തിരുവനന്തപുരം: അതിശക്തമായ ഭരണവിരുദ്ധ തരംഗത്തില്‍ ചെങ്കോട്ടകളിലടക്കം കടന്നുകയറി വൻ വിജയം കൈവരിച്ച് യുഡിഎഫ്. ആകെയുള്ള 140 മണ്ഡലങ്ങളില്‍ 102 ഇടത്തും ആവേശോജ്ജ്വല വിജയം സ്വന്തമാക്കി യുഡിഎഫ് അധികാരം പിടിച്ചു. എല്‍ഡിഎഫ് കനത്ത തിരിച്ചടിയേറ്റ ക്ഷീണത്തിലാണ്.
ഇതിനെല്ലാം ഇടയില്‍ സംസ്ഥാന നിയമസഭയില്‍ പൂട്ടിയ അക്കൗണ്ടും തുറന്നതിനൊപ്പം രണ്ട് സീറ്റുകളില്‍ കൂടി വിജയം കൈവരിച്ചിരിക്കുകയാണ് എൻഡിഎ. നേമം, കഴക്കൂട്ടം, ചാത്തന്നൂർ – മൂന്നിടത്തും വിജയിച്ചത് ബിജെപി. നിരവധി സീറ്റുകളില്‍ ശക്തമായ പോരാട്ടവും കാഴ്ചവെച്ചു. എന്നാല്‍ മുഖ്യസഖ്യകക്ഷിയായ ട്വൻ്റി-20ക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് എൻഡിഎയുടെ തിളക്കമേറിയ വിജയത്തിൻ്റെ നിറം മായ്ക്കുന്നത്.
ബിജെപിക്ക് ശക്തമായ വോട്ടുള്ള പല മണ്ഡലത്തിലും ട്വൻ്റി20 സ്ഥാനാർത്ഥികള്‍ക്ക് 2021-ല്‍ കിട്ടിയ വോട്ട് പോലും നേടാനായില്ല. ബിജെപി മത്സരിച്ചുകൊണ്ടിരുന്ന പ്രധാന മണ്ഡലങ്ങളടക്കം ഇക്കുറി ട്വന്റി-20ക്ക് വിട്ടു നല്‍കിയതിലൂടെ ബിജെപി വോട്ടുകളില്‍ ചോർച്ചയുണ്ടായെന്നാണ് വിലയിരുത്തല്‍. അതിനുപുറമെ എൻഡിഎ മുന്നണി പ്രവേശനത്തോടെ ട്വന്റി-20 യുടെ അടിസ്ഥാന വോട്ടുകളില്‍ വിള്ളലുണ്ടായെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.



