ആലപ്പുഴ: കറ്റാനത്ത് സ്കൂട്ടർ യാത്രക്കാരിയെ ആക്രമിച്ച് മൂന്ന് പവന്റെ സ്വർണ്ണമാല കവർന്നതായി പരാതി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കറ്റാനം-മാവേലിക്കര റോഡിൽ ഭരണിക്കാവ് ഇല്ലത്തുമുക്കിന് സമീപമാണ് സംഭവം. കറ്റാനം ചാത്തവന സ്വദേശിനി വസന്തകുമാരിയുടെ (50) മാലയാണ് നഷ്ടപ്പെട്ടത്.
മാവേലിക്കര കല്ലുമലയിലുള്ള കുടുംബവീട്ടിൽ നിന്നും സ്കൂട്ടറിൽ മടങ്ങുകയായിരുന്നു വസന്തകുമാരി. ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് ഇവരെ പിന്തുടരുകയും കഴുത്തിന് പിന്നിൽ അടിച്ച ശേഷം മാല കവരുകയുമായിരുന്നു. അടിയേറ്റ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് വീണ വസന്തകുമാരിക്ക് തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. വീഴ്ചയിൽ ഇവരുടെ പല്ലിനും പരിക്കുണ്ട്. നാട്ടുകാർ ചേർന്നാണ് ഇവരെ വെട്ടിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെട്ടു.
കുറത്തികാട് പോലീസ് സ്ഥലത്തെത്തി വസന്തകുമാരിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. സമീപത്തെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതി കറ്റാനത്ത് നിന്നും വടക്ക് ഭാഗത്തേക്ക് ബൈക്കിൽ പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയെന്നും പോലീസ് അറിയിച്ചു.



