കൊണ്ടോട്ടി : മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി കാര്യാലയത്തിൽ ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായപ്പോൾ കേരളത്തിൽ അവസരംകിട്ടിയത് 8530 പേർക്ക്. സൗദി ഔദ്യോഗികമായി ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ട നിശ്ചയിക്കാത്തതിനാൽ ഒരുലക്ഷംപേരെ കണക്കാക്കിയാണ് നറുക്കെടുപ്പ് നടന്നത്.
ഹജ്ജ് നയപ്രകാരം പ്രഥമ പരിഗണന ലഭിക്കുന്ന 65 വയസ്സിനു മുകളിലുവരുടെ വിഭാഗത്തിൽ അപേക്ഷിച്ച എല്ലാവരെയും തിരഞ്ഞെടുത്തു.
മെഹ്റമില്ലാത്ത വനിതകളുടെ വിഭാഗത്തിൽ അപേക്ഷിച്ച 3620 പേരിൽ നറുക്കെടുപ്പിലൂടെ 58 പേരൊഴികെ എല്ലാവർക്കും അവസരം ലഭിച്ചു. കേരളത്തിന് കൂടുതൽ സീറ്റുകൾ ലഭിക്കുമ്പോൾ ആദ്യ പരിഗണന ഈ വിഭാഗത്തിലെ കാത്തിരിപ്പുപട്ടികയിലുള്ളവർക്കാകും.
കഴിഞ്ഞവർഷം കാത്തിരിപ്പുപട്ടികയിലായവർ, പൊതുവിഭാഗം എന്നീ ക്രമത്തിലാകും മുൻഗണന നൽകുക. നറുക്കെടുപ്പ് സംബന്ധിച്ച വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.



