പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ ഇന്ന്. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഏഴാം നാളിലാണ് മകം തൊഴൽ. സർവ്വാഭരണ വിഭൂഷിതയായ ചോറ്റാനിക്കര അമ്മയെ ഒരുനോക്ക് കണ്ട് പുണ്യം തേടാൻ പതിനായിരക്കണക്കിന് സ്ത്രീകളാണ് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരുന്നത്. ഉച്ചയ്‌ക്ക് രണ്ട് മുതൽ പത്ത് വരെയാണ് ദേവി ദർശനം. ഒന്നര ലക്ഷത്തോളം ഭക്തർ എത്തിച്ചേരും എന്നാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.
തങ്കഗോളകയും ആഭരണങ്ങളും പട്ടുടയാടകളും താമരമാലയും അണിയിച്ച് നെയ് വിളക്കിന്റെ പ്രഭയിൽ മകം ദർശനം ഉച്ചക്ക് രണ്ടിന് ആരംഭിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി കൊച്ചിൻ ദേവസ്വം ബോർഡ് വ്യക്തമാക്കി. പടിഞ്ഞാറെ നടയിലൂടെയാണ് സ്ത്രീകൾക്ക് ദർശനം സജ്ജമാക്കിയിരിക്കുന്നത്. പുരുഷന്മാരെയും കുടുംബമായി എത്തുന്നവരെയും വടക്കേ പൂരപ്പറമ്പിലൂടെയും പ്രവേശിപ്പിക്കും. 700 ലധികം പോലീസുകാരെയാണ് സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്.ചോറ്റാനിക്കരയിലും പരിസരത്തുമായി ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 10 വരെയാണ് ദർശനത്തിന് അവസരം.
സർവാഭരണ വിഭൂഷിതയായി വരദാഭയ മുദ്രകളോടെ ദേവി വില്വമംഗലം സ്വാമിയാർക്ക് വിശ്വരൂപദർശനം നൽകിയെന്നാണ് ചോറ്റാനിക്കര മകം തൊഴലിന് പിന്നിലെ ഐതീഹ്യം. കുഭമാസത്തിലെ രോഹിണി നാളിൽ കൊടിയേറി ഉത്രം ആറാട്ടായി നടക്കുന്ന ഉത്സവത്തിന്റെ ഏഴാം നാളിലാണ് മകം തൊഴൽ.