Wednesday, November 6, 2024
Homeകേരളംമട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരനെ അധ്യാപിക മർദ്ദിച്ച സംഭവത്തിൽ പ്ലേ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്

മട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരനെ അധ്യാപിക മർദ്ദിച്ച സംഭവത്തിൽ പ്ലേ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്

മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് കിഡ്‌സ് പ്ലേ സ്കൂളിനാണ് നോട്ടീസ് നൽകാൻ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകിയത്. സ്കൂൾ പ്രവർത്തിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെയാണെന്നും അനുമതി ഇല്ലാത്ത വിദ്യാലയങ്ങളെ പറ്റി അന്വേഷിച്ചു റിപ്പോർട്ട് നൽകാനും മന്ത്രി നിർദ്ദേശം നൽകി.

പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് ഇതിന്റെ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്..സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത് കെ.ഇ.ആർ. ചട്ടപ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരവുമാണ്.

അടുത്ത കാലത്തായി ഈ നിബന്ധനകൾ പാലിക്കാതെ ചില വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സ്‌കൂളാണ് മട്ടാഞ്ചേരി കൊച്ചിൻ ഗുജറാത്തി മഹാജൻ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന മട്ടാഞ്ചേരി സ്മാർട്ട് കിഡ്‌സ് പ്ലേ സ്‌കൂളെന്ന് മന്ത്രി പറഞ്ഞു.

ഈ സ്‌കൂളിൽ സീതലക്ഷ്മി എന്ന അധ്യാപിക പ്രീ-കെജി യിൽ പഠിക്കുന്ന വിദ്യാർത്ഥിയെ ചൂരൽ വടി കൊണ്ട് മർദ്ദിച്ചു എന്ന സംഭവം ശ്രദ്ധയിൽപ്പെട്ടു. ഈ സംഭവം കേരളീയ സംസ്‌കാരത്തിനും മനസ്സാക്ഷിയ്ക്കും നിരക്കാത്തതും അധ്യാപക വൃത്തിക്ക് അപമാനകരവുമാണ്. സംഭവുമായി ബന്ധപ്പെട്ട് അധ്യാപികയെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

അംഗീകാരമില്ലാതെ വലിയ ഫീസ് വാങ്ങി മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെയും ഇതിനായി കെട്ടിടം വിട്ടു നൽകുന്ന ഉടമസ്ഥർക്കെതിരെയും നിയമാനുസൃതമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിൽ ഇന്നലെയാണ് സംഭവമുണ്ടായത്. ഹോം വർക്ക് ചെയ്യാത്തത്‌ ചോദ്യം ചെയ്‌തായിരുന്നു മർദനം. വൈകിട്ട് വീട്ടിൽ എത്തിയ ശേഷം കുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു.

കുട്ടിയെ ഉടൻ ആശുപത്രിയിൽ കൊണ്ടു പോയി. ആശുപത്രി അധികൃതരാണ് വിവരം മട്ടാഞ്ചേരി പോലീസിനെ അറിയിച്ചത്. കുട്ടിയുടെ പുറത്ത് അടിയേറ്റ നിരവധി പാടുകളുണ്ട്. സംഭവത്തിൽ അധ്യാപികയെ സസ്പെന്റ് ചെയ്തതായും സ്ഥാപനം അറിയിച്ചിരുന്നു. അധ്യാപികയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments