കോഴിക്കോട്:- ഒരു രാത്രി മുഴുവനും എപ്പോൾ വേണമെങ്കിലും പൊട്ടിപ്പോകാവുന്ന കയറിൽ തൂങ്ങിയാണ് കോഴിക്കോടു കാരനായ വേലിക്കോത്ത് മുഹമ്മദ് എന്ന അറുപതുകാരൻ കിണറ്റിലെ കഴുത്തൊപ്പം വെള്ളത്തിൽ ഒരു രാത്രി മുഴുവൻ കഴിച്ചുകൂട്ടിയത്.
ആടുകളെ മേയ്ക്കാനായി ചാക്കാട്ടെ 25 ഏക്കറോളം വരുന്ന റബ്ബർ തോട്ടത്തിൽ എത്തിയപ്പോഴാണ് മുഹമ്മദ് 20 കോൽ താഴ്ചയുള്ള, രണ്ടാൾ പൊക്കത്തിൽ വെള്ളം നിറഞ്ഞിരിക്കുന്ന കിണറ്റിലേക്ക് വീഴുന്നത്.
മേയ്ക്കാൻ കൊണ്ടുവന്ന അഞ്ച് ആടുകളിൽ ഒന്ന് കിണറിന്റെ പൊക്കമില്ലാത്ത ആൾമറയിൽ കയറി നിന്നത് കണ്ട് ആടിനെ രക്ഷിക്കാൻ പോയപ്പോഴാണ് മുഹമ്മദും ആടും കൂടി കിണറ്റിലേക്ക് പതിച്ചത്. ചവിട്ടി നിൽക്കാൻ പടികളില്ലാത്ത കിണറ്റിൽ മോട്ടോർ കെട്ടിവെച്ച ചെറിയ പ്ലാസ്റ്റിക് കയർ മാത്രമായിരുന്നു മുഹമ്മദിൻറെ ജീവിതത്തിലേക്കുള്ള പിടിവള്ളി
മുകളിലേക്ക് കയറാൻ ശ്രമിച്ചാൽ പ്ലാസ്റ്റിക് കയർ പൊട്ടുമെന്ന് ഉറപ്പായതോടെ കിണർ ഭിത്തിയിലെ ചെറിയകല്ലിൽ ചവിട്ടി പ്ലാസ്റ്റിക് കയറിൽ പിടിച്ചു തണുപ്പിനോടും ഉറക്കത്തോടും പൊരുതി പുലർച്ചെ 4.30 വരെ മുഹമ്മദ് കഴുത്തൊപ്പം എത്തുന്ന വെള്ളത്തിൽ കഴിഞ്ഞു.
പുലർച്ചെ റബ്ബർ വെട്ടാൻ എത്തിയവരുടെ ടോർച്ചിന്റെ പ്രകാശം കണ്ട് സഹായം തേടി നിലവിളിച്ചതോടെ ടാപ്പിങ്ങിന് എത്തിയ ഷൈജുവും മുജീബും അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചു. ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന നാലരയോടെ മുഹമ്മദിനെ കിണറ്റിനു പുറത്തെത്തിച്ചു.
കിണറ്റിൽ മുഹമ്മദിനോടൊപ്പം വീണ ആട് ചത്തു പോയിരുന്നു. ബാക്കിയുണ്ടായിരുന്ന ആടുകൾ കിണറ്റിനു ചുറ്റും നിൽപ്പുണ്ടായിരുന്നു. എന്നാൽ കിണറ്റിൽ വീണ് മരണത്തെ മുഖാമുഖം കണ്ട് ഒരു രാത്രി മുഴുവൻ നിന്നതൊന്നും മുഹമ്മദിനെ തളർത്തിയില്ല. വീട്ടിൽ വന്ന് വസ്ത്രം മാറി, പശുവിനെ വാങ്ങാൻ ഒപ്പം ചെല്ലാമെന്ന് സുഹൃത്തിനോട് നേരത്തെ പറഞ്ഞതുറപ്പിച്ച വാക്ക് പാലിക്കാനൊരുങ്ങുകയായിരുന്നു മുഹമ്മദ്.
ആദ്യമായല്ല മുഹമ്മദ് മരണത്തിന്റെ വായിൽ നിന്നും രക്ഷപെടുന്നത്. രണ്ടുവർഷം മുമ്പ് തടിയുമായ പോയ ലോറി മാഹിയിലെ കുഞ്ഞിപ്പള്ളിയിൽ വച്ച് തല കീഴായി മറിഞ്ഞിരുന്നു. അന്ന് ലോറിയിൽ ഉണ്ടായിരുന്ന മുഹമ്മദ് ഡോർ തുറന്നു തെറിച്ചു ഓവുചാലിൽ വീണു. ലോറി പതിച്ചത് ഓവുചാലിന്റെ മുകളിലേക്കായിരുന്നു. ഓവുചാലിൽ കിടന്നതുകൊണ്ടാണ് അന്ന് മുഹമ്മദ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്.