വിനോദ് വി. ദേവ്.
ഉരുണ്ടുമുഴുത്ത അക്ഷരങ്ങളാണ്,
ചതഞ്ഞ അക്ഷരങ്ങളെ
ചാപ്പകുത്തി
വയലിലെ ചെളിയിലേക്കും
കറുകറുത്ത
തോട്ടിലേക്കും തള്ളിയിട്ടത്.
അക്ഷരങ്ങളെ ചക്കിലാട്ടി
മയമുള്ള എണ്ണ
കവർന്നെടുത്തിട്ട്
അവർ ചണ്ടി വലിച്ചെറിഞ്ഞു
തരുകയായിരുന്നു.
അങ്ങനെ
ചതഞ്ഞുപോയ
അക്ഷരത്തിലാണ്
ദൈവങ്ങളില്ലാത്തവർ
സ്വപ്നങ്ങൾ കാണാതെ
കിടന്നുറങ്ങിയത്.
മുഴുമുഴുത്ത അക്ഷരങ്ങളിൽ
സൂര്യനുദിക്കുമ്പോഴും
പൂക്കൾ വിടരുമ്പോഴും
കുതിരകളോടുമ്പോഴും
വാളുലയുമ്പോഴും
ചതഞ്ഞ അക്ഷരങ്ങൾ
എച്ചിൽപ്പാട്ടുകളായി,
വാപൊത്തി നിന്നു
കണ്ടത്തിലെ ചെളിയിൽ
ഞാറുകൊയ്യണമാരിന്നു.
എങ്കിലും ഒരു കറുത്തസൂര്യൻ ,
നെൻമണികളിൽ
ഉയിരുകൊള്ളുമ്പോഴും
അരിവാളുകൊണ്ട്
കഴുത്തറുത്ത്
നിങ്ങടെ ഞാറ്റുപുര
നിറയ്ക്കണം .
വയലിന്റെ കറുത്തനാവിൽ ,
ചതഞ്ഞ അക്ഷരങ്ങൾ നൂറ്റാണ്ടുകളായി
തുടലിൽ പിടയുമ്പോഴും
മുഴുമുഴുത്ത
അക്ഷരങ്ങൾക്ക്
ചെമ്പരുത്തിന്റെ ചിറക്.