ന്യൂഡൽഹി: കേരളത്തിൻ്റെ പ്രശ്നങ്ങൾ കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഇതിൻ്റെ ഭാഗമായി ഗവർണർ ഇന്നലെ യോഗം വിളിച്ചിരുന്നു. ഗവര്‍ണറുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു യോഗം വിളിക്കുന്നത് ഇത് ആദ്യമാണ്.
രാഷ്ട്രത്തിന് പ്രഥമ പരിഗണന എന്നതിനൊപ്പം കേരളത്തിനും പ്രാധാന്യം എന്ന മുദ്രാവാക്യത്തോടെ ഇനി ഒറ്റക്കെട്ടായി രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി കേരള എംപിമാർ മുന്നോട്ടുപോകണമെന്ന് ഗവർണർ അഭ്യർഥിച്ചു.
കേരളത്തിൻ്റെ പ്രശ്നങ്ങളെക്കുറിച്ച് താൻ ബോധവാനാണെന്നാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞത്. ഈ പ്രശ്നങ്ങളും ആവശ്യങ്ങളും കേന്ദ്രത്തിന് മുന്നിൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം താനും ഉണ്ടാകുമെന്ന് ഗവർണർ വ്യക്തമാക്കി.
ടീം കേരളയോടൊപ്പം കേരള ഗവർണറും ഉണ്ട് എന്നത് ആഹ്ലാദകരവും ആവേശകരമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത് ഒരു പുതിയ തുടക്കമാണെന്നും ഈ വികാരത്തോടെ മുന്നോട്ടു പോകാൻ നമുക്ക് ആവട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം നാളുകളായി ഉന്നയിക്കുന്ന വിവിധ പ്രശ്നങ്ങളും കേരളത്തിൻ്റെ പൊതുവായ ആവശ്യങ്ങളും ഒറ്റക്കെട്ടായി നേടിയെടുക്കുന്നതിനും സംസ്ഥാനത്തിൻ്റെ പ്രതിസന്ധികളെയും ആവശ്യങ്ങളെയും വിശദമായി മനസിലാക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനുമായും കേരളത്തില്‍ നിന്നുള്ള എംപിമാരുമായും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ന്യൂഡല്‍ഹി കേരളഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഗവർണറും മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയത്.
പ്രശ്‌നങ്ങളെ രാഷ്ട്രീയവത്ക്കരിക്കാതെ എല്ലാവരും ഒന്നിച്ചുനിന്ന് ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിൻ്റെ ഭാഗമായാണ് ഗവര്‍ണര്‍ യോഗം വിളിച്ചത്. കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അത്താഴ വിരുന്നും ഗവര്‍ണര്‍ ഒരുക്കി. കൂടിക്കാഴ്ചയില്‍ സംസാരിച്ച എംപിമാർക്ക് ഗവര്‍ണര്‍ നന്ദി പറഞ്ഞു.
ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തും. ഡൽഹി കേരള ഹൗസില്‍ രാവിലെ 9 മണിക്കാണ് കൂടിക്കാഴ്ച. വയനാടിന് അനുവദിച്ച വായ്പയുടെ വിനിയോഗ കാലാവധി കൂട്ടുന്നതടക്കമുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കും. ധനമന്ത്രിക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണം. ഗവര്‍ണറും കേരള ഹൗസിലുണ്ടാകും
ഇന്നലെ വിളിച്ചുചേർത്ത യോഗത്തിൽ കേരളത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗങ്ങളായ ശശി തരൂര്‍, ബെന്നി ബഹനാൻ, ഫ്രാൻസിസ് ജോർജ്, ഡീൻ കുര്യാക്കോസ്, എൻകെ പ്രേമചന്ദ്രൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആൻ്റോ ആൻ്റണി, കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍, കെ രാധാകൃഷ്ണന്‍, വികെ ശ്രീകണ്ഠന്‍, ഇ ടി മുഹമ്മദ് ബഷീര്‍, എം കെ രാഘവന്‍, ഷാഫി പറമ്പില്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, രാജ്യസഭാംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, എഎ റഹിം, ജോസ് കെ മാണി, ഹാരീസ് ബീരാന്‍, പിപി സുനീര്‍, പിവി അബ്ദുള്‍ വഹാബ്, പി ടി ഉഷ,ഡോ. വി ശിവദാസന്‍, ജെബി മേത്തര്‍, പി സന്തോഷ്‌കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.