ആറ്റുകാല്‍ പൊങ്കാല: സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ സ്ഥിരം ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകളും സമയ പുനഃക്രമീകരണവും പ്രഖ്യാപിച്ചു
13ന് പുലര്‍ച്ചെ 1.30ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ (06077) രാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തും.
തിരുവനന്തപുരത്തുനിന്ന് 13ന് പകല്‍ 2.15ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ (06078) രാത്രി 7.40ന് എറണാകുളത്തെത്തും.
അധിക സ്റ്റോപ്പുകള്‍ (തീയതി, ട്രെയിന്‍, താല്‍ക്കാലിക സ്റ്റോപ് എന്നീ ക്രമത്തില്‍)
13ന് പുറപ്പെടുന്ന കന്യാകുമാരി -പുനലൂര്‍ പാസഞ്ചര്‍ (56706)- ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, ഇടവ, മയ്യനാട്
13- തിരുവനന്തപുരം – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12624)-കഴക്കൂട്ടം, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്
13- തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12696) – കഴക്കൂട്ടം, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍
13- നാഗര്‍കോവില്‍- മംഗളൂരു പരശുറാം എക്‌സ്പ്രസ് (16650) – ബാലരാമപുരം, തിരുവനന്തപുരം സൗത്ത്
12- മംഗളൂരു- തിരുവനന്തപുരം എക്‌സ്പ്രസ് (16348) – കടയ്ക്കാവൂര്‍
12 – മധുര- പുനലൂര്‍ എക്‌സ്പ്രസ് (16729) – പള്ളിയാടി, കുഴിത്തുറ, ബാലരാമപുരം, തിരുവനന്തപുരം സൗത്ത്
13- നാഗര്‍കോവില്‍- മംഗളൂരു പരശുറാം എക്‌സ്പ്രസ് (16650) – ബാലരാമപുരം, തിരുവനന്തപുരം സൗത്ത്
13- കൊല്ലം -ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസ് (20636) – തിരുവനന്തപുരം സൗത്ത്, ബാലരാമപുരം, ധനുവച്ചപുരം, പള്ളിയാടി
11- ലോകമാന്യതിലക് – തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് (16345) തുറവൂര്‍, മാരാരിക്കുളം, പരവൂര്‍, കടയ്ക്കാവൂര്‍
11- സെക്കന്ദരാബാദ്- തിരുവനന്തപുരം എക്‌സ്പ്രസ് (17230) – ഇരിഞ്ഞാലക്കുട, ചാലക്കുടി, അങ്കമാലി, കാലടി, തൃപ്പൂണിത്തുറ, ഏറ്റുമാനൂര്‍, പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്
12- മംഗളൂരു സെന്‍ട്രല്‍ -കന്യാകുമാരി എക്‌സ്പ്രസ് (16649) – മയ്യനാട്, കടയ്ക്കാവൂര്‍
12 – ഷൊര്‍ണൂര്‍ – തിരുവനന്തപുരം- വേണാട് എക്‌സ്പ്രസ് (16301) – മുരുക്കുംപുഴ
12 – മംഗളൂരു -തിരുവനന്തപുരം ഏറനാട് എക്‌സ്പ്രസ് (16605)- മാരാരിക്കുളം
12- നാഗര്‍കോവില്‍- കോട്ടയം എക്‌സ്പ്രസ്- നാഗര്‍കോവില്‍ ടൗണ്‍ വീരനല്ലൂര്‍, പള്ളിയാടി, കുഴിത്തുറ വെസ്റ്റ്, ധനുവച്ചപുരം, അമരവിള, ബാലരാമപുരം
12- കന്യാകുമാരി- പുനലൂര്‍ പാസഞ്ചർ (56706) നാഗര്‍കോവില്‍ ടൗണ്‍, വീരനല്ലൂര്‍, പള്ളിയാടി കുഴിത്തുറ വെസ്റ്റ്, അമരവിള
12 – ഗുരുവായൂര്‍- ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസ് (16128)- തുറവൂര്‍, മാരാ രിക്കുളം, അമ്പലപ്പുഴ, ഹരിപ്പാട്
12- മധുര- തിരുവനന്തപുരം എക്‌സ്പ്രസ് (16344)- പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, മുരുക്കുംപുഴ, പേട്ട
12 – മംഗളൂരു -തിരുവനന്തപുരം എക്‌സ്പ്രസ് (16603) – തുറവൂര്‍, മാരാരിക്കു ളം, പേട്ട
12- ചെന്നൈ സെന്‍ട്രല്‍ -തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12695) – പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, പേട്ട
13- തിരുവനന്തപുരം -മംഗളൂരു മലബാര്‍ എക്‌സ്പ്രസ് (16629) – മയ്യനാട്
12- മംഗളൂരു- തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് (16630) മയ്യനാട്
12 – മൈസൂര്‍ -തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് ( 16315) – തുറവൂര്‍, മാരാരിക്കുളം
13- ഷാലിമാര്‍ -തിരുവനന്തപുരം എക്‌സ്പ്രസ് (22641) – മാരാരിക്കുളം, തുറവൂര്‍
സമയ പുനഃക്രമീകരണം
കന്യാകുമാരിയില്‍നിന്ന് 13ന് രാവിലെ 10.10നുള്ള മംഗളൂരു എക്‌സ്പ്രസ് (16525) ഒരു മണിക്കൂര്‍ വൈകി 11.10നാകും പുറപ്പെടുക
13ന് പകല്‍ 1.25ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്നുള്ള നാഗര്‍കോവില്‍ പാസഞ്ചര്‍ (56310) 35 മിനിറ്റ് വൈകി പകല്‍ രണ്ടിനാകും പുറപ്പെടുക.
ഇത്തവണയും ഹരിത പൊങ്കാല
ആറ്റുകാൽ പൊങ്കാല ഇത്തവണയും പൂർണമായും ഹരിതചട്ടങ്ങൾ പാലിച്ച് നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ശുചിത്വമിഷൻ. തിരുവനന്തപുരം കോർപ്പറേഷനും വിവിധ സർക്കാർ വകുപ്പുകൾക്കുമൊപ്പം ശുചിത്വ മിഷനും ഹരിത പൊങ്കാല സുഗമമായും സൗകര്യപ്രദമായും നടത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ് അറിയിച്ചു.
മാർച്ച് 13 നു നടക്കുന്ന പൊങ്കാലയിൽ ഹരിത ചട്ടം പൂർണ്ണമായും പാലിക്കാനുള്ള മാർഗ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് ശുചിത്വമിഷൻ അഭ്യർത്ഥിച്ചു. വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കുവാനും സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കണം. പൊങ്കാല അർപ്പിക്കുവാനുള്ള സാധനങ്ങൾ കഴിയുന്നതും തുണി സഞ്ചികളിൽ കൊണ്ടു വരണം, പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഒഴിവാക്കണം, അന്നദാനത്തിനും പാനീയ വിതരണത്തിനും പ്ലാസ്റ്റിക്, ഡിസ്‌പോസബിൾ അല്ലാത്ത പാത്രങ്ങൾ ഉപയോഗിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് ശുചിത്വ മിഷൻ മുന്നോട്ട് വയ്ക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യ മുക്ത പൊങ്കാലയെന്ന ആശയം യാഥാർത്ഥ്യമാക്കാനും ഭക്തരെ സഹായിക്കാനും ശുചിത്വ മിഷന്റ സ്‌ക്വാഡ് പൊങ്കാല നടക്കുന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
ഹരിത ചട്ടം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ക്ഷേത്ര പരിസരത്തെ താത്കാലിക സ്റ്റാളുകളിലും ഉത്സവ മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളിലും ജില്ലാ എന്‌ഫോാഴ്സ്മെന്റ് സ്‌ക്വാഡും നഗരസഭയും സംയുക്തമായി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ 25 കിലോയോളം പ്ലാസ്റ്റിക്കും മറ്റ് നിരോധിത ഉത്പന്നങ്ങളും പിടിച്ചെടുത്തു.
പൊങ്കാലയ്ക്കുശേഷം അജൈവ മാലിന്യങ്ങൾ വലിച്ചെറിയാതെ ബിന്നുകളിൽ ഇടുകയോ വീട്ടിലെത്തി ഹരിതകർമ സേനയ്ക്ക് കൈമാറുകയോ ചെയ്യണമെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടർ അഭ്യർത്ഥിച്ചു.
ആറ്റുകാൽ പൊങ്കാല: വാഹന പാർക്കിംഗിന് 32 ഗ്രൗണ്ടുകൾ: 4000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേക ഗ്രൗണ്ടുകൾ സജ്ജമാക്കി തിരുവനന്തപുരം സിറ്റി പോലീസ്. സ്കൂൾ കോമ്പൗണ്ടുകൾ ഉൾപ്പെടെ പാർക്കിംഗിന് ഉപയോഗിച്ചാണ് ക്രമീകരണം. സിറ്റി പോലീസ് നൽകുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ പാർക്കിംഗിനുള്ള സ്ഥലവും റൂട്ട് മാപ്പും ലഭിക്കും. സോഷ്യൽമീഡിയ വഴിയാണ് ക്യൂ ആർ കോഡ് വിവരങ്ങൾ നൽകുക.
ഐരാണിമുട്ടം ഹോമിയോ കോളേജ്, ഐരാണിമുട്ടം റിസര്‍ച്ച് സെന്റര്‍, ഗവ.സ്‌കൂള്‍ കാലടി, വലിയപള്ളി പാര്‍ക്കിംഗ് ഏരിയ, ചിറപ്പാലം ഓപ്പണ്‍ ഗ്രൗണ്ട്, മാഞ്ഞാലിക്കുളം സ്‌കൂള്‍ ഗ്രൗണ്ട്, നീറമണ്‍കര എന്‍.എസ്. എസ് കോളേജ്, കൈമനം ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സ്, നേമം ദര്‍ശന ഓഡിറ്റോറിയം, നേമം ശ്രീരാഗ് ഓഡിറ്റോറിയം ഗ്രൗണ്ട്, നേമം വിക്ടറി സ്‌കൂള്‍ ഗ്രൗണ്ട്, പുന്നമൂട് ഗവ.ഹൈസ്‌ക്കൂള്‍, പാപ്പനംകോട് എസ്‌റ്റേറ്റ്, തിരുവല്ലം ബി.എന്‍.വി സ്‌കൂള്‍, തിരുവല്ലം ബൈപ്പാസ് റോഡ് ഒന്ന്, തിരുവല്ലം ബൈപ്പാസ് റോഡ് രണ്ട്, കോവളം കല്ലുവെട്ടാന്‍കുഴി എസ്.എഫ്.എസ് സ്‌കൂള്‍, കോവളം മായകുന്ന്, വെങ്ങാനൂര്‍ വി.പി.എസ് ക്രിക്കറ്റ് ഗ്രൗണ്ട്,
കോട്ടപ്പുറം സെന്റ് മേരീസ് സ്‌കൂള്‍, പൂജപ്പുര ഗ്രൗണ്ട്, പൂജപ്പുര എല്‍.ബി.എസ് ഗ്രൗണ്ട്, പാപ്പനംകോട് എഞ്ചിനീയറിംഗ് കോളേജ്, തൈക്കാട് സംഗീത കോളേജ്, വഴുതക്കാട് പിറ്റിസി ഗ്രൗണ്ട്, കേരള യൂണിവേഴ്‌സിറ്റി ഓഫീസ്, ടാഗോര്‍ തിയേറ്റര്‍, വഴുതക്കാട് വിമണ്‍സ് കോളേജ്, കവടിയാർ സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍, വെള്ളയമ്പലം ജിമ്മി ജോര്‍ജ്ജ് ഇൻഡോർ സ്റ്റേഡിയം കോമ്പൗണ്ട്, വെള്ളയമ്പലം വാട്ടര്‍ അഥോറിറ്റി കോമ്പൗണ്ട്, ജനറല്‍ ഹോസ്പിറ്റല്‍ സെന്റ് ജോസഫ് സ്‌കൂള്‍ ഗ്രൗണ്ട്, ആനയറ വേൾഡ് മാര്‍ക്കറ്റ് എന്നിങ്ങനെ 32 സ്ഥലങ്ങളിലാണ് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിൽ മാർച്ച് 12, 13 തിയ്യതികളിലാണ് പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്.
ആറ്റുകാൽ പൊങ്കാല: അധിക സർവ്വീസുകളും ബജറ്റ് ടൂറിസവും ഒരുക്കി കെ.എസ്.ആർ.ടി.സി
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് കെഎസ്ആർ ടിസി അധിക സർവ്വീസുകളും ബജറ്റ് ടൂറിസവും ഒരുക്കും. കിഴക്കേകോട്ടയിൽ നിന്ന് 20 ബസ്സുകൾ ചെയിൻ സർവ്വീസായി ക്ഷേത്രത്തെ ബന്ധിച്ചുകൊണ്ട് സർവ്വീസ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 4000 സ്ത്രീകളെ ആറ്റുകാൽ ക്ഷേത്രത്തിൽ എത്തിക്കും. ഇവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും.
കെ.എസ്.ആര്‍.ടി.സിയുടെ തിരുവനന്തപുരം സെന്‍ട്രല്‍, തിരുവനന്തപുരം സിറ്റി, പാപ്പനംകോട്, വികാസ് ഭവന്‍, വെള്ളനാട്, പേരൂര്‍ക്കട എന്നീ യൂണിറ്റുകളില്‍ നിന്നും മാര്‍ച്ച് 14വരെ തീര്‍ത്ഥാടകരുടെ തിരക്കനുസരിച്ച് ‘ആറ്റുകാല്‍ ക്ഷേത്രം സ്‌പെഷ്യല്‍ സര്‍വ്വീസ്’ ബോര്‍ഡ് വെച്ച് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തും. മാർച്ച് 5 മുതൽ ഈ യൂണിറ്റുകളിൽ നിന്നുള്ള സർവ്വീസ് ആരംഭിച്ചു.
തിരുവനന്തപുരം റവന്യൂ ജില്ലയുടെ ഇതര യൂണിറ്റുകളില്‍ നിന്നും കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, പത്തനംതിട്ട യൂണിറ്റുകളില്‍ നിന്നും മാര്‍ച്ച് 12ന് ശേഷം ആരംഭിച്ച് 13 വരെയോ തീര്‍ത്ഥാടകരുടെ തിരക്ക് തീരുന്നതു വരെയോ തിരുവനന്തപുരത്തേക്ക് അധിക സര്‍വ്വീസുകള്‍ നടത്തും.
ആറ്റുകാല്‍ പൊങ്കാല: ഹരിതചട്ടം കര്‍ശനമാക്കി: 25 കിലോയോളം പ്ലാസ്റ്റിക്, നിരോധിത ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു
ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി ഹരിതചട്ടം കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി ക്ഷേത്ര വളപ്പിലെ താത്കാലിക സ്റ്റാളുകളിലും ഉത്സവ മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളിലും ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും കോര്‍പ്പറേഷനും സംയുക്തമായി പരിശോധന നടത്തി. പരിശോധനയില്‍ 25 കിലോയോളം പ്ലാസ്റ്റിക്, നിരോധിത ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.
വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കി. ജില്ലാ ശുചിത്വമിഷന്‍ ടീം, ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
കോര്‍പ്പറേഷന്‍ പരിധിയിലെ ഹോട്ടലുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും പരിശോധിക്കാന്‍ പ്രത്യേക സ്ക്വാഡിന് രൂപം നല്‍കി. സര്‍ക്കാര്‍ ഓഫീസുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ പരിശോധിച്ച് സ്‌പോര്‍ട്ട് ഫൈന്‍ ഈടാക്കുകയും ചട്ടലംഘനത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു.
ജില്ലാ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരുടെ നേതൃത്വത്തിൽ ജില്ലയിൽ വ്യാപകമായി പരിശോധനകള്‍ കര്‍ശനമാക്കി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ആറ്റുകാൽ പൊങ്കാല: ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ അലസ മനോഭാവം പാടില്ലെന്ന് മന്ത്രി കെ.രാജൻ:
ജില്ലാ ഭരണകൂടത്തിന്റെ എമർജൻസി ആക്ഷൻപ്ലാൻ മന്ത്രിക്ക് സമർപ്പിച്ചു
ആറ്റുകാൽ പൊങ്കാലയ്ക്ക് വർഷം തോറും ഭക്തജനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ അലസമായ കാഴ്ചപ്പാട് പാടില്ലെന്നും ആളുകളെ തടഞ്ഞു നിർത്തിയല്ല, സ്വാഗതം ചെയ്തുവേണം ഉത്സവം ഭംഗിയാക്കേണ്ടതെന്നും റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ. ആറ്റുകാൽ പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ക്ഷേത്രം ട്രസ്റ്റ് ഹാളിൽ സംഘടിപ്പിച്ച റവന്യൂ ഉദ്യോഗസ്ഥരുടേയും ദുരന്ത നിവാരണ അതോറിറ്റിയുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറ്റുകാൽ ക്ഷേത്രത്തിന് സമീപമുള്ള ഭൂമിയുമായി ബന്ധപ്പെട്ട് സങ്കീർണമായ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഡിജിറ്റൽ റീസർവേ ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇത്തരം പ്രശ്നങ്ങൾ എല്ലാം പരിഹരിക്കുന്നതിന് റവന്യൂ വകുപ്പിന് സാധിച്ചു. കോവിഡ് കഴിഞ്ഞതിനു ശേഷം ആളുകളിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ വർദ്ധിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ നേരിടുന്നതിന് സിവിൽ ഡിഫൻസ്, പോലീസ്, മെഡിക്കൽ ടീമുകൾ യോജിച്ച് പ്രവർത്തിക്കണം. രോഗികളെ കൊണ്ടുപോകുന്നതിന് ആവശ്യമായ സ്ട്രക്ച്ചേഴ്സ് സജ്ജീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ജില്ലാ ഭരണകൂടം തയ്യാറാക്കിയ എമർജൻസി ആക്ഷൻ പ്ലാൻ മന്ത്രിക്ക് സമർപ്പിച്ചു. വളരെ വിശദമായ ഒരു ആക്ഷൻപ്ലാനാണ് സമർപ്പിച്ചിരിക്കുന്നതെന്നും ഇതനുസരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നതായും മന്ത്രി കെ.രാജൻ പറഞ്ഞു.
ആറ്റുകാൽ പൊങ്കാല ദിവസത്തെ അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി സ്വകാര്യ ആശുപത്രികളുടെ യോഗം വിളിച്ചതായി സബ് കളക്ടർ ആൽഫ്രഡ് ഒ.വി യോഗത്തിൽ അറിയിച്ചു. 10 കിടക്കകൾ വീതം സ്വകാര്യ ആശുപത്രികളിൽ ഒഴിച്ചിടുന്നതിനും പൊള്ളലേൽക്കുന്നവർക്ക് ചികിത്സ നൽകുന്നതിന് ബേൺ ഐസിയു സജ്ജമാക്കുന്നതിനും നിർദ്ദേശം നൽകി. പൊങ്കാലയ്ക്ക് വോളണ്ടിയേഴ്സിന്റെ സേവനം ലഭ്യമാക്കുമെന്നും സബ് കളക്ടർ അറിയിച്ചു.
എഡിഎം ബീന പി ആനന്ദ്, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ. ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മിഷണർ എ.ഗീത, കേരള ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ്, തഹസിൽദാർമാർ, ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
ആറ്റുകാൽ പൊങ്കാല: കളക്ടറേറ്റ് കൺട്രോൾ റൂം തുറന്നു
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടേയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ക്ഷേത്ര പരിസരത്ത് കളക്ടറേറ്റ് കൺട്രോൾ റൂം തുറന്നു. റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനം കൺട്രോൾ റൂമിൽ ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു.
സബ് കളക്ടർ ആൽഫ്രഡ് ഒ.വി, എഡിഎം ബീന പി ആനന്ദ്, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ. ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മിഷണർ എ.ഗീത, കേരള ദുരന്ത നിവാര അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
ആറ്റുകാൽ പൊങ്കാല: ഹീറ്റ് ക്ലിനിക്കുകൾ ഉൾപ്പെടെ വിപുലമായ സേവനങ്ങൾ പ്രത്യേക മെഡിക്കൽ ടീമുകൾ, പ്രത്യേക ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡുകൾ
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങൾ സജ്ജമാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സുസജ്ജമായ മെഡിക്കൽ ടീമുകൾക്ക് പുറമേ ഉയർന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മതിയായ പരിചരണവും ചികിത്സയും നൽകാനായി തെരഞ്ഞെടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകൾ ആരംഭിച്ചു വരുന്നു. സൂര്യാതപം പോലുള്ള പ്രശ്നങ്ങൾ ബാധിക്കുന്നവരെ പരിചരിക്കുന്നതിനായി കൂളർ, ഫാൻ, കമ്പിളി, ഐസ് പായ്ക്ക്, ഐവി ഫ്ളൂയിഡ്, ഒആർഎസ്, ക്രീമുകൾ എന്നിവ ഈ ക്ലിനിക്കുകളിലുണ്ടാകും. ഉയർന്ന ചൂട് കാരണം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർ ഈ ക്ലിനിക്കുകളുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.
കുട്ടികൾ, പ്രായമായവർ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകൾ പൊങ്കാലയ്ക്കെത്തുന്നതിനാൽ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. പൊങ്കാല ദിവസം ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ അടങ്ങിയ 10 മെഡിക്കൽ ടീമുകളെ ആംബുലൻസ് ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിയോഗിക്കും.
ഡോക്ടമാരും സ്റ്റാഫ് നഴ്സുമാരുമടങ്ങിയ ഈ ടീമിൽ ജൂനിയൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 5 മുതൽ 14 വരെ ഒരു മെഡിക്കൽ ടീമിനെ ആംബുലൻസ് ഉൾപ്പെടെ സജ്ജമാക്കിയിരുന്നു. ഇത് കൂടാതെ കഴിഞ്ഞ ദിവസം മുതൽ മാർച്ച് 14 വരെ മറ്റൊരു മെഡിക്കൽ ടീമിനെ കൂടി ആംബുലൻസ് ഉൾപ്പെടെ പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട്. കുത്തിയോട്ടത്തിന് വ്രതം അനുഷ്ഠിക്കുന്ന കുട്ടികൾക്ക് ആവശ്യമായ വൈദ്യസഹായത്തിന് ശിശുരോഗ വിദഗ്ദ്ധർ ഉൾപ്പെടെയുള്ള മെഡിക്കൽ ടീമും 24 മണിക്കൂറും പ്രവർത്തിച്ചു വരുന്നു. ഇതുകൂടാതെ ഐഎംഎയുടെ മെഡിക്കൽ ടീമുകളും മറ്റ് വിഭാഗങ്ങളുടെ മെഡിക്കൽ ടീമുകളും വിവിധ സ്ഥലങ്ങളിൽ വൈദ്യ സഹായം നൽകും. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഏകോപിക്കും.
നഗര പരിധിയിലുള്ള അർബൻ ഹെൽത്ത് സെന്ററുകൾ പ്രാഥമിക ശുശ്രൂഷകൾ നൽകുന്ന ഫീൽഡ് ഹോസ്പിറ്റലുകളായി പ്രവർത്തിക്കും. പൊള്ളലേൽക്കുന്നവർക്ക് ഉൾപ്പെടെ വിദഗ്ധ ചികിത്സ ഉറപ്പാക്കാനായി തിരുവനന്തപുരം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ഫോർട്ട് താലൂക്ക് ആശുപത്രി, ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ഏറ്റവും കുറഞ്ഞത് 10 കിടക്കകൾ പ്രത്യേകമായി മാറ്റിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഏത് അടിയന്തിര സാഹചര്യവും നേരിടുന്ന സെന്ററായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രവർത്തിക്കും. ഇത് കൂടാതെ നഗരത്തിലെ പ്രധാന സ്വകാര്യ ആശുപത്രികളിലും പ്രത്യേക കിടക്കകളും അത്യാഹിത ചികിത്സ നൽകാൻ ആംബുലൻസ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും ക്രമീകരിക്കാൻ നിർദേശം നൽകി.
കനിവ് 108ന്റെ 11 ആംബുലൻസുകൾ, ബൈക്ക് ഫസ്റ്റ് റസ്പോണ്ടർ, ഐസിയു ആംബുലൻസ്, മറ്റ് വകുപ്പുകളുടെ 10 ആംബുലൻസുകൾ, സ്വകാര്യ ആശുപത്രികളുടെ ആംബുലൻസുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കൺട്രോൾ റൂം, പ്രത്യേക സ്‌ക്വാഡുകൾ എന്നിവയും പ്രവർത്തിച്ചു വരുന്നു. അന്നദാനം നടത്തുന്നവർ ഉൾപ്പെടെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷൻ നിർബന്ധമാണ്. ആറ്റുകാൽ ദേവീ ആഡിറ്റോറിയത്തിന് സമിപമുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കൺട്രോൾ റൂമിൽ അന്നദാനം നടത്തുന്നവർക്കുള്ള ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ക്ഷേത്ര പരിസരത്ത് സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷ ലാബിന്റെ പ്രവർത്തനവും ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കി. ഇതുവരെ 1005 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തിയിട്ടുണ്ട്. ഫെബ്രുവരി മാസം മുതൽ സ്പെഷ്യൽ സ്‌ക്വാഡിനെ നിയോഗിച്ചിരുന്നു. ഉത്സവത്തോടനുബന്ധിച്ച് സമീപ ജില്ലകളിലെ ഭക്ഷ്യ സുരക്ഷാ ഓഫീസർമാരെ കൂടി ഉൾപ്പെടുത്തി സ്‌ക്വാഡ് വിപുലീകരിച്ചു.