17.1 C
New York
Wednesday, January 19, 2022
Home Literature അച്ഛന്റെ വില അഞ്ചുലക്ഷം (കഥ )

അച്ഛന്റെ വില അഞ്ചുലക്ഷം (കഥ )

സുനു വിജയൻ ✍️

തൊടുപുഴയിൽ നിന്നും ബസുകയറി മലയടിവാരത്തുള്ള ആ വൃദ്ധ സദനത്തിൽ എത്തിയപ്പോൾ സമയം വൈകുന്നേരം അഞ്ചുമണി കഴിഞ്ഞിരുന്നു. വീട്ടിൽ വിളഞ്ഞ കുറച്ച് ഏത്തപ്പഴവും, ഒരു പ്ലം കേക്കും, അംഗങ്ങൾക്കേവർക്കും ഓരോ കൈലിമുണ്ടുമായി ക്രിസ്തുമസ് പിറ്റേന്ന് അവിടേക്ക് യാത്രാതിരിക്കുമ്പോൾ ഉള്ളിൽ ചെറിയ ഒരു ജാള്യത ഇല്ലാതിരുന്നില്ല.കാരണം ആരുടെയെങ്കിലും വരവുകാത്തു പ്രതീക്ഷയോടെ കഴിയുന്ന കുറെ വയ്യസ്സായവരുടെ അടുത്തേക്ക് ഈ നിസ്സാര സമ്മാനങ്ങളുമായി പോകുക എനിക്കല്പം മടിതന്നെയായിരുന്നു. പക്ഷേ പോകാതിരിക്കാൻ മനസ്സനുവദിച്ചതുമില്ല.

ബസ്സിറങ്ങി ഒരു ഓട്ടോയിൽ കയറി ഒരു കാർഡ്‌ബോർഡ് പെട്ടിയുമായി ആ വൃദ്ധ സദനത്തിന്റെ മുറ്റത്തു ചെന്നിറങ്ങുമ്പോൾ സാമൂവൽ സാർ ആ സദനത്തിന്റെ നടത്തിപ്പുകാരൻ മുറ്റത്തു ചെടികൾ നനച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു. എന്നെ കണ്ടതും ആ മുഖത്ത് പുഞ്ചിരി വിടർന്നു.

“സുനു ഈ വർഷവും ഞങ്ങൾ വയസ്സന്മാരെ മറന്നില്ല അല്ലേ. വന്നതിൽ അതീവ സന്തോഷം.”

പൂക്കൾ നിറഞ്ഞ ആ മുറ്റത്തേക്ക് സാമൂവൽ സാർ എന്നെ സ്നേഹത്തോടെ വരവേറ്റു.

ഒരു വർഷമായി ഇവിടെ എത്തിയിട്ട്. പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നുമില്ല. എല്ലാം പഴയതുപോലെ. ഞാൻ മുറ്റത്താകെ ഒന്നു കണ്ണോടിച്ചു. കിണറ്റു കരയിൽ ഒരു ചാമ്പ നിറയെ കായ്ച്ചു നിൽക്കുന്നു. കഴിഞ്ഞ തവണ വന്നപ്പോൾ അതു തീരെ ചെറുതായിരുന്നു. കിണറിനോട് ചേർന്നുള്ള മഞ്ഞ ഇല്ലിപ്പടർപ്പിന് സമീപം ഇത്തവണയും പുൽക്കൂട് ഒരുക്കിയിട്ടുണ്ട്. മുറ്റത്തിന്റെ ഇടതു വശത്ത് നിരന്നു നിൽക്കുന്ന ഹൈഡ്രാഞ്ചി ചെടികളിൽ കുലയിട്ടു പൂത്തു നിൽക്കുന്ന നീല പൂക്കൾ.

സമയം സന്ധ്യ ആയതു കൊണ്ടാവണം അന്തേവാസികൾ എല്ലാവരും അകത്തെ തളത്തിൽ ടി വി കാണുകയാണ്. ആരെയും പുറത്തേക്കു കണ്ടില്ല.

സാറിനൊപ്പം അകത്തേക്ക് ചെന്നപ്പോൾ എല്ലാവരും കൌതുകത്തോടെ നോക്കി. പഴയ ചില പരിചിത മുഖങ്ങൾ ചിരിച്ചു. ചിലർ എന്നെ നോക്കി എന്തോ ഓർത്തെടുക്കാൻ ശ്രമിച്ചു. ചിലരുടെ മുഖത്ത് സങ്കടം പടർന്നു കയറി.

