Wednesday, March 19, 2025
Homeകേരളംനെയ്യാറ്റിൻകരയിൽ തുഷാർ ഗാന്ധിയെ ബിജെപി- ആർഎസ്എസ് പ്രവർത്തകർ തടഞ്ഞതിൽ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ നേതാക്കൾ

നെയ്യാറ്റിൻകരയിൽ തുഷാർ ഗാന്ധിയെ ബിജെപി- ആർഎസ്എസ് പ്രവർത്തകർ തടഞ്ഞതിൽ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ നേതാക്കൾ

തിരുവനന്തപുരം: കേരളത്തിന് അപമാനകരമായ സംഭവമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. ഈ ഹീനമായ നടപടിക്ക് കേരളത്തിന്റെ മതേതര മനസ് മാപ്പ് നൽകില്ലെന്ന് കെപിസിസി അധ്യക്ഷനും എംപിയുമായ കെ.സുധാകരൻ പറഞ്ഞു. ഗോഡ്‌സെയുടെ പ്രേതമാണ് ബിജെപിയെയും ആര്‍എസ്എസിനെയും ബാധിച്ചിരിക്കുന്നത്.

ഗാന്ധിജിയെ മറന്നു ഗോഡ്‌സെയെ വാഴ്ത്തുന്ന വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മതേതരമണ്ണില്‍ സ്ഥാനമില്ലെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. സംഘപരിവാർ നടപടിക്ക് നീതികരണമില്ലെന്ന് വി എം സുധീരൻ പറഞ്ഞു.

ധിക്കാരവും മാപ്പില്ലാത്ത കുറ്റവുമാണിതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമർശിച്ചു. തുഷാർ ഗാന്ധിയെ സംഘ് പരിവാർ  ശക്തികൾ തടഞ്ഞ സംഭവം ജനാധിപത്യ കേരളത്തിന് അപമാനകരമെന്ന്  കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. എതിർശബ്ദങ്ങളെ ഇല്ലാതാക്കുമെന്ന ആർ എസ് എസ്- ബി ജെ പി അജണ്ട കേരളത്തിൽ വിലപ്പോവില്ല. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ ചെറുവിരൽ അനക്കാത്ത പോലിസ് നടപടി അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

സംഭവത്തിൽ കോൺ​ഗ്രസ് നേതാവ് കെ സി വേണു​ഗോപാലും പ്രതികരിച്ചു. ആർഎസ്എസ്, ബിജെപി നേതൃത്വത്തോടാണ്, രാജ്യത്തിന്റെ മതേതര, ജനാധിപത്യ ബോധ്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും മുറിവേൽപ്പിക്കുന്ന ഈ പ്രവൃത്തിയെ കോൺഗ്രസ് രാഷ്ട്രീയമായും നിയമപരമായും നേരിടും. തുഷാർ ഗാന്ധിയെ ചേർത്തുപിടിച്ച് തന്നെ കോൺഗ്രസ് മുന്നോട്ടുപോകുമെന്ന് കെ സി വേണു​ഗോപാൽ പ്രതികരിച്ചു. 

നെയ്യാറ്റിൻകരയിലെ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാശ്ചാദന ചടങ്ങിന് എത്തിയതായിരുന്നു മഹാത്മാഗാന്ധിയുടെ പൗത്രനും പ്രമുഖ ഗാന്ധിയനും പൊതുപ്രവർത്തകനുമായ തുഷാർ ഗാന്ധി.

രാജ്യത്തിന്റെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാൻസർ പടർത്തുന്നതെന്നുമുള്ള തുഷാർ ഗാന്ധിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ചായിരുന്നു ആർഎസ്എസ്- ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ് ഗാന്ധിജിക്ക് ജയ് വിളിച്ച് തുഷാർ ഗാന്ധി മടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments