തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് (ബി.പി.എല്‍) മാറ്റാന്‍ വീണ്ടും അവസരം. മുൻഗണനേതര വിഭാഗത്തിൽപ്പെട്ട വെള്ള, നീല റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിന് നവംബർ 17 മുതൽ ഓൺലൈനായി അപേക്ഷിക്കാം.
അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനാവും.
പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം വെള്ളകാര്‍ഡാണ് നല്‍കുക. പിന്നീട്, വരുമാന വിവരങ്ങളും കുടുംബസാഹചര്യങ്ങളും വെളിപ്പെടുത്തി മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാനാവും.
ഇത്തരത്തിൽ മാറ്റുന്നതിനാണ് നിലവിൽ അവസരമൊരുങ്ങുന്നത്. രണ്ടാം എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം തരം മാറ്റിയതും പുതിയതുമുൾപ്പെടെ 6.5 ലക്ഷത്തിലധികം മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തതായാണ് കണക്കുകൾ.
വൃക്ക, കരൾ, ഹൃദ്രോഗമുള്ളവർ, കാൻസർ ബാധിതർ എന്നിവർക്ക് അപേക്ഷ ലഭിച്ച് 24 മണിക്കൂറിനകം പരിശോധന പൂർത്തിയാക്കി കാർഡുകൾ ലഭ്യമാക്കാനാണ് ശ്രമമെന്ന് അധികൃതർ വ്യക്തമാക്കി. മതിയായ രേഖകൾ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.