ആകെ പതിനാറു പേരുള്ള ആ വൃദ്ധ സദനത്തിൽ എല്ലാം പുരുഷന്മാർ. എല്ലാവരും അറുപതു കഴിഞ്ഞവർ. വീട് ഉപേക്ഷിച്ചു വന്നവർ, വീട്ടുകാർ ഉപേക്ഷിച്ചവർ, തെരുവിൽ ഭിക്ഷയാചിച്ചു നടന്നവർ, ആശുപത്രി കിടക്കയിൽ നിന്നും ആരോരും തുണയില്ലാതെ ഇവിടെ ചേക്കേറിയവർ, നിസ്സാഹ്ഹായതയുടെ, അനാഥത്വത്തിന്റെ ഉടുപ്പണിഞ്ഞ പതിനാറു വൃദ്ധ മനസ്സുകൾ.

സന്തോഷത്തോടെ കേക്കു മുറിച്ച് ഓരോരുത്തരുടെയും വായിൽ വച്ചു നൽകിയപ്പോൾ ആ നരച്ച കണ്ണുകൾ സജലങ്ങളാകുന്നത് ഞാൻ കണ്ടു. പഴുത്ത ഏത്തപ്പഴം വീട്ടിൽ ഉണ്ടായതാണ് എന്നു പറഞ്ഞു കൊടുത്തപ്പോൾ അവർ ഹൃദയം തുറന്നു ചിരിച്ചു. ഏവർക്കും ഓരോ കൈലിമുണ്ട് നൽകി അവരെ ആലിംഗനം ചെയ്തപ്പോൾ അതിൽ ഒരച്ഛൻ, എഴുപതു കഴിഞ്ഞ ഒരച്ഛൻ എന്നെ മുറുകെ പുണർന്നു പൊട്ടിക്കരഞ്ഞു. നിറഞ്ഞു തുളുമ്പിയ എന്റെ കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ അദ്ദ്ദേഹത്തോട് പറഞ്ഞു

“അയ്യേ ഇതെന്താ കൊച്ചു കുട്ടികളെപ്പോലെ കരയുകയോ “

മരിച്ചുപോയ എന്റെ അച്ഛനുപകരം പതിനാറു അച്ഛന്മാരുടെ സ്നേഹം ഏറ്റുവാങ്ങി സാമൂവൽ സാറിന്റെ മുറിയിലേക്ക് നടക്കുമ്പോൾ ഹൃദയം വിങ്ങുന്നതറിഞ്ഞു. എന്തിനെന്നറിയില്ല ഒരുപക്ഷെ എന്റെ അച്ഛന്റെ ഓർമ്മകൾ ഉള്ളിലേക്ക് കടന്നു വന്നതിനാലാവാം.

അന്നു രാത്രി മടങ്ങിപ്പോരാൻ സാമൂവൽ സാർ സമ്മതിച്ചില്ല. ഒരു വൃദ്ധ സദനം നടത്തിക്കൊണ്ട് പോകുവാൻ അദ്ദേഹം കാണിക്കുന്ന ആ സന്മനോഭാവത്തെ എത്ര പുകഴ്ത്തിയാലും മതിയാകില്ല. കഞ്ഞിയും, ചെറുപയർ മെഴുക്കു പുരട്ടിയും, പപ്പടവും, മോരു കാച്ചിയതും ഹൃദ്യമായ രുചിയോടെ അത്താഴത്തിനു അവരോടൊപ്പം കഴിച്ചു. ഉറങ്ങുന്നതിനു മുൻപ് മുറ്റത്തെ മാവിൻതറയിൽ വെറുതെ കാറ്റുകൊണ്ടിരുന്നു. ഡിസംബറിന്റെ നേരിയ കുളിരുപടർന്ന കിഴക്കൻ കാറ്റ് മെല്ലെ വീശുന്നുണ്ടായിരുന്നു. ആകാശത്ത് ഒരായിരം നക്ഷത്രങ്ങൾ. ഞാൻ ആകാശത്തേക്ക് നോക്കി വെറുതെ ആ മാവിൻ ചുവട്ടിൽ ഇരുന്നു.

“കുഞ്ഞേ “
ആരോ പിന്നിൽ നിന്നും വിളിക്കുന്നു.
നേരത്തെ ഞാൻ പുണർന്നപ്പോൾ കരഞ്ഞ ആ അച്ഛൻ.

“അച്ഛൻ ഉറങ്ങിയില്ലേ. ഇവിടെ ഇരിക്കൂ.”
ഞാൻ അദ്ദേഹത്തെ എന്റെ അരികിലേക്ക് ക്ഷണിച്ചു.

“കുഞ്ഞ് കഥയൊക്കെ എഴുതും എന്ന് സാമൂവൽ സാർ പറഞ്ഞു. ഞാൻ എന്റെ കഥ പറഞ്ഞാൽ അതൊന്നു എഴുതുവോ “?

