വിസ്തൃതമായ ജലാശയ മദ്ധ്യത്തിൽ
വിസ്മയമായി വിരിഞ്ഞു നില്ക്കും
വിദ്യയാം താമര തന്മേലിരിക്കുന്നു വിശ്വംഭരയായ, വാഗീശ്വരി
വിശ്വത്തെ നാദസ്വരൂപമായ് മാറ്റുന്നു
വിദ്യാവിമോഹിനി, വാദനത്താൽ
വിണ്ണവർ ദാഹവും, മണ്ണിൻ്റെ മോഹവും
വിന്യസിപ്പിക്കുന്നു വീണ തന്നിൽ
അങ്ങനെയുള്ളൊരു മാതാവു തന്നുടെ
അംശമായ് ഭൂവിൽ പിറന്നിടുന്ന
അംഗനമാരുടെ ആനനം തന്നിലായ്
അങ്കുരിക്കുന്നൂ, പ്രകാശപൂരം
ദീർഘമാം ചിന്തതൻ പോർക്കളം തന്നിൽ നി-
ന്നാർത്തയായ് കേഴും അബലയല്ല
ഓർത്താലൊടുങ്ങാത്ത ഊർജ്ജസ്വലതയുടെ
നേർച്ചിത്രമാണീ തരുണീമണി
ഉത്തമർ തന്നുടെ ചിത്തത്തിൽ വിങ്ങുന്ന
തത്വങ്ങളെല്ലാം വരച്ചു ചേർത്ത
സത് സൃഷ്ടിയായിട്ടു കാണുന്നു മാധവാ
സത്യം, ഞാനെന്നുമീ പെൺകുലത്തെ
പത്തു കരങ്ങളുമൊത്തു പ്രവർത്തിക്കും
ചിത്രമാം യന്ത്രമായ് മുന്നിൽ നില്ക്കും
സത് ചേതനയുടെ രൂപമല്ലേയവൾ
സങ്കോചമെന്യേ, നിനച്ചു പോകും
പത്മ, പത്മാലയാ,കമല,യെന്നിങ്ങനെ
പത്തു വിധത്തിൽ പറഞ്ഞു പോകാം
ഇന്ദിരയും ലോകമാതാവുമായവൾ
എന്നും മനസ്സിങ്കൽ ശ്രീവിളമ്പും
ഭാർഗ്ഗവിയാണവൾ, ലോക ജനനിയും
ക്ഷീരസമുദ്രത്തിൻ കന്യകയും
മാതാവുമാണവൾ, മംഗല ദേവതാ
ചാരുതയാണീ പ്രപഞ്ചശക്തി
സ്ത്രീണാം ച: ചിത്തം പുരുഷസ്യ ഭാഗ്യ-
മെന്നാരോമൊഴിഞ്ഞതു സത്യമാകാൻ
സ്ത്രീത്വത്തെയാളുന്നയാളുകളും, മെല്ലെ
മോഹതടത്തിങ്കൽ വീണിടൊല്ലാ…..
കൃഷ്ണമോഹൻ✍