കോതമംഗലം: മാമലകണ്ടം എളംബ്ലാശ്ശേരി ഊരിലെ അദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പിണവൂർകുടി വെളിയത്തുപറമ്പ് മുത്തനാമുടി ഓമനയുടെ മകൾ മായ കുഞ്ഞുമോൻ (36) ആണ് കൊല്ലപ്പെട്ടത്.
കൂടെ താമസിച്ചിരുന്ന മലയാറ്റൂർ മുളങ്കുഴി ചാരപ്പുറത്ത് ജിജോ ജോൺസണെ (33) പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പോലീസ് സംഭവസ്ഥലത്തുവെച്ച് തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കിടപ്പുമുറിയിൽ തറയിലാണ് മായയുടെ മൃതദേഹം കിടന്നിരുന്നത്. നെറ്റിയിലും മുഖത്തും മർദനമേറ്റ പാടുകളുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി മായയും ജിജോയും തമ്മിൽ തർക്കവും വഴക്കും ഉണ്ടായിരുന്നു. രാത്രി 11-ഓടെ മുറിയിൽെവച്ച് ജിജോ മായയെ അടിച്ചു. പുറത്തേക്ക് ഓടിയ മായയെ മുറ്റത്തുെവച്ചും വലിച്ചിഴച്ച് അകത്തുകൊണ്ടുവന്നും മർദിച്ചതായി പ്രതി പോലീസിനോട് സമ്മതിച്ചു. ഇതേ തുടർന്ന് ബുധനാഴ്ച പുലർച്ചെയോടെ മായ മരിച്ചുവെന്നാണ് പോലീസ് നിഗമനം.മുറിയിലും മുറ്റത്തും രക്തപ്പാടുകളുണ്ട്.
രാവിലെ മായയെ ആശുപത്രിയിൽ കൊണ്ടുപോകാനെന്നു പറഞ്ഞ് ഓട്ടോറിക്ഷ വിളിച്ചുവരുത്തിയിരുന്നു. നിലത്ത് കിടക്കുന്ന മായയെ കണ്ട് സംശയം തോന്നിയ ഓട്ടോ ഡ്രൈവർ വിവരം പഞ്ചായത്ത് അംഗത്തെയും ആശ വർക്കറെയും അറിയിച്ചു.
ഇവർ അറിയിച്ചതനുസരിച്ച് 10.30-ഓടെ പോലീസ് എത്തിയപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായത്. മൃതദേഹത്തിനരികിൽ ജിജോയും ഉണ്ടായിരുന്നു. ഉച്ചയോടെ വിരലടയാള വിദഗ്ധരും സയന്റിഫിക് ടീമും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
കോതമംഗലം അഡീഷണൽ തഹസിൽദാർ സജിമോൻ മാത്യുവിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച പോസ്റ്റ്‌മോർട്ടം നടത്തും. മായയും ജിജോയും രണ്ട് വർഷത്തോളമായി എളംബ്ലാശ്ശേരിയിൽ ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. ഇരുവർക്കും വേറെ ബന്ധത്തിൽ മക്കളുണ്ട്.