Friday, December 5, 2025
Homeകേരളംവർണ്ണപ്പകിട്ട് ട്രാൻസ്‌ജെൻഡർ കലോത്സവം 21 മുതൽ

വർണ്ണപ്പകിട്ട് ട്രാൻസ്‌ജെൻഡർ കലോത്സവം 21 മുതൽ

ട്രാൻസ്ജെൻഡർ വ്യക്തികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുസമൂഹത്തിൽ അവരുടെ ദൃശ്യതയും സ്വീകാര്യതയും വർദ്ധിപ്പിക്കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ കലോത്സവം ആഗസ്റ്റ് 21ന് ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

കോഴിക്കോടാണ് വേദി. ആഗസ്റ്റ് 23 വരെ നടക്കുന്ന പരിപാടിയിൽ 21 ന് ട്രാൻസ്‌ജെൻഡർ പോളിസി നടപ്പിലാക്കിയിട്ടുള്ള സംസ്ഥാനങ്ങളിലെ പ്രതിനിധികളെയും, മറ്റു വിഷയ വിദഗ്ദ്ധരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള നാഷണൽ കോൺഫറൻസ് നടക്കും. ട്രാൻസ്‌ജെൻഡർ/ക്വിയർ സംബന്ധിയായ വിഷയങ്ങളിലെ പാനൽ ചർച്ച, ട്രാൻസ്‌ജെൻഡർ വിഷയം പ്രമേയമാക്കിയുള്ള ഫിലിം ഫെസ്റ്റിവൽ എന്നിവയും അന്നുണ്ടാവും. 22, 23 തീയതികളിൽ ‘വർണ്ണപ്പകിട്ട്’ ട്രാൻസ്‌ജെൻഡർ കലോത്സവം നടക്കും.

കോഴിക്കോട് ജൂബിലി ഹാളിൽ നടക്കുന്ന ദേശീയ സെമിനാറിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ആരോഗ്യവും ക്ഷേമവും, വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യവും, സാമൂഹ്യനീതിയും മനുഷ്യ അവകാശങ്ങളും എന്നീ വിഷയങ്ങളിൽ പാനൽ ചർച്ച സംഘടിപ്പിക്കും.

ഇന്ത്യൻ അസോസിയേഷൻ ഫോർ ട്രാൻസ്‌ജെൻഡർ ഹെൽത്തിൽ നിന്നും ഡോ. സഞ്ജയ് ശർമ്മ, SHSRC എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജിതേഷ്, കോട്ടയം മെഡിക്കൽ കോളേജ് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. ലക്ഷ്മി, മാനസികാരോഗ്യ വിദഗ്ധ ഡോ. ഇന്ദു പി എസ്, ഡെന്റിസ്റ്റും പബ്ലിക് ഹെൽത്ത് വിദ്യാർത്ഥിയുമായ ഡോ. അനു രാധാകൃഷ്ണൻ, സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ വിജയരാജമല്ലിക, തമിഴ്‌നാട്ടിലെ ആദ്യ ട്രാൻസ്‌ജെൻഡർ അസിസ്റ്റന്റ് പ്രൊഫസർ ഡോ. എൻ ജെൻസി, കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ഗവേഷക വിദ്യാർത്ഥിയായ ഋതിഷ ഋതു, മനുഷ്യാവകാശ പ്രവർത്തകരായ സദ്ദാം ഹജ്ജമാം, കോയൽ ഘോഷ്, തമിഴ്‌നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സാഥി’യുടെ വൈസ് പ്രസിഡന്റ് ഡോ. എൽ രാമകൃഷ്ണൻ, എം ജി യൂണിവേഴ്‌സിറ്റി ജെൻഡർ സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ആരതി പി എം, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. രേഷ്മ ഭരദ്വാജ്, സംസ്ഥാന ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം അർജുൻ ഗീത, മനുഷ്യാവകാശ പ്രവർത്തകയും അഭിഭാഷകയുമായ അഡ്വ. പദ്മ ലക്ഷ്മി, കേരള നോളജ് എക്കണോമി മിഷൻ ഡൈവേഴ്‌സിറ്റി ഇൻക്ലൂഷൻ മാനേജർ പ്രജിത്ത് പി കെ എന്നിവർ പാനൽ ചർച്ചയിൽ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യും.

21 ന് രാവിലെ 9.15 മുതൽ കൈരളി, ശ്രീ തിയേറ്ററുകളിൽ വച്ച് ‘IRO TraFFE’ എന്ന പേരിൽ ഫിലിം ഫെസ്റ്റിവൽ നടക്കും. അവനോവിലോന, ഔട്ട്കാസ്റ്റ്, ഉടലാഴം, ഞാൻ രേവതി, ന്യൂ നോർമൽ, ഈസ് ഇറ്റ് ടൂ മച്ച് ടു ആസ്‌ക്, ഇരട്ടജീവിതം, ദാറ്റ്സ് മൈബോയ്, ജനലുകൾ, വി ആർ എലൈവ് എന്നീ സിനിമകൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. സിനിമകളുടെ അണിയറപ്രവർത്തകർ, അഭിനേതാക്കൾ എന്നിവർ പങ്കെടുക്കുന്ന ഓപ്പൺ ഫോറവും വേദിയിൽ നടക്കും.

കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഗ്രേഡിംഗ് നൽകുന്ന രീതിയിലാണ് ഈ വർഷത്തെ ട്രാൻസ്‌ജെൻഡർ കലോത്സവം. അതിനായി നിലവിലുള്ള കലോത്സവ മാന്വൽ പരിഷ്‌കരിച്ചിട്ടുണ്ട്.

സ്റ്റേജ് ഇനത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന വ്യക്തിയെ ‘കലാരത്‌നം’ ആയും, സ്റ്റേജിതരയിനത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന വ്യക്തിയെ ‘സർഗ്ഗപ്രതിഭ’ ആയും തിരഞ്ഞെടുക്കും. ഗ്രൂപ്പ്/വ്യക്തിഗത ഇനങ്ങളിൽ എ ഗ്രേഡ് നേടുന്ന ടീമിന്/ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് യഥാക്രമം 7500/- രൂപ, 3000/- രൂപ എന്നിങ്ങനെ പ്രൈസ് മണി സമ്മാനിക്കും.

കലോത്സവത്തിന് മുന്നോടിയായി 21 ന് വൈകുന്നേരം നാലിന് മുതലക്കുളത്ത് നിന്നും ജൂബിലി ഹാൾ വരെ വിളംബരഘോഷയാത്ര നടക്കും. വൈകീട്ട് ആറിന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുള്ള അവാർഡ് ദാനവും, ഭവന പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി നിർവഹിക്കും. എംഎൽഎമാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, കോഴിക്കോട് മേയർ ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി എന്നിവർ പങ്കെടുക്കും. ട്രാൻസ്‌ജെൻഡർ മേഖലയിലെ വിശിഷ്ട സംഭാവനകൾക്ക് അദ്രിജ പണിക്കർ, അഡ്വ. പത്മ ലക്ഷ്മി എന്നിവരെ ആദരിക്കും.

ആഗസ്റ്റ് 23ന് വൈകുന്നേരം 6 ന് വർണ്ണപ്പകിട്ട് കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. ചടങ്ങിന്റെ ഉദ്ഘാടനവും സമ്മാനദാനവും മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും.

വർണ്ണപ്പകിട്ടിന് അനുബന്ധമായി നടന്ന ഹ്രസ്വചിത്ര മത്സരത്തിൽ ട്രാൻസ് ഫോട്ടോ ജേണലിസ്റ്റ് ഹർഷ് സംവിധാനം ചെയ്ത ‘ബത്തക്ക ഹൃദയം തുന്നാൻ പോണ്’ ഒന്നാംസ്ഥാനം നേടി. അഖിൽ ശിവപാൽ സംവിധാനം ചെയ്ത ‘ഭാവയാമി’ രണ്ടാംസ്ഥാനവും, റോസ്‌ന ജോഷി സംവിധാനം ചെയ്ത ‘മറുജന്മം’ മൂന്നാം സ്ഥാനവും നേടി.

കലോത്സവത്തോടനുബന്ധിച്ച് കലാ/കായികം, സാഹിത്യം, വിദ്യാഭ്യാസം, സംരംഭകത്വം എന്നീ മേഖലകളിൽ കഴിവു തെളിയിച്ച ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും, മികച്ച പ്രവർത്തനം കാഴ്ചവച്ച സ്ഥാപനങ്ങൾക്കും പുരസ്‌കാരങ്ങൾ നൽകും.

കല: തൻവി സുരേഷ് (എറണാകുളം), കായികം: ഷിയ (വയനാട്), വിദ്യാഭ്യാസം: ലിബിൻ നാഥ് പി ടി (കോഴിക്കോട്), സംരംഭകത്വം: നവമി എസ് ദാസ് (കൊല്ലം), സംഘടന (CBO/NGO): സഹയാത്രിക (തൃശൂർ), തദ്ദേശസ്വയംഭരണ സ്ഥാപനം: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പുരസ്‌ക്കാരത്തിന് അർഹരായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com