കേരളത്തില്‍ സ്വര്‍ണവിലയില്‍ മുന്നേറ്റം. ഇന്നലെ വലിയ തോതില്‍ വില ഇടിഞ്ഞതിന് പിന്നാലെയാണ് ഇന്നത്തെ കുതിപ്പ്. ഓരോ ദിവസവും വിലയില്‍ മാറ്റം വരുമ്പോള്‍ ചാഞ്ചാടുകയാണ് സ്വര്‍ണം. ചില ദിവസങ്ങളില്‍ വില കുതിക്കുമ്പോള്‍ മറ്റു ദിവസങ്ങളില്‍ വില ഇടിയുകയാണ്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വില കുറയുന്ന ദിവസം അവസരം മുതലെടുക്കുകയാണ് പോംവഴി.
ഇന്ന് 880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ 4000 മുതല്‍ 4100 വരെയുള്ള ഡോളറിന് ഇടയിലാണ് വ്യാപാരം. ഇവിടെ ഏറ്റക്കുറച്ചില്‍ അനുഭവപ്പെടുന്നതിന് അനുസരിച്ചാണ് കേരളത്തിലും വില മാറ്റം സംഭവിക്കുന്നത്. അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ പലിശ പ്രഖ്യാപനത്തില്‍ വ്യത്യസ്ത അഭിപ്രായം വന്നതാണ് സ്വര്‍ണത്തിലും വില മാറ്റത്തിന് ഇടയാക്കുന്നത്.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 91560 രൂപയാണ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം പവന് 720 രൂപ വര്‍ധിച്ച് 75320 രൂപയായി. 14 കാരറ്റ് സ്വര്‍ണം പവന് 58680 രൂപയായിട്ടുണ്ട്. 9 കാരറ്റ് സ്വര്‍ണം പവന് 37840 രൂപയുമായി. അതേസമയം, വെള്ളിയുടെ ഗ്രാം വില 163 രൂപയായി വര്‍ധിച്ചു.
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 110 രൂപ വര്‍ധിച്ച് 11445 രൂപയായി. 18 കാരറ്റ് ഗ്രാമിന് 90 രൂപ വര്‍ധിച്ച് 9415 രൂപയായി. 14 കാരറ്റ് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 7335 രൂപയിലെത്തി. അതേസമയം, 9 കാരറ്റ് ഗ്രാമിന് 45 രൂപ വര്‍ധിച്ച് 4730 രൂപയായി. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4070 ഡോളറാണ് നിലവിലെ വില. വ്യാപാരം തുടരുന്നതിനാല്‍ ഈ നിരക്കില്‍ മാറ്റം വന്നക്കും.
രാജ്യാന്തര വിപണിയിലെ സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവ ഒത്തുനോക്കിയാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണവില ഓരോ ദിവസവും നിശ്ചയിക്കുന്നത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ സ്വര്‍ണവില കേരളത്തിലാണ്. ഇവിടെ രേഖപ്പെടുത്തനിലേക്കാള്‍ നേരിയ മാറ്റം മറ്റു സംസ്ഥാനങ്ങളിലുണ്ടാകാറുണ്ട്.
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 89080 രൂപയായിരുന്നു. ഏറ്റവും കൂടിയത് 94320 രൂപയും. ഈ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 3760 രൂപ കുറവാണ്. മൂന്ന് മാസങ്ങള്‍ക്കകം സ്വര്‍ണവില വീണ്ടും ഉയരുമെന്നാണ് വിപണിയിലെ വിദഗ്ധരുടെ പ്രവചനം. അതുകൊണ്ടുതന്നെ സ്വര്‍ണം ആവശ്യമുള്ളവര്‍ വില കുറയുന്ന ദിവസം വാങ്ങുകയോ അഡ്വാന്‍സ് ബുക്ക് ചെയ്യുകയോ ആണ് ഉചിതം.



