Tuesday, June 9, 2026
Homeകേരളംപാർട്ടിയല്ല, ചതിയൻ നേതൃത്വം തോൽക്കണം എന്ന് കരുതുന്ന സി.പി.എമ്മുകാരാണ് വോട്ട് ചെയ്ത് വിമതകലാപം ഉയർത്തിയത്-ഡോ. ആസാദ്.

പാർട്ടിയല്ല, ചതിയൻ നേതൃത്വം തോൽക്കണം എന്ന് കരുതുന്ന സി.പി.എമ്മുകാരാണ് വോട്ട് ചെയ്ത് വിമതകലാപം ഉയർത്തിയത്-ഡോ. ആസാദ്.

മലപ്പുറം: ജനങ്ങളെ കബളിപ്പിച്ചു ജനങ്ങളിൽനിന്നുതന്നെ പണവും വിശ്വാസവും സമ്മിതിയും നേടി നേതാക്കളുടെ ജീവിതം മനോഹരമാക്കുന്ന കലയായി സി.പി.എമ്മിലെ കണ്ണൂർ നേതാക്കൾ സ്വന്തം പാർട്ടിയെ മാറ്റിയതായി ഇടതുനിരീക്ഷകൻ ഡോ. ആസാദ്.

കൊലയാളികളെയും ക്വട്ടേഷൻ സംഘങ്ങളെയും സംരക്ഷിക്കാനും നിയമത്തെ കടലാസുപോലെ കശക്കിയെറിയാനും പോന്ന കരുതലും കരുത്തുമാണ് നിലവിൽ പാർട്ടിയുടെ സവിശേഷതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഇപ്പോൾ പാർട്ടിയെ സംബന്ധിച്ച രഹസ്യങ്ങളുടെ താക്കോൽ അങ്ങാടിയിൽ കിട്ടുമെന്നായിട്ടുണ്ട്.

പാർട്ടിയുടെ മറവിൽ നടന്ന കൊള്ളയും കൊലയും കുതികാൽവെട്ടും പണംതട്ടിപ്പും സ്വജനപക്ഷപാതവും അധികാരാർത്തിയും അഴിമതിയും പുറത്തറിഞ്ഞുതുടങ്ങി.

മഹാന്മാരും ആദർശധീരരുമായ നേതാക്കൾ നയിച്ച പ്രസ്ഥാനത്തെ ദുർവൃത്തികളുടെ പാതയിലേക്ക് വലിച്ചിടാൻ കാൽനൂറ്റാണ്ടിലേറെ നേതൃസ്ഥാനത്തിരുന്ന് പിണറായി വിജയൻ എന്ന ഒറ്റക്കൊമ്പനും ചില വിനീത കാര്യസ്ഥരും നടത്തിയ ഒളിവൃത്തികളുടെ ഇരുണ്ട അറകളാണ് തുറക്കപ്പെടുന്നത്.

കാലം ഇപ്പോൾ കണക്കു ചോദിച്ചു തുടങ്ങിയിരിക്കുന്നു. കേസുകൾ ഓരോന്നായി പൊന്തി വരുന്നുണ്ട്.

പാർട്ടിക്കകത്ത് വിയോജിപ്പുകൾ പൊങ്ങുന്നതും ചിലർ ഇറങ്ങിവന്ന് മത്സരിച്ച് പാർട്ടി കോട്ടയിൽ പാർട്ടിയെ തോൽപ്പിക്കുന്നതും നാം കണ്ടു.

തോൽക്കുന്നത് പാർട്ടിയാവരുത് ഇപ്പോഴത്തെ ചതിയൻ നേതൃത്വമാവണം എന്ന് കരുതുന്ന ലക്ഷക്കണക്കായ പാർട്ടി പ്രവർത്തകരും അനുഭാവികളുമാണ് വോട്ട് ചെയ്ത് വിമതകലാപം ഉയർത്തിയിരിക്കുന്നത്.

അതിന്റെ സന്ദേശം ഉൾക്കൊണ്ട് മുകളിൽനിന്ന് ആരെങ്കിലും തിരുത്തുമെന്ന് പ്രതീക്ഷിക്കവയ്യ.

പിണറായി വിജയന്റെ നേർത്ത തെറ്റുപോലും ബോദ്ധ്യപ്പെടാത്ത അന്ധനേതാവാണ് എം.എ. ബേബി.

ഇനിയും തിരുത്തൽ നടത്താൻ വിമതകലാപങ്ങളും വീണ്ടെടുപ്പുകളും പ്രതീക്ഷിക്കാം. കമ്യൂണിസ്റ്റ് പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ലെന്ന് അടിത്തട്ട് കമ്യൂണിസ്റ്റുകാർ പിണറായിയോടും സേവകപ്പരിഷകളോടും പറയുന്നത് കേരളം കേൾക്കുന്നു’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:
ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല എന്ന് വെല്ലുവിളിപോലെ വിളിച്ചുപറഞ്ഞ നേതാവ് പിണറായി വിജയനാണ്.

അതിനു മുമ്പ് അങ്ങനെ ആരും പറഞ്ഞിട്ടില്ല.
എ കെ ജിയോ
ഇ എം എസ്സോ
സി എച്ച് കണാരനോ
എ വി കുഞ്ഞമ്പുവോ
ഇമ്പിച്ചിബാവയോ
വി എസ്സോ ബാലാനന്ദനോ
കെ എൻ രവീന്ദ്രനാഥോ
ലോറൻസോ പറഞ്ഞിട്ടില്ല.
അവരെല്ലാം പാർട്ടിയെ ജനങ്ങളറിയുന്ന ജനങ്ങളുടെ പാർട്ടിയാക്കാൻ പാടുപെട്ടവരാണ്. ജീവിതം സമർപ്പിച്ചവരാണ്.

ഒരുതരം ഗൂഢാത്മക പ്രയോഗമായി പാർട്ടി പ്രവർത്തനത്തെ മാറ്റിയെന്നത് ഇങ്ങനെ അഭിമാനപൂർവ്വം വിളിച്ചുപറയുകകൂടി ചെയ്യുന്നു പിണറായി.

പാർട്ടിക്ക് പരസ്യമായ ഒരു മുഖവും രഹസ്യമായ അറയുമുണ്ടെന്ന് വരുന്നു. ഒളിവൃത്തികളുടെ ഇടമുണ്ട് പിറകിലെന്ന് ഒരു രാഷ്ട്രീയപാർട്ടി സ്വയം മേനി നടിക്കുന്നു.

വിപ്ലവത്തിന്റെ രണ്ടു രേഖകൾ സൂക്ഷിച്ചിരുന്ന സൈനികപാർട്ടിയുടെ ചിട്ടയുണ്ടായിരുന്നു പണ്ട്. കൽക്കത്താ തീസിസിന്റെ ഭാരം ഒഴിയുന്ന കാലത്തെ നയരേഖയിൽ അതു പറയുന്നുമുണ്ട്. വിപ്ലവത്തിന്റെ ബലതന്ത്രം ഒളിപ്പിച്ച രഹസ്യരേഖയെപ്പറ്റി.

പക്ഷേ പിന്നീട് അത് ഉപേക്ഷിച്ചു. ബഹുജന പാർട്ടിയായി ജനാധിപത്യ പാർലമെന്ററി വ്യവസ്ഥയുടെ ചിട്ടകളിലേക്ക് പരുവപ്പെട്ടു.

ജനങ്ങളറിയാത്ത ഒരു അകവും പാർട്ടിക്ക് ഇല്ലാതായി. പാർട്ടിയുടെ രേഖകൾ ആർക്കും ലഭിക്കുന്നു. പാർട്ടി കോൺഗ്രസ് മിനുട്സും രണ്ടു കോൺഗ്രസ്സുകൾക്കിടയിലെ സംഘടനാപരവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളുടെ വിശദാംശവും അച്ചടിച്ചു വിതരണം ചെയ്യുന്നു. പ്രമേയങ്ങളും തീരുമാനങ്ങളും അംഗത്വവിവരവും പുറത്തുവിടുന്നു. പിന്നെയും ചിലത് ഒളിക്കാനുണ്ടെന്ന് പിണറായി വിജയന്റെ കാലത്താണ് നേതൃത്വത്തിന് തോന്നുന്നത്.

ഇപ്പോൾ പാർട്ടിയെ സംബന്ധിച്ച രഹസ്യങ്ങളുടെ താക്കോൽ അങ്ങാടിയിൽ കിട്ടുമെന്നായിട്ടുണ്ട്.

പാർട്ടിയുടെ മറവിൽ നടന്ന കൊള്ളയും കൊലയും കുതികാൽവെട്ടും പണംതട്ടിപ്പും സ്വജനപക്ഷപാതവും അധികാരാർത്തിയും അഴിമതിയും പുറത്തറിഞ്ഞുതുടങ്ങി.

മഹാന്മാരും ആദർശധീരരുമായ നേതാക്കൾ നയിച്ച പ്രസ്ഥാനത്തെ ദുർവൃത്തികളുടെ പാതയിലേക്ക് വലിച്ചിടാൻ കാൽനൂറ്റാണ്ടിലേറെ നേതൃസ്ഥാനത്തിരുന്ന് പിണറായി വിജയൻ എന്ന ഒറ്റക്കൊമ്പനും ചില വിനീത കാര്യസ്ഥരും നടത്തിയ ഒളിവൃത്തികളുടെ ഇരുണ്ട അറകളാണ് തുറക്കപ്പെടുന്നത്. ചുക്കും ചുണ്ണാമ്പുമൊക്കെ ചിതറിത്തെറിച്ചു തുടങ്ങിയിട്ടുണ്ട്.

കണ്ണൂരിലെ രാഷ്ട്രീയഗൂഢവൃത്തികളുടെ ജീർണവാടയാണ് എങ്ങും പരന്നത്. കുറ്റകൃത്യങ്ങളെ സാധാരണകൃത്യമാക്കി പരുവപ്പെടുത്തുന്ന കലയാണ് രാഷ്ട്രീയം എന്ന ‘വിപ്ലവ’ചിന്തയാണ് കണ്ണൂർ പാർട്ടിയുടെ ആദരണീയ തത്വം.

കൊലയാളികളെയും ക്വട്ടേഷൻ സംഘങ്ങളെയും സംരക്ഷിക്കാനും നിയമത്തെ കടലാസുപോലെ കശക്കിയെറിയാനും പോന്ന കരുതലും കരുത്തുമാണ് ‘നിങ്ങൾക്ക് ഒരു ചുക്കുമറിയാത്ത’ പാർട്ടിയുടെ ഒരു സവിശേഷത.

ജനങ്ങളെ കബളിപ്പിച്ചു ജനങ്ങളിൽനിന്നുതന്നെ പണവും വിശ്വാസവും സമ്മിതിയും നേടി നേതാക്കളുടെ ജീവിതം മനോഹരമാക്കുന്ന കലയായി കണ്ണൂർ നേതാക്കൾ സ്വന്തം പാർട്ടിയെ മാറ്റി.

ഒരു കമ്യൂണിസ്റ്റ് പാർട്ടിയിൽ ഇത്രത്തോളം സംഭവിക്കുമോ? അതെങ്ങനെ സാധിച്ചു? തോണ്ണൂറുകളിൽ ശക്തിപ്പെട്ട വിഭാഗീയതയും വെട്ടിനിരത്തലും സി പി എമ്മിന്റെ സംഘടനാ ആരോഗ്യത്തെ ദുർബ്ബലമാക്കി. തൊഴിലാളി കർഷക രാഷ്ട്രീയം വേർതിരിഞ്ഞു പൊരുതി. അതിനിടയിലൂടെ രാഷ്ട്രീയ സാക്ഷരതയില്ലാത്ത ചില നേതാക്കൾ മുകളിൽ നുഴഞ്ഞു കയറി.

തീരെ യോഗ്യതയില്ലാതെ ലഭിച്ച നേതൃപദവി നിരന്തരവും ‘സമാധാനപരവുമായ’ വെട്ടിനിരത്തലുകൾക്കും സ്വജന അടിമനേതാക്കളെ സൃഷ്ടിക്കുന്നതിലും ചെന്നെത്തി. വർഗരാഷ്ട്രീയക്കൂറുള്ള സമരോത്സുക നേതാക്കളെയെല്ലാം തട്ടിക്കൊഴിച്ച് ഒരു സമരപാരമ്പര്യവുമില്ലാത്ത, ഒട്ടും മാർക്സിസ്റ്റല്ലാത്ത വിദ്യാർത്ഥി നേതാക്കളെ തലപ്പത്തെത്തിച്ചു.

ഒരു ബഹുജന വിപ്ലവ പാർട്ടിയെ തന്റെ സേവകപ്പാർട്ടിയാക്കി പിണറായി വിജയൻ മാറ്റി. കെ എൻ രവീന്ദ്രനാഥ് മുതൽ സി കെ പിവരെയുള്ള യോഗ്യരായ ഒന്നാംനിര നേതാക്കളെയും സുരേഷ് കുറുപ്പ് മുതൽ കെ പി സതീഷ്ചന്ദ്രൻ വരെയുള്ള രണ്ടാം നിര നേതാക്കളെയും തന്റെ ലക്ഷ്യങ്ങളുടെ ശത്രുവായി കണ്ട് പിണറായി താഴെ തളച്ചു.

അധികാരം ഏത് ദുർവൃത്തിയുടെ സാധൂകരണത്തിനും മറയാക്കാൻ പഠിച്ച നേതാവാണ് പിണറായി. പണമോ പദവിയോ വിധേയത്വമോ സ്വാധീനമോ തരാതരം ഉപയോഗിച്ച് ഡോളർകടത്ത് മുതൽ മാസപ്പടിവരെ മറച്ചുവെച്ചു.

ലാവ് ലിൻ കേസ് നാൽപ്പതോളം തവണ മാറ്റിവെച്ചുകഴിഞ്ഞു. തന്റെ കാലശേഷമേ അത് വിചാരണക്കു വരൂ എന്ന ഉറപ്പ് അയാൾ നേടി.

വാടിക്കൽ മുതൽ ടി പിവരെ എണ്ണമറ്റ കൊലപാതകങ്ങളിലൂടെ കുറ്റവും വിചാരണയും ശിക്ഷയുമെല്ലാം സ്വയം നിശ്ചയിക്കാൻ പോന്ന ദുർമൂർത്തിയായി വളർന്നു.

പാർട്ടി നടത്തിയ കൊലപാതകങ്ങളിൽ നിയമപരിരക്ഷ ഉറപ്പാക്കാൻ പൊതുഖജനാവിലെ പണം ധൂർത്തടിച്ചു. അധികാരത്തിലിരിക്കെ അതിന്റെ എല്ലാ പ്രമത്തതയിലും സൗജന്യംപറ്റികളായി തന്റെ കുടുംബത്തെ കൂടെയിരുത്തി.

ഒരു മഹത്തായ പാർട്ടിയെ പൊതുസമൂഹത്തിനു മുന്നിൽ നാണംകെടുത്തി.

കാലം ഇപ്പോൾ കണക്കു ചോദിച്ചു തുടങ്ങിയിരിക്കുന്നു. കേസുകൾ ഓരോന്നായി പൊന്തി വരുന്നുണ്ട്. പാർട്ടിക്കകത്ത് വിയോജിപ്പുകൾ പൊങ്ങുന്നതും ചിലർ ഇറങ്ങിവന്ന് മത്സരിച്ച് പാർട്ടി കോട്ടയിൽ പാർട്ടിയെ തോൽപ്പിക്കുന്നതും നാം കണ്ടു.

തോൽക്കുന്നത് പാർട്ടിയാവരുത് ഇപ്പോഴത്തെ ചതിയൻ നേതൃത്വമാവണം എന്ന് കരുതുന്ന ലക്ഷക്കണക്കായ പാർട്ടി പ്രവർത്തകരും അനുഭാവികളുമാണ് വോട്ട് ചെയ്ത് വിമതകലാപം ഉയർത്തിയിരിക്കുന്നത്. അതിന്റെ സന്ദേശം ഉൾക്കൊണ്ട് മുകളിൽനിന്ന് ആരെങ്കിലും തിരുത്തുമെന്ന് പ്രതീക്ഷിക്കവയ്യ.

പിണറായി വിജയന്റെ നേർത്ത തെറ്റുപോലും ബോദ്ധ്യപ്പെടാത്ത അന്ധനേതാവാണ് അഖിലേന്ത്യാ സെക്രട്ടറി ബേബി.

ഇനിയും തിരുത്തൽ നടത്താൻ വിമതകലാപങ്ങളും വീണ്ടെടുപ്പുകളും പ്രതീക്ഷിക്കാം. കമ്യൂണിസ്റ്റ് പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ലെന്ന് അടിത്തട്ട് കമ്യൂണിസ്റ്റുകാർ പിണറായിയോടും സേവകപ്പരിഷകളോടും പറയുന്നത് കേരളം കേൾക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com