“അച്ഛാ ഞാൻ അങ്ങനെ എഴുത്തുകാരനൊന്നുമല്ല. അച്ഛൻ പറഞ്ഞേ ഞാൻ കേൾക്കട്ടെ “

എന്റെ കൈകൾ ചേർത്തു പിടിച്ചുകൊണ്ടു ആ അച്ഛൻ പറഞ്ഞു.

“സുധാകരൻ എന്ന ഞാൻ ഇവിടെ എത്തിയിട്ട് എട്ടു മാസങ്ങൾ കഴിഞ്ഞു. ഗവൺമെന്റ് അഞ്ചു ലക്ഷം രൂപ വിലയിട്ട ഞാൻ ഓമനിച്ചു വളർത്തിയ ഒരേയൊരു മകൻ എന്നെ കൊല്ലും എന്നറിഞ്ഞപ്പോൾ രക്ഷപെട്ടു ഇവിടെ എത്തിയതാ “

ആ അച്ഛൻ പറയുന്നത് ഒന്നും എനിക്ക് മനസിലായില്ല. അഞ്ചു ലക്ഷം വിലയിട്ടു എന്നോ. ഞാൻ ആകാംഷയോടെ അദ്ദേഹം പറഞ്ഞത് ശ്രദ്ധിച്ചു.

“കൊല്ലത്ത് ഒരു കമ്പനിയിൽ ആയിരുന്നു ജോലി. ഭാര്യ മുൻപേ മരിച്ചു. അവൾ മരിച്ചതോടെ ഏതാണ്ട് ഒറ്റപ്പെട്ടത് പോലെയായി ജീവിതം. ഒരേയൊരു മകൻ. അവന് സ്വന്തമായി ചെറിയ ഒരു കടയൊക്കെ ഉണ്ട്. അവന്റെ വിവാഹം കഴിഞ്ഞു. രണ്ടു കുട്ടികളുമായി.

ഞാൻ ഇടക്ക് അവന്റെ കടയിൽ പോയിരിക്കും, ഞാൻ അവിടെ ചെന്നിരിക്കുന്നതോ അഭിപ്രായങ്ങൾ പറയുന്നതോ അവനിഷ്ടമല്ല. പലപ്പോഴും ഞാൻ അവനും ഭാര്യക്കും ഒരാധികപ്പറ്റാണ് എന്നു തോന്നിയിട്ടുണ്ട്. പക്ഷേ ഒന്നും കണ്ടില്ലന്നു നടിക്കും. ഒരു സ്വാതന്ത്ര്യവും ഇല്ലാത്ത ജീവിതം. എന്തിനും ഏതിനും അവന്റെ മുന്നിൽ കൈനീട്ടണം. ചെറിയ പെൻഷൻ കാശുണ്ട്. പക്ഷേ അത്‌ വരുന്ന ബാങ്കിലെ കാർഡും അവന്റെ കയ്യിലാ. വല്ലപ്പോഴും മുടിവെട്ടാൻ നൂറുരൂപ തരും. അത്രതന്നെ.

എനിക്ക് പഴനിയിൽ പോകാൻ വല്ലാത്ത ആഗ്രഹം ആയിരുന്നു. മരിക്കും മുൻപ് അവിടെ ഒന്നു പോകണം എന്നുണ്ടായിരുന്നു. അവനോട് പലവുരു പറഞ്ഞു. അവൻ കേട്ട ഭാവം നടിച്ചില്ല. എപ്പോഴെങ്കിലും അവസരം ഒത്തുകിട്ടിയാൽ പോകാം എന്നു ഞാനും കരുതി.

അങ്ങനെയിരിക്കെ നാട്ടിലെ അമ്പലത്തിൽ ഉത്സവം വന്നുചേർന്നു. വീട്ടിൽ വന്ന ചില വിരുന്നുകാർ എനിക്ക് കുറച്ചു പൈസ തന്നത് ഞാൻ സൂക്ഷിച്ചു വച്ചിരുന്നു. ഉത്സവദിവസം ദീപാരാധന തൊഴുതിട്ട് ഞാൻ പഴനിയിൽ പോകും എന്ന് അവനെ ധരിപ്പിക്കുകയും ചെയ്തിരുന്നു. അവന് അതൊട്ടും ഇഷ്ടപ്പെട്ടില്ല. എങ്കിലും ഒന്നും പറഞ്ഞില്ല.

ഉത്സവം തൊഴുതിട്ട് പഴനി മാത്രമല്ല ഒരു ചെറിയ തീർത്ഥടനം നടത്തി പതിയെ വീട്ടിൽ തിരിച്ചെത്തിയാൽ മതി എന്ന് ഞാനും ഉള്ളിൽ കരുതി. ഇതൊന്നും ആരോടും പറഞ്ഞില്ല. അല്ലെങ്കിൽത്തന്നെ ആരോടു പറയാൻ.

ഉത്സവം വന്നു. അവസാന ദിവസം ഞാൻ ദീപാരാധന തൊഴുതു. നേരെ പഴനിക്ക് തിരിച്ചു. പക്ഷേ കഥയാകെ അവിടെ മാറിമറിഞ്ഞു.

ഉത്സവം കഴിഞ്ഞ രാത്രി ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ പലരും മരിച്ചു. ചിലർ കത്തിക്കരിഞ്ഞു തിരിച്ചറിയാത്ത പരുവത്തിലായി. ആ ഗണത്തിൽ അവർ എന്നെയും പെടുത്തി.

സർക്കാർ മരിച്ചവർക്ക് അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ചു. ആ തുക മകനു ലഭിക്കേണ്ട രണ്ടു ദിവസം മുൻപ് രാവേറെ ചെന്നപ്പോൾ തീർഥടനം കഴിഞ്ഞ് ഈ കഥയൊന്നും അറിയാതെ ഞാൻ വീട്ടിലേക്ക് കയറിച്ചെന്നു.

എന്നെ കണ്ട് മകനും അവന്റെ ഭാര്യയും ഞെട്ടിപ്പോയി. പുറത്തുള്ള കുളിമുറിയിൽ കുളിക്കാൻ പോയ ഞാൻ തലയിൽ അൽപ്പം എണ്ണ വാക്കാനായി അടുക്കളയിൽ എത്തിയപ്പോൾ മകൻ ഭാര്യയോട് പറയുന്നത് കേട്ട ഞാൻ ഞെട്ടിത്തരിച്ചു പോയി.

അഞ്ചുലക്ഷം ഇല്ലാതെയാക്കാൻ ഞാൻ തിരിച്ചു വന്നത്രെ. രാത്രി ശ്വാസം മുട്ടിച്ചു കൊന്ന് പിന്നാമ്പുരത്തെ പൊട്ടകിണറ്റിൽ തള്ളി ആ കിണർ അങ്ങിടിച്ചു നിരത്തിയാൽ തീരാവുന്ന നിസ്സാര സംഗതിയാണിത് എന്നവൻ ഭാര്യയോട് ലഘവത്തോടെ പറയുന്നത് കേട്ടപ്പോൾ ഒരു ജന്മം മുഴുവൻ അവനുവേണ്ടി കഷ്ടപ്പെട്ട്, ഒരു ചായപോലും കുടിച്ചു വെറുതെ പൈസ കളയാതെ ജീവിച്ച എനിക്ക് എന്നോടു തന്നെ പുച്ഛം തോന്നി.

തലയിൽ നിറയെ എണ്ണവച്ചു ആ രാത്രി അവിടെനിന്നും ഇറങ്ങി നടന്നു. തിരിഞ്ഞു നോക്കിയപ്പോൾ അബദ്ധത്തിൽ കണ്ടു. തിണ്ണയിൽ മാലചാർത്തിയ തൻറെ ചിത്രം. എത്തപെട്ടത് ഈ മലയാടിവാരത്തിലാണ്. ആരോടും ഒന്നും പറഞ്ഞില്ല. ആരുമില്ലാത്ത വയസ്സന് സാമൂവൽ സാർ അഭയം തന്നു.

അച്ഛനു വിലയായി കിട്ടിയ അഞ്ചു ലക്ഷം രൂപ കൈക്കലാക്കി എന്റെ പൊന്നുമോൻ സുഖമായി ജീവിക്കുന്നുണ്ടാകും. അവൻ സുഖമായി കഴിയട്ടെ. എങ്കിലും ഞാൻ ജീവന്റെ ജീവനായി കരുതി വളർത്തിയ അവൻ എന്നെ അഞ്ചു ലക്ഷം രൂപയ്ക്കു വേണ്ടി..

ആ അച്ഛൻ കരയുകയായിരുന്നു. ആ കണ്ണീരിന്റെ ചൂട് ഞാൻ എങ്ങനെ വിവരിക്കാൻ.

അച്ഛനെ കൊല്ലാതെ കൊന്ന് അഞ്ചു ലക്ഷം കൈക്കലാക്കി ആ മകൻ വീട്ടിൽ സുഖമായി കഴിയുന്നുണ്ടാവണം. ഇവിടെ ഈ വൃദ്ധ സദനത്തിൽ അവനുവേണ്ടി പ്രാർഥനയോടെ ഒരച്ഛൻ കഴിയുന്നുണ്ട്.

ഈ കഥ ഞാൻ ആർക്കുവേണ്ടി സമർപ്പിക്കണം മകനെയോർത്തു നെഞ്ചുരുകി കഴിയുന്ന ആ അച്ഛനു വേണ്ടിയാ, അച്ഛന് അഞ്ചുലക്ഷം വിലയിട്ട ആ മകനു വേണ്ടിയോ?

സുനു വിജയൻ ✍️

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: