പത്തനംതിട്ട: ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ. സ്‌പോട്ട് ബുക്കിങ് 20,000 ആയി പരിമിതപ്പെടുത്തി. പമ്പയില്‍ എത്തിക്കഴിഞ്ഞാല്‍ ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഭക്തര്‍ക്ക് മടങ്ങിപോകാൻ സാഹചര്യമൊരുക്കും.
കൂടുതലായി എത്തുന്നവര്‍ക്ക് അടുത്ത ദിവസം ദര്‍ശനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. ഭക്തര്‍ക്ക് തങ്ങാന്‍ നിലയ്ക്കലില്‍ സൗകര്യമൊരുക്കും. മരക്കൂട്ടം, ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്‌സുകള്‍ കൂടുതല്‍ കൂടുതൽ ജീവനക്കാരെ നിയോഗിക്കും.
ക്യൂ കോംപ്ലക്സുകളിൽ എല്ലായിടത്തും ഭക്തർക്ക് കുടിവെള്ളം ഉറപ്പാക്കും. കുടിവെള്ളത്തിന് പുറമെ ലഘുഭക്ഷണവും ചുക്കു കാപ്പിയും നൽകും. തിരക്ക് നിയന്ത്രിക്കുന്നതിനായി തൃശൂരിൽ നിന്നുള്ള എൻഡിആര്‍എഫിന്‍റെ ആദ്യ സംഘം സന്നിധാനത്ത് എത്തി. ചെന്നൈയിൽ നിന്നുള്ള അടുത്ത സംഘം വൈകിട്ടോടെ എത്തും.അതേസമയം, സന്നിധാനം ഇന്ന് എല്ലാം സാധാരണനിലയിലാണ്. ഇന്ന് നട തുറന്നത് മുതൽ സുഗമമായി ഭക്തർ ദർശനം നടത്തുന്നുണ്ട്. സന്നിധാനത്തെ തിരക്ക് പരിഗണിച്ച് മാത്രമാണ് നിലക്കലിൽ നിന്ന് പമ്പയിലേക്ക് തീർത്ഥടകരെ കടത്തി വിടുന്നത്. ശബരിമലയിലെത്തിയ എൻഡിആര്‍എഫിന്‍റെ ആദ്യ സംഘം ഇന്ന് ചുമതല ഏറ്റെടുക്കും.ശബരിമലയിലേക്കുള്ള ശരണപാതയിലും രാവിലെ മുതൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. പമ്പയിലെയും സന്നിധാനത്തെയും തിരക്കൊഴിവാക്കാൻ നിലയ്ക്കൽ മുതൽ തീർത്ഥാടക വാഹനങ്ങൾ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്.
പമ്പയിൽ താൽകാലികമായി സ്പോട്ട് ബുക്കിങ് നിർത്തി. നിലയ്ക്കലിൽ ബുക്കിംഗ് കേന്ദ്രങ്ങൾ തുറന്നു. വെർച്ചൽ ക്യൂ ബുക്ക് ചെയ്തവർക്ക് മാത്രം നിലയ്ക്കൽ നിന്ന് പമ്പയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.



