Saturday, October 5, 2024
Homeകേരളംപി വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളയുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

പി വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളയുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

ന്യൂഡൽഹി   പി വി എംഎൽഎ എന്ന നിലയ്ക്ക് പരാതികൾ പറഞ്ഞതിൽ നടപടികൾ സ്വീകരിച്ചിരുന്നു. അതിൽ തൃപ്തനല്ലെന്ന് അൻവർ ഇന്നലെ പറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ.

അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്നും എന്നാൽ ഇപ്പോഴല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

നേരത്തെ പറഞ്ഞതുപോലെയാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. പാർട്ടിക്കും മുന്നണിക്കും സർക്കാരിനുമെതിരെയാണ് അൻവർ പറഞ്ഞിട്ടുള്ളത്. മാത്രമല്ല, എൽഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് അൻവർ പറഞ്ഞത്. ഉദ്ദേശം വ്യക്തമാണ്. അദ്ദേഹം തന്നെ തുറന്നുപറഞ്ഞു. എൽഡിഎഫിൽ നിന്ന് വിട്ടുനിൽക്കുന്നതായി അറിയിച്ചു.

എൽഡിഎഫിൽ നിന്നും വിട്ടു നിൽക്കുന്നുവെന്നും, പാർലമെൻററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്നുമാണ് അറിയിച്ചത്. അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളുന്നു. എൽഡിഎഫിനെയും, സർക്കാരിനെയും അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകുമെന്നും ഇപ്പോഴല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിങ്ങൾക്ക് ഇനിയും കുറേ ചോദ്യങ്ങൾ ചോദിക്കാനുണ്ടാവുമെന്ന് അറിയാം. എന്നാൽ അതിനെല്ലാം മറുപടി പിന്നീട് പറയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

മുഖ്യമന്ത്രിക്കെതിരെ ഇന്ന് രാവിലെ വീണ്ടും അൻവർ രംഗത്തെത്തി. തന്നെ കള്ളനാക്കാന്‍ ശ്രമിച്ചുവെന്ന് അന്‍വര്‍ പറഞ്ഞു. കള്ളക്കടത്തുകാരനാക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കാനാവില്ല. താന്‍ കള്ളനല്ലെന്ന് ബോധ്യപ്പെടുത്തണം. പിണറായി വിജയന്‍ എന്നെ കുറച്ച് കാണാന്‍ പാടില്ലായിരുന്നുവെന്നും പി വി അന്‍വര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്കെതിരെ ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം സ്വഭാവികമാണെന്നും തനിക്ക് അതില്‍ പേടിയോ ആശങ്കയോ ഇല്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

ആരോപണങ്ങള്‍ ഉന്നയിച്ചതിന്‍റെ പേരില്‍ ജയിലില്‍ അടച്ചാലും പ്രശ്നമില്ല. താനിപ്പോള്‍ നില്‍ക്കുന്നത് ജനകീയ കോടതിയുടെ മുന്നിലാണ്. സാധാരണ ജനങ്ങള്‍ എന്നെ മനസിലാക്കുമെന്നാണ് കരുതുന്നതെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ പിണറായി വിജയന് ഭയമാണെന്നും അന്‍വര്‍ വിമര്‍ശിച്ചു. എന്താണ് പി ശശിയുടെ മാതൃകാപ്രവര്‍ത്തനമെന്ന് അന്‍വര്‍ ചോദിച്ചു. എഡിജിപി അജിത് കുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചതിന്‍റെ രേഖകള്‍ അടക്കമാണ് നല്‍കിയത്. എന്നിട്ട് നടപടി സ്വീകരിച്ചില്ല. മുഖ്യമന്ത്രി എടുക്കേണ്ട നിലപാട് ഇതായിരുന്നില്ല. താന്‍ പറഞ്ഞ കാര്യങ്ങളില്‍ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്.

സ്വര്‍ണക്കടത്തും തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തലും സംബന്ധിച്ച ആരോപണം സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടിയിലെ രണ്ടാമനാകാണമെന്ന് റിയാസിന്‍റെ മോഹമുണ്ടാകാം. മുഖ്യമന്ത്രിക്കും  ആഗ്രഹമുണ്ടാകാമെങ്കിലും അത് നടക്കാന്‍ പോകുന്നില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി സെക്രട്ടറി നിസ്സഹായനാണെന്നും അന്‍വര്‍ ആവര്‍ത്തിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments