ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ ഹോം ഗാർഡ് മരിച്ചു. കാഞ്ഞിലേരി മൊളൂർ സ്വദേശി പ്രഭാകരൻ (58) ആണ് മരിച്ചത്. കുഴഞ്ഞ് വീണ ഉടൻ നാട്ടുകാരും ബസ് തൊഴിലാളികളും പൊലിസും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും നില ഗുരുതരമായതിനെ തുടർന്ന് പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം ആംബുലൻസിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മറ്റൊരു സംഭവത്തിൽ പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. അന്വേഷണം ആരംഭിച്ച് പൊലീസ്. പെരുമ്പാവൂരിലെ ഭായി കോളനിക്ക് സമീപത്തെ പാടശേഖരത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറീസ സ്വദേശി ആണെന്നാണ് പ്രാഥമിക നിഗമനം.
അമിതമായ ലഹരി ഉപയോഗമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ലഹരി കുത്തിവക്കുന്നതിന് ഉപയോഗിക്കുന്ന സിറിഞ്ച്, ലഹരി വസ്തുക്കൾ സൂക്ഷിക്കുന്ന ഡപ്പികൾ എന്നിവ മൃതദേഹത്തിന് സമീപം കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നു വരികയാണ്.



