ദുബായ്: ബലിപെരുന്നാൾ ആഘോഷത്തിനിടെ മലയാളി യുവ എൻജിനീയർ ദുബായിൽ സ്കൂബ ഡൈവിങ്ങിനിടെ അപകടത്തിൽ മരിച്ചത് പ്രവാസി മലയാളി സമൂഹത്തിന് വേദനയായി.
തൃശൂർ വടക്കാഞ്ചേരി വേലൂർ ഒലെക്കേങ്കിൽ വീട്ടിൽ ഐസക് പോള്‍ (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരൻ ഐവിന് പരുക്കേൽക്കുകയും ചെയ്തു. ഭാര്യ രേഷ്മ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ആശുപത്രിയിൽ ചികിത്സയിലുള്ള ഐവിൻ അപകടനില തരണം ചെയ്തതായി ബന്ധു മനോരമ ഓൺലൈനിനോട് പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി യുഎഇയിലുള്ള ഐസക് ദുബായ് അലെക് എൻജീനിയറിങ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ രേഷ്മയും എൻജിനീയറാണ്.
ബലി പെരുന്നാൾ അവധി ദിനമായ വെള്ളിയാഴ്ച രാവിലെ ദുബായ് ജുമൈറ ബീച്ചില്‍ സ്‌കൂബ ഡൈവിങ്ങിനിടെ ഇവർ അപകടത്തിൽപ്പെടുകയായിരുന്നു.
കടൽ, തടാകം പോലുള്ള ജലാശയങ്ങളിൽ ഉപരിതലത്തിൽ നിന്ന് താഴെ വെള്ളത്തിനടിയിൽ ഓക്സിജൻ ടാങ്ക് ഉപയോഗിച്ച് നടത്തുന്ന ആഡംബര സാഹസിക കായികവിനോദമാണ് സ്കൂബ ഡൈവിങ്. അതേസമയം അത്യന്തം ശ്രദ്ധയും പരിശീലനവും ആവശ്യമായ ഇനവുമാണ് ഇത്. എന്നാൽ മൂവർക്കും സ്കൂബ ഡൈവിങ്ങിന് മുൻപ് സ്വിമ്മിങ് പൂളിൽ പരിശീലനം ലഭിച്ചിരുന്നു.
എന്നാൽ ഡൈവിങ്ങിനിടെ ഇവർ അപകടത്തിൽപ്പെട്ടു. ഓക്സിജൻ ലഭിക്കാതെ ഐസക്കിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു എന്ന് പറയുന്നു. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോൾ-ഷീജ ദമ്പതികളുടെ മകനാണ്.
ദുബായ് പൊലീസ് മോർച്ചറിയിലുള്ള മൃതദേഹം പെരുന്നാൾ അവധി കഴിഞ്ഞ് തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന് കരുതുന്നു.



