‘യാത്രക്കാർ ദയവായി ശ്രദ്ധിക്കുക! ഒരു അതിവേഗ തീവണ്ടി ഉടൻ കടന്നുപോകുന്നുണ്ട്. യാത്രക്കാർ റെയിൽവേ ട്രാക്കുകൾ മുറിച്ചുകടക്കുകയോ പ്ലാറ്റ്ഫോമിൻ്റെ അരികിൽ നിൽക്കുകയോ ചെയ്യരുത്…’ സ്റ്റേഷനുകളിൽ നിർത്താതെ (സ്റ്റോപ്പ് ഇല്ലാത്ത) പോകുന്ന തീവണ്ടികൾ വരുമ്പോഴും റെയിൽവേ അനൗൺസ്മെൻ്റ് നിർബന്ധമാക്കി. വർധിച്ചുവരുന്ന അപ്രതീക്ഷിത അപകടങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യം.
നിലവിൽ ഒരു വണ്ടി പ്ലാറ്റ്ഫോമിൽ വരുമ്പോൾ അറിയിപ്പ് നൽകാറുണ്ട്. എന്നാൽ സ്റ്റോപ്പില്ലാത്ത വണ്ടികൾ കടന്നുപോകുമ്പോഴുള്ള അറിയിപ്പ് റെയിൽവേ വ്യാപകമാക്കുന്നത് ആദ്യമായിട്ടാണ്.
ഒരു പ്ലാറ്റ്ഫോമിൽനിന്ന് മറ്റൊന്നിലേക്ക് മാറുന്നതിന് കാൽനട മേൽപ്പാലം (ഫുട്ട് ഓവർ ബ്രിഡ്‌ജ്) ഉപയോഗിക്കാൻ യാത്രക്കാരോട് അഭ്യർഥിക്കുന്നതടക്കം അനൗൺസ്മെൻ്റിൽ വേണമെന്ന് ഉത്തരവിൽ പറയുന്നു. ഒരു പ്ലാറ്റ്ഫോമിൽനിന്ന് മറ്റൊന്നിലേക്ക് എത്താൻ പാളം മുറിച്ചുകടക്കുന്ന പ്രവണത ഒഴിവാക്കാനാണിത്. റെക്കോഡ് ചെയ് അറിയിപ്പ് ശബ്ദദം സിഗ്‌നൽ ആൻഡ് ടെലികോം വകുപ്പിൽനിന്ന് നൽകും.
അപകട മരണങ്ങൾ ഞെട്ടിക്കുന്നു
പാലക്കാട് ഡിവിഷനിൽ മാത്രമുള്ള തീവണ്ടി തട്ടിയ സംഭവങ്ങളുടെ എണ്ണം തന്നെ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞവർഷം 433 അപകടമാണ് നടന്നത്. 322 പേർ മരിച്ചു. 111 പേർക്ക് പരിക്കേറ്റു. ഇതിൽ 183 എണ്ണം റെയിൽപ്പാളം മുറിച്ചുകടക്കുമ്പോഴുണ്ടായ അപകടമാണ്. 158 പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. 102 പേരുടേത് ആത്മഹത്യയായിട്ടാണ് കണക്കുന്നത്.
തീവണ്ടി പുറപ്പെടുമ്പോൾ ഓടിക്കയറിയും ഇറങ്ങിയും കഴിഞ്ഞവർഷം പ്ലാറ്റ്ഫോമിനും തീവണ്ടിക്കും ഇടയിൽ 14 പേർ വീണു. നാലുപേർ മരിച്ചു. 10 പേർക്ക് സാരമായ പരിക്കേറ്റു. 86 പേരാണ് ഈ കാലയളവിൽ തീവണ്ടിയിൽനിന്ന് വീണത്. 26 പേർ മരിച്ചു. 61 പേർക്ക് പരിക്കേറ്റു.
2024-ൽ 480 അപകടങ്ങളാണ് നടന്നത്. തീവണ്ടികളിൽനിന്നും പാളത്തിൽനിന്നും വീണ 80 സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇതിൽ 28 പേർ മരിച്ചു. പ്ലാറ്റ്ഫോമിന് ഉള്ളിലേക്ക് ഒൻപത് പേർ വീണു. നാലുപേർ മരിച്ചു.
2023-ൽ 492 അപകടങ്ങളിൽ 353 പേർ മരിച്ചു. തീവണ്ടിയിൽനിന്ന് വീണ 112 പേരിൽ 35 പേർ മരിച്ചു. പ്ലാറ്റ്ഫോമിനിടയിലേക്ക് വീണ 10 പേരിൽ ഒരാൾ മരിച്ചു.



