Saturday, October 5, 2024
Homeകേരളംസംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു

സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു

തൃശ്ശൂർ: സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു. ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാറിൽ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. മോഹൻ സിതാരയ്ക്ക് മെംബർഷിപ്പ് നൽകിക്കൊണ്ട് ബിജെപി ജില്ലാതല മെംബർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു.

ഏറെക്കാലമായി സംഗീത സംവിധാന രംഗത്ത് മോഹൻ സിതാരയ്ക്ക് അവസരങ്ങളിലായിരുന്നു. ഇടക്കാലത്ത് രോഗബാധിതനായപ്പോൾ തന്നെ ആരും പരിഗണിച്ചില്ലെന്ന് അദ്ദേഹം ഈയിടെ പരാതിപ്പെടുകയുണ്ടായി. പലരും ഫോണെടുക്കുക പോലും ചെയ്തില്ല. അടുത്തിടെയായി ഇത്തരം പരാതികൾ അദ്ദേഹം വിവിധ അഭിമുഖങ്ങളിൽ ഉന്നയിച്ചു വരികയായിരുന്നു.

2013ൽ പുറത്തിറങ്ങിയ അയാൾ എന്ന സിനിമയ്ക്ക് ശേഷം മോഹൻ സിതാരയ്ക്ക് അവസരങ്ങൾ കാര്യമായി ലഭിച്ചില്ല. ഈ ഒറ്റപ്പെടലിന്റെ തുടർച്ചയായാണ് അസുഖം വന്നതെന്നും മോഹൻ സിതാര പറഞ്ഞിരുന്നു.അടുത്തിടെ എഴുത്തോല എന്ന സിനിമയില്‍ മോഹൻ സിതാരയ്ക്ക് അവസരം ലഭിച്ചിരുന്നു. അസുഖ ബാധിതനായ കാലത്ത് തന്നെ കൈതപ്രം മാത്രമാണ് കാണാൻ വന്നിരുന്നതെന്ന് മോഹൻ സിതാര അടുത്തിടെ പറയുകയുണ്ടായി. തൃശ്ശൂരിൽ കമ്പോസിങ്ങിന് വരുമ്പോഴെല്ലാം അദ്ദേഹം കാണാൻ വരും. അതിന് കിട്ടുന്ന പ്രതിഫലം മുഴുവൻ തന്റെ പക്കൽ തരും.

1959ലാണ് മോഹൻ സിതാരയുടെ ജനനം. തൃശ്ശൂർ ജില്ലയിലെ പെരുവല്ലൂരിൽ. കല്ലത്തോട്ടിൽ കുമാരന്റെയും ദേവകിയുടേയും മകനായാണ് മോഹൻ സിതാരയുടെ ജനനം. ഹാർമോണിയം ,തബല തുടങ്ങിയ സംഗീതോപകരണങ്ങൾ പഠിക്കാൻ ചെറുപ്പത്തിൽ തന്നെ സാധിച്ചു. സംഗീത പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ജനനം. ജ്യേഷ്ഠൻ സംഗീതജ്ഞനായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം വയലിൻ പഠിക്കാനായി സംഗീത പാഠശാലയിൽ ചേർന്നു. തിരുവനന്തപുരത്തെ നിസരി എന്ന സംഗീത വിദ്യാലയത്തിൽ നിന്ന് പാശ്ചാത്യ സംഗീതവും പഠിച്ചു. ഇക്കാലത്തു തന്നെ തിരുവനന്തപുരത്തെ ഗാനമേള ട്രൂപ്പായ സിതാരയിൽ വയലനിസ്റ്റായി ജോലിചെയ്തു. ഇതിനെത്തുടർന്നാണ് ‘മോഹൻ സിത്താര’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

സംഗീത സംവിധായകനാകുന്നതിനു മുമ്പു തന്നെ യേശുദാസുമായി വളരെ അടുത്ത് പ്രവർത്തിച്ചിട്ടുണ്ട് മോഹൻ സിതാര. യേശുദാസിന്റെ തരംഗിണിയിൽ മ്യൂസിക് കണ്ടക്ടറായി ഏറെനാൾ ജോലി ചെയ്തിരുന്നു.

ബിജെപി മണ്ഡലം പ്രസിഡൻറ് രഘുനാഥ് സി മേനോൻ, സംസ്ഥാന കമ്മറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും മോഹൻ സിതാരയെ പാർട്ടിയിലേക്ക് ആനയിക്കുന്ന ചടങ്ങിൽ പങ്കെടുത്തു. സെപ്തംബർ 2ന് 5 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗത്വം പുതുക്കിയതോടെയാണ് മെംബർഷിപ്പ് ക്യാമ്പയിന് തുടക്കമായത്. ജില്ലയിൽ 7 ലക്ഷം പേരെ മെമ്പർമാരാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.ഒക്ടോബർ 15 വരെയാണ് അംഗത്വ പ്രചരണം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments