഴിച്ചാൽ മൂന്ന് നാല് ദിവസം കൂടി ഓടിക്കാം.
രാത്രി 8 മണിക്ക് അവസാന കുപ്പി റമ്മും തീർന്നു
പട്ടാളക്കാരനായാൽ റം കുടിക്കണം എന്ന കേണൽ രഘുബീറിന്റെ ഉപദേശം ഇന്നേവരെ മറന്നിട്ടില്ല
അപ്പോൾ തന്റെ സഹചാരി രാംസിങ് ചിരിച്ചോണ്ട്
പറയും നായർ സാബ് ഈ കേണൽ വലിയ ഓഫീസർമാരുടെ പാർട്ടിക്ക് വിസ്കി കുടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ടെന്ന്.
വിസ്കി കുടിക്കുമ്പോൾ ശർദ്ധിക്കാൻ വരും അതിന്റെ സ്വാദിനെക്കളിലും ചൈനീസ് പുസ്തകം ആര്ട്ട് ഓഫ് വാറിന്റെ വിവരണ ക്‌ളാസെടുക്കാൻ വന്ന ആ സായിപ്പിന്റെ ദുർഗന്ധം ആണ് മനസ്സിൽ വരുന്നത് അവന്റെ ദുർഗന്ധം കാരണം ഒരു പ്രാവശ്യം ശർദ്ധിച്ചു ലീവിൽ പോകേണ്ടിയും വന്നിട്ടുണ്ട്. ‘ആര്ട്ട് ഓഫ് വാർ’ പഠിപിപ്പിക്കുന്നത് യുദ്ധത്തിന്റെ വിവിധവശങ്ങൾ മാത്രമല്ല അതു സാധാരണ മനുഷ്യന്റെ നിത്യജീവിതത്തിൽ പോലും ഉപയോഗ്യം ആണ് .

ലോക്ക് ഡൗൺ അങ്ങനെ നാലാം ദിവസം കിടന്നു
ഫ്രിഡ്ജ് കാലിയായി തുടങ്ങി.
ആകെ വീട്ടിൽ ഉള്ളത് പണ്ടെന്നോ ആ സെക്യുരിട്ടി ചെക്കന്‍ അവന്റെ വീടിലുണ്ടയതാനെന്ന് പറഞ്ഞു തന്ന ഏത്ത പഴം അതും പഴുപ്പ് കൂടി കറുത്ത്
തുടങ്ങി

ലോക്ക് ഡൗൺ ദിവസങ്ങൾ ഓരോന്നായി മുന്‍പൊട്ട് പൊകുംബൊൾ പിന്നോട്ട് പൊകുന്നത് മനുഷ്യന്റെ ആത്മവിശ്വാസം ആണെന്ന് നായർക്ക് മനസിലാവുന്നുണ്ടെങ്കിലും തന്റെ മനസിക ബലം പോകരുത് എന്ന കാരണം കൊണ്ട് ആ സത്യതെ മനസിന്റെ ഒരു കോണിൽ പോലും വയ്ക്കാന്‍ അയാൾ വിസമ്മതിച്ചു
നായർ കലണ്ടറിൽ നോക്കി കലണ്ടർ ഇപ്പോഴും
മാർച്ച് മാസം തന്നെ . തനിക്ക് വീൽച്ചെയറിൽ ഇരുന്ന് കലണ്ടറിന്റെ താള് മാറ്റാൻ പറ്റില്ലെന്ന് മനസിലാക്കിയ നായർ ഒട്ടും നിരാശനാവാതെ വീൽചെയർ തള്ളി മദ്യം സൂക്ഷിക്കുന്ന അലമാരയുടെ അരികിലെക്ക് പോയി സമയം നാലുമണിയെ ആയിട്ടുള്ളു ഇപ്പോൾ ബോറടിമാറ്റാൻ വേറെയെന്തുചെയ്യും ?
പിന്നീട് വീൽചെയർ നീക്കിയത് മാൾ ഭാഗത്തേ ബാൽക്കണിയിലെക്ക് .
ഒഴിഞ്ഞു കിടക്കുന്ന മാൾ എന്നോ ഓട്ടം നിർത്തിയ മെട്രോ ട്രെയിൻ ലോകം ആകെ മാറിയിരിക്കുന്നു
സമ്പൂർണ്ണ നിശബ്ധത . ഒരു. ഇലയനങ്ങുന്ന ശബ്ദം പോലുമില്ല താഴെ കുട്ടികൾ കളിക്കാൻ വന്നിരുന്നെങ്കിലെന്ന് ഒരു നിമിഷം നായർ ആഗ്രഹിചു . അപ്പോളാണ് ദിവസങ്ങളായി പോകാത്ത മറ്റേ ബാൽക്കണിയെ കുറിച്ചോർക്കുന്നത് ആളനക്കമില്ലാത്തത് കൊണ്ട്
കിളികൾ വീണ്ടും കൂട് കൂട്ടികാണുമെന്ന് നായർ വിശ്വസിച്ചു വീൽചെയറുമായി അങ്ങോട്ട് പോയ നായർക്ക് കിളികൾ നിരാശ മാത്രമെ സമ്മാനിച്ചുള്ളു അങ്ങ് ദൂരെ കാണുന്ന പാടത്തിലെ മീന ചൂടിൽ ഉണങ്ങിക്കരിഞ്ഞ പുല്ലുകളും വറ്റി വരണ്ട വെള്ളച്ചാലുകളും കണ്ടപ്പോൾ നായർ താൻ ഓടിച്ചുവിട്ട കിളികളെ കുറിച്ചോർത്തു പോയി
പിന്നെ ജനിച്ച ജീവജാലങ്ങൾ എങ്ങിനെയും ജീവിക്കുമെന്നുള്ള എവിടെയോ കേട്ട അറിയാത്ത സത്യം മനസ്സിൽ വിചാരിച് ഫ്‌ളാറ്റിന്റെ അകത്തേക്ക് പോയി

ടീവിയിൽ പുതിയ വർത്തയറിയാൻ സ്വിച് ഓൺ ചെയ്തപ്പോൾ മാസവരി അടക്കാത്തതിനാൽ കണക്‌ഷൻ കട്ട് ചെയ്‌തെന്ന് സ്ക്രോൾ പക്ഷെ നായർക്ക് ഒരു വിഷമവും തോന്നിയില്ല
ഉപയോഗിക്കുന്ന സർവീസിന് സമയത്തിന് പൈസ കൊടുത്തില്ലെങ്കിൽ അവർ വെറെ എന്ത് ചെയ്യും എന്ന് ആലോചിച്ചു തന്റെ തലക്ക് മുകളിൽ കറങ്ങുന്ന ഫാനിൽ നോക്കി കൊറെ നേരം ഇരുന്നു
എന്തിനു ഫാനിൽനിന്ന് പോലും പണ്ടുള്ള കര കര ശബ്ദം കേൾക്കുന്നില്ല . തന്റെ ചെവിയുടെ കൊഴപ്പം ആണോഎന്നറിയാൻ പഴയ എച് എം റ്റി വാച് കാതോട് ചേർത്ത് പിടിച്ചു . കുഴപ്പം ഇല്ല സൂചിമിടിപ്പ് നല്ലോണം കേൾക്കാം പക്ഷെ സൂചിമിടിപ്പുകൾ സാധാരണത്തെക്കാൾ വേഗത്തിലല്ലേ എന്നയാൾക് തോന്നി.

വാച്ചു കണ്ടപ്പോളാണ് സമയം രാത്രി 10. അതിയായ വിശപ്പ് വീട്ടിൽ ഒന്നും ഇല്ല എന്ന സത്യം അയാളെ അലട്ടിയില്ല . എന്നും രാവിലെ ഇരിക്കുമ്പോലെ ഓഫായി കിടക്കുന്ന ടീവി സ്‌ക്രീനിൽ അയാൾ നോക്കി ഇരുന്നു കറുത്ത കൊമ്പൻമീശയെ കളിയാക്കാനെന്നപോലെ നരച്ച താടി രോമങ്ങൾ തലപൊക്കി നോക്കുന്നു . നാളെ ഷേവ് ചെയ്യണം എന്നോർത് വിസ്കി ഗ്ലാസ്സിലേക്ക് ഒഴിച്ചു . വെള്ളം ഒഴിക്കാതെ വിസ്കി ഓരോ സിപ്പ് എടുക്കുമ്പോളും മനസ്സിൽ പഴയ ചിത്രങ്ങൾ തെളിഞ്ഞു വന്നു അതിൽ ഏറ്റവും കൂടുതൽ ഓര്മ അമ്മ എനിക്ക് വേണ്ടി കണ്ട നായർ പെണ്ണുങ്ങളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് പടങ്ങളാണ് . ഇന്നത്തെ കളർ പടങ്ങളെക്കാൾ ബ്ലാക്ക് ആൻഡ് വൈറ്റ് പടങ്ങളിൽ സ്ത്രീകൾ സുന്ദരികളാകും ചില സുന്ദരികളുടെ പടത്തിൽ കണ്ണ് മാറ്റാതെ നോക്കിയിരിക്കുമ്പോൾ ഇഷ്ട്ടം തോന്നിയാലും തന്നിലെ രാജ്യസ്നേഹം പിന്നെ മുൻപ് പറഞ്ഞ കാരണവും കൊണ്ട് ഒരിക്കലും അമ്മയുടെ നിർബന്ധത്തിനു വഴങ്ങിയില്ല .വെറുതെ ഇഷ്ടപ്പെട്ടില്ല എന്ന് കള്ളം പറഞ്ഞു ഒഴിവാക്കിയ എത്രയോ സുന്ദരിമാർ. അവരിലാരെങ്കിലും ഇപ്പോളും ജീവിതത്തിൽ ഒറ്റയ്ക്കാണോ എന്നയാൾ ആലോചിച്ചു .

കണ്ണുകളിൽ നിന്ന് ഉരുണ്ടൊഴുകുന്ന കണ്ണുനീർ മീന ചൂടിന്റെ വിയർപ്പാണെന്ന് സ്വന്തമായി തെറ്റിദ്ധരിപ്പിച്ചു പോക്കറ്റിൽ നിന്നും കർച്ചീഫെടുത്തു കണ്ണ് തുടച്ചു നായർ കൈകൾ വിസ്കി കുപ്പിയിലേക്ക് നീട്ടി തന്റെ ശ്രദ്ധ മാറ്റിയെടുത്തു .

മനസ്സ് ഒരുമാതിരി പിടക്കുന്നതായി അയാൾക്ക് തോന്നി . കുറച്ചു പാട്ട് കേട്ടാൽ മാറ്റം വരുമെന്ന് തോന്നി നായർ ട്രാൻസിസ്റ്റർ ഓൺ ചെയ്തു ഓ ആശ്വാസം ഏ മേരെ വധൻ കി ലോഗോം എന്റെ ഇഷ്ടഗാനം ,എത്ര കേട്ടാലും മടുക്കാത്ത പാട്ട്
പക്ഷെ ആ സമാധാനത്തിനും അതികായുസുണ്ടായിരുന്നില്ല
രാത്രി 12 മണിക്ക് റേഡിയോ സ്റ്റേഷൻ പൂട്ടി .
പിന്നെയും നായരുടെ മനസ്സിൽ എന്തൊക്കെയോ വേണ്ടാത്ത ചിന്തകൾ കുമിഞ്ഞു കൂടി.

ആട്ടി ഓടിച്ച കിളികളുടെ ചിലപ്പ്‌ ഒരട്ടഹാസം പോലെ അയാളുടെ കാതിൽ മുഴങ്ങി
പട്ടാളത്തിൽ ആയിരകണക്കിന് ശത്രുക്കളെ കൊന്ന അയാൾ ചോദിച്ചു ഞാൻ ഒരു ക്രൂരനാണോ ? രക്തത്തിന്റെ ദുർഗന്ധം തന്റെ കയ്യിൽ ഇപ്പോളും ഉണ്ടോ എന്നയാൾ മണത്തുനോക്കി . രാജ്യത്തെ സ്നേഹിച്ചു സ്വന്തം നാടിനു വേണ്ടി പൊരുതിയ പട്ടാളക്കാരൻ ക്രൂരനാണെന്ന് ലോകചരിത്രത്തിൽ ഇന്നൊളം ആരും പറഞ്ഞിട്ടില്ല. അപ്പൊള്‍ അയാളുടെ മനസ്സിൽ പണ്ട് ഒരു റിപ്ലബിക് ദിനത്തിൽ ഏതൊരു ഓഫീസറിന്റെ മകൾ ചൊല്ലിയ ബച്ചൻ സാബിന്റെ പുഷ്പ് കി അഭിലാഷയിലെ വരികളാണ് ഓർമ്മ വന്നത് പൂക്കൾക്ക് പോലും ദൈവങ്ങളെക്കാൾ യുദ്ധക്കളത്തിൽ പൊരുതി മരിച്ച പട്ടാളക്കാരനേയാണിഷ്ടം എത്ര സത്യം !
അടുത്തുള്ള ഏതോ മരത്തിന്റെ കൊമ്പിൽ നിന്ന് കേട്ട കൂമന്റെ മൂളിച്ച നായരേ കിടുക്കി വിറപ്പിച്ചു .

മീന ചൂടിൽ മകര കുളിരാണ് അയാൾക്ക് ശരീരം മുഴുവൻ അനുഭവപ്പെട്ടത് . കാർഗിൽ ബോർഡറിൽ അതിശൈത്യകാലത് പാറാവ് നിന്ന നായർക്ക് പക്ഷെ ഇന്നത്തെ കുളിരിനു എന്തോ ഒരു പ്രത്യേകത തോന്നി . അന്ന് രാത്രികൾക്ക് കൂട്ടായി ഇടുപ്പിൽ സൂക്ഷിച്ചിരുന്ന ഓൾഡ് മോങ്കിന്റെ കുപ്പി അയാൾ ഇപ്പോൾ തന്റെ ഇടുപ്പിൽ തപ്പി നോക്കി ഇല്ല ഓൾഡ് മോൺകെല്ലാം ദിവസങ്ങൾക്ക് മുൻപേ കാലിയാക്കിയിരുന്നു .
പണ്ട് സർവീസ് കാലത്തു പേടി തോന്നുമ്പോൾ സുഹൃത് റാംസിംഗ് വായിക്കുന്ന ഹനുമാൻ ചാലീസ നായർ ഓർത്തു സാബിന് പേടിതോന്നുമ്പോൾ വായിക്കാം എന്ന് പറഞ്ഞു നീട്ടിയ ആ മഞ്ഞപുറം ചട്ടയുള്ള ഹനുമാൻ ചാലീസ അന്ന് പുച്ഛിച്ചു നിരസിച്ചില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഈ രാത്രി സഹാമായേനെ .

വാതിൽ തുറന്ന് ലക്ഷ്മി ഇപ്പോൾ തന്നെ വന്നിരുന്നെങ്കിൽ എന്ന് നിരീശ്വരവാദിയായ നായർ മനസ്സ് തുറന്ന് പ്രാർത്ഥിച്ചു . ഉടനടി ടീവി സ്‌ക്രീനിൽ ലക്ഷ്മിയുടെ പ്രതിഫലനം കാണാം എന്ന് അയാൾ വിശ്വസിച്ചു പക്ഷെ ആവശ്യങ്ങൾക്ക് മാത്രം പ്രാർത്ഥിച്ചാൽ ദൈവം അല്ല ആരും നമ്മളെ സഹായിക്കില്ല എന്ന ലോകനിയമം അയാൾ ഓർത്തു .

വീണ്ടും കൂമന്റെ മൂളൽ , ഇത്തവണ കൂടുതൽ ഉച്ചത്തിലും തീക്ഷണതയിലും ആയിരുന്നു .
അത്‌ തെല്ലൊന്നുമല്ല അയാളെ പേടിപ്പിച്ചത് . കുറച്ചു നേരം കണ്ണടച്ചുറങ്ങിയാൽ എളുപ്പം നേരം വെളുക്കുമെന്ന പ്രതീക്ഷയിൽ അയാൾ വീൽച്ചെയറിൽ മലർന്ന് കിടന്നു .
കണ്ണടച്ചപ്പോൾ എവിടെന്നോ ചന്ദനത്തിന്റെയും കര്പൂരത്തിന്റെയും സുഗന്ധം മുറിയിലാകെ നിറഞ്ഞതായി അയാൾക്കനുഭവപ്പെട്ടു . അതിനോടൊപ്പം ഏതോ ഒരു രൂപം അയാളുടെ അടഞ്ഞ കണ്ണുകളിൽ പതിഞ്ഞു സൂക്ഷിച്ചു നോക്കിയപ്പോൾ ഹായ് അമ്മ !
പഞ്ഞി കെട്ടുപോലെയുള്ള വെള്ളി മുടിക്ക് ഒരു മാറ്റവുമില്ല മുറുക്കി ചുവന്ന ചുണ്ടുകൾ നെറ്റിയിൽ ഗുരുവായൂരിലെ സുഗന്ധമേറിയ ചന്ദനക്കുറി അതിൽ പൊടിപൊടി ആയി ഉതിർന്നിറങ്ങുന്ന വിയർപ്പ് തുള്ളികൾ ചന്ദന കുറിക്ക് മുകളിലെ രക്‌തചന്ദനമില്ലെങ്കിൽ ‘അമ്മ ചന്ദനകുറിയിട്ടുണ്ടെന്ന് ആർക്കും മനസിലാവില്ല . അമ്മയുടെ ചുണ്ടിൽ നിന്ന് നേർത്ത ശബ്ദം എപ്പോഴോ കേട്ടു മറന്ന ശ്ലോകം
അവസാനമായി ഏഴാം ക്‌ളാസിൽ കണക്ക് പരീക്ഷയെ പേടിച്ചു പനിവന്നപ്പോൾ അമ്മയുടെ മടിയിൽ കിടന്ന് കേട്ടത് ഒരിക്കലും മറക്കാനാവില്ല

“അര്‍ജുനന്‍,ഫല്‍ഗുനന്‍, പാര്‍ത്ഥന്‍, വിജയനും
വിശ്രുതമായ പേര്‍ പിന്നെ കിരീടിയും
ശ്വേതാശ്വനെന്നും ധനഞ്ജയന്‍ ജിഷ്ണുവും
ബീഭത്സുവും സവ്യസാചിയും ഞാനെടോ.
പത്തു നാമങ്ങളും ഭക്ത്യാ ജപിക്കിലോ
നിത്യ ഭയങ്ങള്‍ അകന്നു പോം നിര്‍ണ്ണയം”

ആ ശ്ലോകം ഇപ്പോൾ അമ്മയുടെ കൂടെ ചൊല്ലുമ്പോൾ അച്യുതന്റെ കണ്ണുകളിൽ നിന്നുതിർന്ന ജലകണങ്ങൾ മീന ചൂടിൽ ഉതിരാറുള്ള വിയർപ്പുത്തുള്ളികളല്ല എന്നയാൾക്ക് ആദ്യമായി മനസിലായി .

ലോക്ക് ഡൗൺ ദിവസങ്ങൾ കൂടി പിന്നിട്ടു .
കൊറോണ വ്യാപനത്തിന് യാതൊരു ശമനവുമില്ല
ലക്ഷ്മി വീട്ടിലിരുന്നു കൊറച്ചു വണ്ണം വെച്ചതല്ലാതെ മറ്റു മാറ്റങ്ങൾ ഒന്നും തന്നെ ഇല്ല . സർക്കാർ കൊടുക്കുന്ന ഭക്ഷണ കിറ്റും മറ്റിനങ്ങളും അവളുടെ ജീവിതത്തെ മുൻപത്തെക്കാൾ മെച്ചമാക്കിയെന്നു തന്നെ പറയാം
അലമാര അടുക്കിവെക്കാൻ നേരമാണ് ആ പുതിയ പച്ച സാരി കണ്ണിൽ പെട്ടത് . ലോക്ക് ഡൗൺ തുടങുന്നതിനു നാലഞ്ചു ദിവസങ്ങൾക്ക് മുൻപേ 300 രൂപ കയ്യിൽ തന്ന് പിറന്നാളിനുടുക്കാൻ നീ ഒരു സാരി വാങ്ങണം എന്ന് പറഞ്ഞു തോളിൽ തട്ടിയ കേണൽ സാബിന്റെ മുഖം ഓര്ത്തപ്പോൾ പെട്ടന്ന് അവൾക്ക് സങ്കടം വന്നു

ഈ മുടിഞ്ഞ കൊറോണ കാലത്തു സാബ് എങ്ങിനെ ജീവിച്ചു കാണും ? ഒരു മൊബൈൽ ഉണ്ടായിരുന്നങ്കിൽ വിളിച്ചെങ്കിലും ചോദിക്കാമായിരുന്നു. കേണൽ സാബിന്റ മനോധൈര്യം പിന്നെ ഏതൊരു സാഹചര്യവും നേരിടാനുള്ള മനകരുതും ഈ ലോക്ക് ഡൗൺ അദ്ദേഹത്തിന് പ്രശ്നമാകില്ലെന്ന് ലക്ഷ്മിക്ക് ഉറപ്പായിരുന്നു. കഴിഞ്ഞ ആറു വർഷങ്ങളായി അടുപ്പത്തിലറിയാവുന്ന കേണൽ സാബിന്റെ ലാളിത്യം കരുതൽ സ്നേഹം ഇതിനെക്കാളും അവള്‍ ഇഷ്ടപെട്ടത് അദ്ധേഹത്തിന്റെ ജീവിതചിട്ടയും അച്ചടക്കവും ധൈര്യവും തന്നെയാണ്
അവസാനം കണ്ട ദിവസം ഒരു പട്ടാളക്കാരൻ ഏകാഗ്രത കൊണ്ടെങ്ങിനെയാണ് ഏകാന്തതയെ തുരത്തുന്നത് എന്ന് വിവരിച്ചപ്പോൾ അയാളോടുള്ള ബഹുമാനം ഒന്നുകൂടി വർധിച്ചു .
നാളെ ഉണ്ണി മോനെയും കൂട്ടി അദ്ദേഹത്തെ ചെന്ന് കാണണം.

രാവിലെ തന്നെ കുളിച്ചൊരുങ്ങി പുതിയ പച്ച സാരിയുമുടുത്തു മോന്റെ കൂടെ കേണൽ സാബിന്റെ വീട്ടിലേക്ക് നടക്കുമ്പോൾ അവള്‍ ഏതോ പരിചിതമല്ലാത്ത വഴിയിൽ കൂടെ പോകുന്നതായി തോന്നിയെങ്കിൽ തെറ്റ് പറയാനാവില്ല അത്ര മാത്രം മാറ്റങ്ങൾ വന്നിരിക്കുന്നു .ആറുവർഷമായി ഞാൻ പോകുന്ന വഴി മുഴുവനും പച്ചപ്പ് .മീന വെയിലിനെ തൊല്പിച്ചു പുഞ്ചിരിച്ചു നിൽക്കുന്ന മുക്കുറ്റിപ്പൂക്കൾ തന്റെ ഇത്രയും കാലജീവിതത്തിൽ അവള്‍ കണ്ടിട്ടേയില്ല .പുറകെ നടക്കുന്ന ഉണ്ണിമോന്റെ നിഴൽ അവളുടെ ഉയരത്തിനേക്കാൾ വന്ന് മുന്നിൽ പതിച്ചപ്പോൾ , എത്രയും പെട്ടന്ന് വലുതായി കേണൽ സാബിനെപോലെ ഉണ്ണിമോനും പട്ടാളത്തിൽ ജോലികിട്ടണേയെന്ന് അവള്‍ പ്രാർത്ഥിച്ചു .നടന്ന് നടന്ന് കേണൽ സാബിന്റെ അപ്പാർട്മെന്റിൽ എത്തിയത് അവള്‍ അറിഞ്ഞതേയില്ല . ഗെയ്റ്റിൻ മുന്പിൽ പുതിയ സെക്യുരിടി . കനത്ത ശബ്ദത്തിൽ എങ്ങോട്ടാണ് എന്ന ചോദ്യത്തിന് മാസ്ക് താഴ്ത്തി ഞാനും ഗൗരവത്തോടെ 6ബി എന്ന് പറഞ്ഞു. പിന്നെയും തീര്ന്നില്ല ചിലപ്പോൾ എന്റെ ഗൗരവം കണ്ടയിരിക്കും ഇത്തവണ കുറച് മൃദുവായി ആരാണ് ? പിന്നെയും ഞാൻ അതെ ശബ്ദത്തിൽ കേണൽ സാബിന്റെ കുക്ക് ആണെന്ന് അഭിമനതൊടെ പറഞ്ഞു ആരോടും അങനയെ പറയവു കേണൽ സാബിന്റെ ഉത്തരവാണ്.
എന്റെ മട്ടും ഭാവവും കണ്ടാൽ തോന്നും ഞാനെതൊ വലിയ ധൈര്യശാലിയാണെന്ന് .എന്റെ ചങ്കിടിപ്പ് എനിക്കെ അറിയൂ . പിന്നെ ലോകത്തിലെ ആരുടേയും അകവും പുറവും ഒന്നുപോലെയല്ലല്ലോ

മോന്റെ കൂടെ ലിഫ്റ്റിൽ കേറി ആറാം നിലയിലെക്ക് പൊകുംബൊൾ കേണൽ സാബ് എന്ത് പറയുമെന്നാലോചിച് കുറച്ചു പേടിയും ഉണ്ട്‌ .
ലിഫ്റ്റിൽ നിന്നിറങ്ങി 6 ബി യുടെ വാതിൽ ശബ്ദമുണ്ടാക്കാതെ മെല്ലെ തുറന്നു നോക്കി . ഒരു മാറ്റവും ഇല്ല പതിവ് പോലെ തന്റെ വീൽച്ചെയറിൽ ഇരിക്കുകയാണ് ഞാൻ ഉള്ള ധൈര്യം സംഭരിച് പതിവ് പോലെ ഗുഡ് മോർണിങ് കേണൽ സാബ് കൊറച്ചു ഉറക്കെ തന്നെ വിഷ് ചെയ്തു . ഒരു കുലുക്കവും ഇല്ല .പണ്ട് മഴകാരനം10 മിനിട്ട് വൈകിയപ്പോൾ ഉണ്ടായ കോലാഹലം അവളോർത്തു . പിന്നെയും അടുത്തൊട്ട് ചെന്ന് എന്താ പിണക്കം ആണോ എന്ന് ചോദിച്ചപ്പോഴും യാതൊരു മറുപടിയുമില്ല . തെല്ലു പരിഭ്രമത്തോടെ അവള്‍ മോന്റെ കൈപിടിച്ചു കൊറച്ച്കൂടി മുന്നോട്ട് നടന്നു .അപ്പൊള്‍ കണ്ട കാഴ്ച്ചയിൽ അവളാകെ തളർന്ന് വിവശയായിപ്പോയി . കേണൽ സാബിന്റെ ചേതനയറ്റ മുഖത്തിൽ ഇഴയുന്ന ഉറുമ്പുകൾ. നിസ്സഹായതയിൽ അവള്‍ ഉണ്ണിമോനെ മാറോടുചേർത്ത് കണ്ണടച്ചുപിടിച്ചു . അനാവശ്യമെങ്കിലും മനസിലെ കുറ്റബോധം അവളുടെ കരച്ചിലിനെ പോലും അമർത്തിക്കളഞ്ഞു . അവളുടെ അടയ്ച്ചുവച്ചിരിക്കിന്ന കണ്ണുകളിൽ തെളിയുന്ന കേണൽ സാബിന്റെ ഗൗരവം നിറഞ്ഞ മുഖം അവളിലുണർത്തിയത് പുതിയ ചിന്തകളാണ് .
നമ്മൾ കാണുന്ന എല്ലാ ചിരിക്കുന്ന മുഖങ്ങളും അവരുടെ സത്യങ്ങൾ ആവണമെന്നില്ല . അതിന്റെ പുറകിൽ എവിടെയോ ചിലപ്പോൾ വിഷാദത്തിന്റെ കരിനിഴൽ കാണാം . ഏകാന്തതയും വിഷാദവും തമ്മിലുള്ള അകലം പലപ്പോഴും നേരിയതാണ് . അവർക്ക് ഒരിക്കലും നമ്മളെ കാണാൻ പറ്റില്ല പക്ഷെ ചിലപ്പോൾ സ്നേഹാർദ്രമായ കണ്ണുകളിലൂടെ നോക്കിയാൽ നമുക്കവരെ കാണാം.
ബന്ധുക്കാളാരുമില്ലാത്ത കേണൽ സാബിന്റെ വീട് ശുദ്ധികലശം ചെയ്ത് വാതിലടച്ചു താക്കോൽ സെകുരിറ്റിയെ ഏല്പിച്ചശേഷം ഉണ്ണിമോൻറെ കയ്യും പിടിച്ചവൾ നേരെ നടന്നത് ആരോരുമില്ലാത്ത അവളുടെ ബാല്യകാല സുഹ്രുത് രാധയുടെ കുടിൽ തേടിയാണ്.

പ്രവീൺ ശങ്കരാലയം.

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: