തിരുവനന്തപുരം: മുഹറം അവധിയിൽ മാറ്റമില്ല. നേരത്തെ തയ്യാറാക്കിയ കലണ്ടർ പ്രകാരം ജുലൈ 6 ഞായറാഴ്ച തന്നെയായിരിക്കും മുഹറം അവധി. മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന നേരത്തെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.എന്നാൽ തിങ്കളാഴ്ച അവധിയുണ്ടാകില്ല. ഇസ്ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹറം, ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നതാണ്.
മുഹറം അവധി മാറ്റി നിശ്ചിയിക്കണമെന്ന് ആവശ്യപ്പെട്ട് എസ് വൈ എസ് രംഗത്ത് വന്നിട്ടുണ്ട്. സർക്കാർ കലണ്ടർ പ്രകാരം ഹിജ്റ വർഷം 1447 മുഹറം ഒന്നായി കണക്കാക്കിയിട്ടുള്ളത് 2025 ജൂൺ 27 ആണ്.എന്നാൽ വിശ്വാസികൾ ചന്ദ്രപിറവിയുടെ അടിസ്ഥാനത്തിലാണ് മാസം കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ മാസം നിശ്ചയിച്ചപ്പോൾ ജൂൺ 28 നാണ് ഒന്ന് വന്നിട്ടുള്ളത്.
വിശ്വാസികൾ പ്രാധാന്യം കൽപ്പിക്കുന്ന മുഹറം 10 വരുന്നത് 2025 ജൂലൈ 7 തിങ്കളാഴ്ചയാണ്. ആയതിനാൽ പ്രസ്തുത ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്നും എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.പൊതുവെ ഇത്തരം വിഷയങ്ങളില്‍ മുന്‍ കാലത്തും ഉദാരമായ സമീപനമാണ് സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാറുള്ളത് എന്നതിനാല്‍ തന്നെ ഈ വിഷയത്തിലും അങ്ങനെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.